NEWS

തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന സൂര്യയുടെ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങൾ; ആരാധകർ നിരാശയിൽ

News

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് സൂര്യ. 'സൂരറൈ പോട്രു', 'ജയ്ബീം',  'എതർക്കും തുണിന്തവൻ', 'വിക്രം' എന്നിങ്ങനെ തുടർന്ന് വൻ വിജയം നേടിയ ചിത്രങ്ങൾ നൽകിയ സൂര്യയുടേതായി        കഴിഞ്ഞ വർഷം, അതായത് 2023-ൽ ഒരു സിനിമ പോലും പുറത്തിറങ്ങിയില്ല. അടുത്ത് സൂര്യയുടേതായി റിലീസാകാനിരിക്കുന്ന ചിത്രം 'കങ്കുവ'യാണ്. ഈ സിനിമയ്ക്കു ശേഷം സൂര്യ അഭിനയിക്കാനിരിക്കുന്ന  ചിത്രങ്ങളെ ക്കുറിച്ചുള്ള വാർത്തകൾ സൂര്യയുടെ ആരാധകരെയും, മറ്റുള്ള സിനിമാ പ്രേമികളെയും     നിരാശരാക്കിയിരിക്കുകയാണ്. കാരണം 'കങ്കുവ'യ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന 'പുറനാനൂറ്' എന്ന സിനിമയിൽ അഭിനയിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. എന്നാൽ സൂര്യക്ക് സുധാ കൊങ്കര ഒരുക്കിയിരിക്കുന്ന തിരക്കഥയിൽ പൂർണ തൃപ്‌തി ഏർപെടാത്തതിനാൽ ഈ  പ്രൊജക്റ്റ് മാറ്റി വെച്ചിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ  മാർച്ച് 18-ന് കാർത്തിക് സുബ്ബരാജ് സംവിധാനത്തിൽ സൂര്യ അഭിനയിക്കുന്ന ഒരു പുതിയ  ചിത്രത്തിൻ്റെ പ്രഖ്യാപനം ആരും പ്രതീക്ഷിക്കാത്ത തരത്തിൽ ഉണ്ടായത്. എന്നാൽ ഈ പ്രഖ്യാപനത്തിന് മുൻപ് സൂര്യ നടത്തിയ ഒരു പ്രസ്താവനയിൽ ലോഗേഷ് കനകരാജുമായുള്ള തന്റെ 'റോളക്സ്' എന്ന ചിത്രം ഉടനെ ഉണ്ടാകുമെന്നും,  അതിന്റെ ഔദ്യോഗിക പ്രഖാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും സൂര്യ പറഞ്ഞിരുന്നു. എന്നാൽ ലോഗേഷ് കനകരാജ് അടുത്ത് രജനികാന്തിനെ നായകനാക്കി താരത്തിന്റെ 171-മത്തെ ചിത്രമാണ് സംവിധാനം ചെയ്യാനിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോഗേഷ് കനകരാജ് ഈയിടെ നൽകിയ ഒരു  അഭിമുഖത്തിൽ രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ശേഷം താൻ 'കൈതി'യുടെ രണ്ടാം ഭാഗമാണ് ഒരുക്കാൻ പോകുന്നത് എന്നും പറഞ്ഞിരുന്നു. അങ്ങിനെയാണെങ്കിൽ സൂര്യയുടെ 'റോളക്സ്' എപ്പോൾ ഉണ്ടാകും എന്ന ചോദ്യമാണ് ആരാധകരുടെ മുന്നിൽ! അതേ സമയം രണ്ടു വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച വെട്രിമാരൻ സംവിധാനം ചെയ്യുന്ന, സൂര്യയുടെ  ചിത്രമായ 'വാടിവാസൽ' എപ്പോൾ തുടങ്ങും എന്നതിനെ കുറിച്ചും ഒരു കൃത്യമായ വിവരമില്ല.
  ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ 'ധ്രുവ നക്ഷത്രം' എന്ന സിനിമയിൽ ആദ്യമായി അഭിനയിക്കാനിരുന്നത് സൂര്യയായിരുന്നു. എന്നാൽ സൂര്യ ഈ ചിത്രം ഉപേക്ഷിക്കുകയാണ് ചെയ്തത്. അതിന് ശേഷമാണ് വിക്രം അതിൽ നായകനായി എത്തിയത്. പിന്നീട് ഹരിയുമായി  'അരുവാ' എന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം വന്നു. ഈ ചിത്രവും മുടങ്ങി. ബാലയുടെ സംവിധാനത്തിൽ 'വണങ്ങാൻ' എന്ന ചിത്രത്തിൽ സൂര്യ അഭിനയിക്കാൻ തുടങ്ങി കുറച്ചു ദിവസങ്ങൾ ചിത്രീകരണം നടന്ന നിലയിൽ ആ ചിത്രവും സൂര്യ ഉപേക്ഷിച്ചു. ഇങ്ങിനെ കഴിഞ്ഞ മൂന്ന് വർഷമായി സൂര്യ അഭിനയിക്കുന്ന ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളിലും, ചിത്രീകരണങ്ങളിലും നടക്കുന്ന കുഴപ്പങ്ങളും, മാറ്റങ്ങളും താരത്തിന്റെ ആരാധകരെ മാത്രമല്ല ആ ചിത്രങ്ങളുടെ സംവിധായകരെയും, നിർമ്മാതാക്കളെയും കൂടി നിരാശപെടുത്തിയിരിക്കുകയാണ്. വളരെ കൃത്യമായി ചിത്രങ്ങൾ തിരഞ്ഞെടുത്തു തുടർന്ന് അഭിനയിച്ചു വന്ന സൂര്യക്ക് ഇപ്പോൾ എന്ത് സംഭവിച്ചു എന്നാണ് എല്ലാവരും ചോദ്യം ഉയർത്തുന്നത്.


LATEST VIDEOS

Latest