NEWS

താരങ്ങൾ അനാവശ്യമായി സിനിമയിൽ ഇടപെടുന്നു, അത്‌ അനുവദിക്കാനാവില്ല: തുറന്നടിച്ച്‌ ഫെഫ്ക

News

കൊച്ചി: ചില നടീ-നടന്മാർ സംവിധായകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ. സിനിമയുടെ എഡിറ്റിങ്ങിൽ അനാവശ്യമായി താരങ്ങൾ ഇടപെടുന്നു. ഓരേ സമയം ഒന്നിൽ കൂടുതൽ സിനിമകൾക്ക് ഡേറ്റു നൽകുന്നു.

'അമ്മ' അംഗീകരിച്ച എഗ്രിമെന്റ് താരങ്ങൾ ഒപ്പിടുന്നില്ലെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു. പ്രൊഡ്യുസേഴ്സ് അസോസിയേഷനുമായി നടന്ന ചർച്ചയ്‌ക്ക് ശേഷം വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഫെഫ്‌കയുടെ ആരോപണം

ചിലർക്ക് സിനിമയുടെ എഡിറ്റ് അപ്പപ്പോൾ തന്നെ കാണണം. അവരെ മാത്രമല്ല അവർക്ക് വേണ്ടപ്പെട്ടവർക്കും കാണിച്ചു കൊടുക്കണം. ഒരു നടൻ ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. പണം മുടക്കിയ നിർമാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാൽ സർഗാത്മകമായ ചർച്ചകൾക്ക് അവസരം നൽകും.

അവർക്ക് ആവശ്യമുള്ളപോലെ സിനിമ റീ എഡിറ്റ് ചെയ്യാൻ താരങ്ങൾ നിർബന്ധം പിടിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ സംവിധായകർക്ക് ബുദ്ധിമുട്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്ക്ക നിൽക്കും. ഇത്തരം പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിക്കുന്നവരോട് തങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതമല്ല എന്നും ഫെഫ്ക വ്യക്തമാക്കി.


LATEST VIDEOS

Latest