ഇനി മുതൽ അവൾക്കുവേണ്ടി ഞാൻ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളിൽ നിന്ന് ആരംഭിക്കും
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ (16) സെപ്റ്റംബര് 19നാണ് വീട്ടില് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്ത്ഥിനിയായ മീര മാനസിക പിരിമുറുക്കവും വിഷാദവും അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ട്. ഈ സംഭവം സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു.
ഇപ്പോഴിതാ മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ് ആന്റണി. മകൾക്കൊപ്പം താനും മരിച്ചുവെന്നും തന്നെ വിട്ടുപോയെങ്കിലും അവൾ എന്നും കൂടെയുണ്ടാകുമെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.
‘‘‘എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകൾ മീര. മതമോ ജാതിയോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു ലോകത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി മുതൽ അവൾക്കുവേണ്ടി ഞാൻ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളിൽ നിന്ന് ആരംഭിക്കും...‘‘‘ വിജയ് ആൻ്റണി കുറിച്ചു.
അതേസമയം, സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം നടൻ ആന്റണിയുടെ ഒരു പഴയ അഭിമുഖത്തിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാതാപിതാക്കൾ അവരുടെ കുട്ടികളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും മകളെ ഒന്നിനും നിർബന്ധിക്കാത്തതിനെക്കുറിച്ചും നടൻ സംസാരിക്കുന്നത് കാണാം. കൂടാതെ പിതാവിന്റെ ആത്മഹത്യയെ കുറിച്ചും നടൻ തുറന്നു സംസാരിച്ചു.
വിജയ് ആന്റണി പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോൾ ശക്തമായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ആത്മഹത്യയിലൂടെ പിതാവിനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും താരം പറഞ്ഞു. ജീവിതം എത്രമാത്രം വേദനാജനകമാണെങ്കിലും ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടി വന്നാലും ഒരാൾ ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്നും വിജയ് പറഞ്ഞു.
വിജയ്ക്ക് 7 വയസും ഇളയ സഹോദരിക്ക് 5 വയസ്സും പ്രായമുള്ളപ്പോഴാണ് തൻ്റെ പിതാവ് മരിച്ചതെന്ന് താരം വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ് രണ്ട് മക്കളെ ഒറ്റയ്ക്ക് പരിപാലിക്കാൻ അമ്മയ്ക്ക് എത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്നും അവർ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളും താൻ കണ്ടുവെന്നും താരം പറഞ്ഞു.
ഇതേ അഭിമുഖത്തിൽ ആത്മഹത്യാ പ്രവണത നേരിടുന്ന കുട്ടികളെ കുറിച്ചും വിജയ് ആന്റണി സംസാരിച്ചു. ചിലർക്ക് അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കാരണം ഈ ചിന്തകൾ ഉണ്ടാകാമെന്നും മറ്റുള്ളവർക്ക് അവർ വിശ്വസിക്കുന്ന ഒരാളാൽ വഞ്ചിക്കപ്പെട്ടെന്ന് തോന്നിയിരിക്കാമെന്നും താരം പറഞ്ഞു.
ഇക്കാലത്ത് കുട്ടികൾക്ക് പഠനത്തിൽ വലിയ സമ്മർദ്ദമുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു. സ്കൂൾ കഴിഞ്ഞയുടൻ കുട്ടികളെ ട്യൂഷനിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് താരം സംസാരിച്ചു. "ഓർക്കുക, നിങ്ങൾ അവർക്ക് ചിന്തിക്കാൻ പോലും സമയം നൽകുന്നില്ല. ദയവായി അങ്ങനെ ചെയ്യരുത്. സ്വതന്ത്രരായിരിക്കാൻ അവർക്ക് കുറച്ച് സമയം അനുവദിക്കുക. മുതിർന്നവരെ സംബന്ധിച്ചിടത്തോളം, സമ്പത്തിലും വിജയത്തിലും ആകൃഷ്ടരാകുന്നതിനുപകരം അവർ സ്വയം സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, "നടൻ കൂട്ടിച്ചേർത്തു
മാതാപിതാക്കൾ ജോലിത്തിരക്കിൽ ഏർപ്പെടുന്നതിനാൽ കുട്ടികളുമായി സൗഹൃദ ബന്ധം കെട്ടിപ്പടുക്കുന്നതിൽ അവർ പരാജയപ്പെടുന്നതെങ്ങനെയെന്നും ആരോഗ്യകരമായ ബന്ധത്തിനും കുടുംബത്തിനും ഇത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ മകളെ അവളായി ഇരിക്കുവാനും അവൾ ആഗ്രഹിക്കുന്നത് ചെയ്യാനും ഞാൻ അനുവദിച്ചിട്ടുണ്ട്. അവൾക്ക് വായിക്കണമെങ്കിൽ, അവൾക്ക് കഴിയും. ഇല്ലെങ്കിൽ, അത് ചെയ്യാൻ ഞാൻ അവളെ നിർബന്ധിക്കില്ല, "അദ്ദേഹം പറഞ്ഞു.