NEWS

'ശ്രീ മുത്തപ്പന്‍' 'ഗോളം' 'മന്ദാകിനി' അല എസ്. നയന ഹാപ്പിയാണ്

News

കണ്ണൂര്‍ തളിപ്പറമ്പ് ബക്കളത്ത് നിന്ന് മലയാള സിനിമയിലേക്ക് വണ്ടികയറിയ അല എസ് നയന സംജാദ് സംവിധാനം ചെയ്ത ഗോളത്തിലൂടെയും വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയിലൂടെയും ചന്ദ്രന്‍ നരിക്കോട് ചിത്രം ശ്രീ മുത്തപ്പനിലൂടെയും തിയേറ്ററുകളില്‍ തിളങ്ങുകയാണ്. ഒരേ സമയം തിയേറ്ററുകളില്‍ എത്തിയ മൂന്ന് സിനിമകള്‍.. വ്യത്യസ്തമായ ജോണര്‍.. വ്യത്യസ്തമായ മൂന്ന് ശക്തമായ കഥാപാത്രങ്ങള്‍... ഇതില്‍പ്പരം മറ്റെന്ത് സന്തോഷമെന്ന് അല എസ് നയന പറയുന്നു. ആറാം ക്ലാസില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍നിന്ന് തുടങ്ങിയ അല തന്‍റെ സിനിമാ ജീവിതവിശേഷങ്ങള്‍ നാനയോട് ഇതാദ്യമായി പങ്കുവയ്ക്കുന്നു...

മൂന്ന് സിനിമകള്‍, വ്യത്യസ്ത കഥാപാത്രം 

കരിയര്‍ തുടങ്ങി അതിന്‍റെ ഏറ്റവും സന്തോഷം നല്‍കുന്ന പോയിന്‍റിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഒരേസമയം തിയേറ്ററുകളില്‍ കയ്യടി നേടിക്കൊണ്ടിരിക്കുന്ന മൂന്ന് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ഗോളത്തിലെ റാണിയായാലും മന്ദാകിനിയിലെ അംബികയായാലും ശ്രീ മുത്തപ്പനിലെ രേഖയായാലും പ്രേക്ഷകര്‍ ശ്രദ്ധിച്ചു.. നല്ല അഭിപ്രായങ്ങള്‍ പറയുന്നു. മൂന്ന് സിനിമകളുടെയും ജോണര്‍ തന്നെ വ്യത്യസ്തമായതു കൊണ്ട് ഒരു അഭിനേത്രി എന്ന നിലയില്‍ ഒരേസമയം പ്രൂവ് ചെയ്യാനും സാധിച്ചുവെന്ന സന്തോഷമുണ്ട്.

മുന്‍പും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു ഐഡന്‍റിറ്റി ക്രൈസിസ് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ പുറത്തു പോവുമ്പോള്‍ പലരും തിരിച്ചറിയുന്നു. കഥാപാത്രങ്ങളുടെ അഭിപ്രായവും സ്നേഹവും അറിയിക്കുന്നു. അത് സന്തോഷം നല്‍കുന്ന കാര്യമാണ്. വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് അല്ലാത്ത ഒരാളാണ് ഞാന്‍. പക്ഷേ ഇപ്പോള്‍ പല ഗ്രൂപ്പുകളിലും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെയും എന്നെ കുറിച്ചും നടക്കുന്ന ചര്‍ച്ചകള്‍ അഭിനേത്രി എന്ന നിലയില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജമാവുന്നുണ്ട്. 

ലാല്‍ജോസ് സാറിന്‍റെ ഭാര്യാവേഷം 

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച ഒരു സംവിധായകനാണ് ലാല്‍ ജോസ് സാര്‍. അദ്ദേഹത്തിന്‍റെ ഭാര്യയായി മന്ദാകിനിയില്‍ അഭിനയിക്കാന്‍ സാധിച്ചു. എന്‍റെ പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായമുള്ള എനിക്ക് പരിചയമില്ലാത്ത പക്വതയാര്‍ന്ന കഥാപാത്രമായിരുന്നു അംബിക. ഉള്ള സീനുകള്‍ മുഴുവന്‍ ലാല്‍ജോസ് സാറിനൊപ്പമായിരുന്നു. ആദ്യമേ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്തെങ്കിലും സജഷന്‍ ഉണ്ടെങ്കില്‍ സാറിനോട് പറയാന്‍ പറയുകയും ചെയ്തിരുന്നു. അദ്ദേഹം ശരിക്കും അഭിനയിക്കുക മാത്രമല്ല ഓരോ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുതന്നിരുന്നു സംവിധായകനെപ്പോലെ. 

അതുകൊണ്ടുതന്നെ അംബികയെ മനോഹരമാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. മന്ദാകിനിയുടെ തിരക്കഥകൃത്ത് ഷിജു എം ഭാസ്കറും സംവിധായകന്‍ വിനോദ് ലീലയും അംബികയായി നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ സഹായിച്ചവരാണ്. ലാല്‍ജോസ് സാര്‍ അവതരിപ്പിച്ച കഥാപാത്രത്തോട് ശബ്ദം ഉയര്‍ത്തി സംസാരിക്കുന്ന ഭാഗങ്ങള്‍ കണ്ട് എന്‍റെ അമ്മ ചോദിച്ചു. 'എങ്ങനെയാ ഇത്രയും വലിയൊരു മനുഷ്യനു മുന്നില്‍ ഇങ്ങനെ സംസാരിക്കാന്‍ കഴിഞ്ഞെന്ന്'. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു ചിത്രം കൂടിയാണ് മന്ദാകിനി. 

അംബിക ആണെങ്കിലും മകളുടെ കാര്യത്തില്‍ കൂടുതല്‍  ഉത് കണ്ഠയുള്ള ഒരാളാണ്. അതുകൊണ്ടാണ് പല സാഹചര്യങ്ങളിലും ഭര്‍ത്താവിന് മുകളിലായി അംബികയ്ക്ക് ശബ്ദം ഉയര്‍ത്തേണ്ടിവരുന്നത്.  തന്‍റെ ഭര്‍ത്താവ് സംസാരിക്കാത്ത സ്പേസില്‍ തനിക്ക് സംസാരിച്ചേ മതിയാവൂ എന്നാ കാര്യം അറിയാവുന്നത് കൊണ്ടു തന്നെയാണ് അംബിക പ്രതികരിക്കുന്നത്. എന്‍റെ സാധാരണ ലുക്കുമായി യാതൊരുവിധ ബന്ധവുമില്ലാത്തതുകൊണ്ട് എനിക്ക് അതില്‍ ഒരു പുതുമ ഉണ്ടായിരുന്നു. സിനിമ കണ്ടതിനുശേഷം ചിലയിടത്ത് ഒന്നുകൂടെ നന്നാക്കാമായിരുന്നുവെന്ന് തോന്നി. 

അതുപോലെ ഒരു രസകരമായ സംഭവം മന്ദാകിനിയില്‍ അനാര്‍ക്കലി അവതരിപ്പിച്ച അമ്പിളിയുടെ മുഖ സദൃശ്യം ഉള്ളതുകൊണ്ടാണ് അമ്പിളിയുടെ അമ്മയുടെ കഥാപാത്രമായി എന്നെ സെലക്ട് ചെയ്തത്. അമ്പിളിയുടെ കണ്ണിലെ മറുക് പോലെ എന്‍റെ കണ്ണിലുമുണ്ടായിരുന്നു, അതുപോലെ ഞങ്ങളുടെ നക്ഷത്രവും ഒന്നായിരുന്നു. അത് തികച്ചും യാദൃച്ഛികമായി. അത് ഞങ്ങള്‍ ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കു മ്പോഴാണ് അറിയുന്നത്. 

ഗോളം കണ്ട് ത്രില്ലടിച്ച് 

ഗോളം പ്രേക്ഷകര്‍ക്കൊപ്പം അത്രയധികം ത്രില്ലടിച്ച് തന്നെ കാണാന്‍ സാധിച്ചു. ഗോളത്തില്‍ ഏറ്റവും അവസാനം കാസ്റ്റ് ചെയ്യുന്നത് എന്നെയാണ്. ചെയ്ത മറ്റു സിനിമകളുടെ റഫറന്‍സ് വഴിയാണ് ഗോളത്തിലേക്ക് വിളി വരുന്നത്. ഷൂട്ടിന് രണ്ടാഴ്ച മുന്‍പ് എല്ലാവരും ഒരുമിച്ചുള്ള സ്ക്രിപ്റ്റ് ഡിസ്ക്കഷനില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഗോളം തിയേറ്ററില്‍ ഫ്രഷ് ആയി കാണാന്‍ കഴിഞ്ഞു. 

മുത്തപ്പന്‍റെ അനുഗ്രഹം 

ഇപ്പോള്‍ ഞാന്‍ അഭിനയിച്ച മൂന്ന് സിനിമകളും തിയേറ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്നതും, എനിക്ക് ഇപ്പോള്‍ കിട്ടുന്ന അംഗീകാരങ്ങളുമെല്ലാം മുത്തപ്പന്‍റെ അനുഗ്രഹമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മുത്തപ്പന്‍റെ കഥ പറയുന്ന ശ്രീ മുത്തപ്പനില്‍ രേഖ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചു. ഞാന്‍ കണ്ണൂര്‍തന്നെ ജനിച്ചു വളര്‍ന്നതുകൊണ്ട് മുത്തപ്പന്‍ എന്നത് ഒരു വികാരമാണ്. വിവാഹത്തിന് ശേഷം ബംഗ്ലൂരുവിലേക്ക് ജീവിതം പറിച്ചുനടേണ്ടിവന്ന ഒരു കണ്ണൂര്‍ക്കാരിയാണ്  രേഖ. 

മുത്തപ്പന്‍റെ കഥ പറയുന്ന ഒരു ചിത്രത്തിന്‍റെ കേന്ദ്ര കഥാപാത്രമാവാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്ന കാര്യമാണ്. മുത്തപ്പന്‍റെ കഥ മുന്‍പും പലരും സിനിമയാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പാതിവഴിയില്‍ നിന്നുപോവുകയാണ് ഉണ്ടായത്. എന്നാല്‍ നമ്മുടെ സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങളെല്ലാവരും ഹാപ്പിയാണ്. 

ചെറുപ്പം മുതല്‍ കലയ്ക്കൊപ്പം 

ചെറുപ്പം മുതല്‍ കലയോട് കമ്പമുള്ള ഒരാളാണ് ഞാന്‍. എല്ലാ കാര്യങ്ങളിലും ആക്ടീവായ ഒരാള്‍. ദൂരദര്‍ശനിലെ ഒരു ടെലി പരമ്പരയ്ക്ക് വേണ്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ വന്ന് സെലക്ട് ചെയ്തു.  ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍കുന്നത് അപ്പോഴാണ്. ഇന്നലെയുടെ ആള്‍ക്കാര്‍' എന്നായിരുന്നു ആ ടെലിഫിലിമിന്‍റെ പേര്. എനിക്ക് മൂന്ന് മക്കളാണ്. അവരെല്ലാം വലുതായി അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു സമയമായപ്പോഴാണ്  സിനിമയിലേക്ക് എത്തുന്നത്. 

ആദ്യ സിനിമകള്‍ ഓഡിഷന്‍ വഴി സെലക്ട് ആയതാണ്. പിന്നീടുള്ള പല സിനിമകളും റഫറന്‍സ് വഴി കിട്ടിയതാണ്. മലയാളത്തിന് പുറമെ തമിഴിലും സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോഴത്തെ ലൈഫ് ഒരുപാട് എന്‍ജോയ് ചെയ്യുന്നുണ്ട്. ഇനിയും ഒരുപാട് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്യണം. എല്ലാവരുടെയും മനസ്സില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയണം. വലിയപെരുന്നാളില്‍ ജോജു ചേട്ടന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഭാര്യയായി, ബ്രദേഴ്സ് ഡേ, ഒരു കുപ്രസിദ്ധ പയ്യന്‍, നാരദന്‍, ആന്‍റണി, വന്താ രാജാവാതാന്‍ വരുവേ എന്നീ ചിത്രങ്ങളുടെയെല്ലാം ഭാഗമാവാന്‍ സാധിച്ചു. 
 


LATEST VIDEOS

Interviews