വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും, അതിനോടനുബന്ധിച്ചു ഈയിടെ നടന്ന സമ്മേളനവും തമിഴ്നാട്ടിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ മാത്രമല്ല, സിനിമ മേഖലയിലുള്ള പലരുടെയും ഉറക്കം കെടുത്തിരിക്കുകയാണ്. ഈ സമ്മേളനത്തിന് പിന്നാലെ 2026-ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് വിജയ്‌യുടെ 'തമിഴക വെട്രി കഴകം' പാർട്ടി. അതിനായുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞു വരികയാണ് ഇപ്പോൾ വിജയ്. മറുവശത്ത് തന്റെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും വിജയ് ആരംഭിച്ചിട്ടുണ്ട്. ഏതൊരു പാർട്ടിക്കും ഘടന വളരെ പ്രധാനമാണ്. അതിനാൽ തമിഴ്‌നാട്ടിലുടനീളം പാർട്ടിക്ക് പുതിയ ഭാരവാഹികളെ നിയമിക്കാൻ ഒരുങ്ങുകയാണ് വിജയ്. അടുത്ത് തന്നെ വിജയ് തമിഴ്‌നാട്ടിലുള്ള 234 നിയമസഭാ മണ്ഡലങ്ങളിലും പോയി തീവ്ര പ്രചാരണത്തിൽ ഏർപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തമിഴക വെട്രി കഴകം പാർട്ടി ബന്ധപ്പെട്ട വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിനായി വിജയ് ഉടൻ തന്നെ 'തമിഴ് ഒളി' എന്ന പേരിൽ 24 മണിക്കൂർ വാർത്താ ചാനൽ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട് എന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇതിനുള്ള ജോലികൾ ഇപ്പോൾ ദ്രുതഗതിയിൽ നടന്നുവരികയാണത്രെ! തമിഴ്നാട്ടിൽ മിക്ക രാഷ്ട്രീയപാർട്ടികൾക്കും ടി.വി.ചാനലുകൾ ഉണ്ട് എന്നുള്ളത് ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്.