തന്റെ ആദ്യകാല സിനിമാ ജീവിതം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നെന്ന് നടി ഹേമമാലിനി. സംവിധായകരിൽ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. അതേസമയം, തന്റെ നിലപാടുകളിൽ നിന്നും ഒരിക്കലും വ്യതിചലിക്കാൻ തയ്യാറായിട്ടില്ലെന്നും ഹേമമാലിനി വ്യക്തമാക്കി. ലഹ്‌രേം റിട്രോ എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യകാല സിനിമാ അനുഭവങ്ങളെ കുറിച്ച് താരം വാചാലയായത്.
ആദ്യം അഭിനയിച്ച ചിത്രത്തിൽ നിന്നും തന്നെ പുറത്താക്കിയെന്നും അതാണ് പിന്നീട് അഭിനയ രംഗത്ത് തുടരാൻ കരുത്ത് നൽകിയതെന്നും താരം പറയുന്നു. ഡയറക്ടറുടെ നിർബന്ധപ്രകാരമാണ് ആദ്യമായി അഭിനയിച്ചത്. നാലു ദിവസം കഴിഞ്ഞപ്പോൾ തന്നെ ആ സിനിമയിൽ നിന്നും ഒഴിവാക്കുകയായിരുന്നെന്നും താരം പറയുന്നു. അന്ന് അങ്ങനെയൊരു 'നോ' കിട്ടിയില്ലായിരുന്നെങ്കിൽ താൻ ഹിന്ദി സിനിമയിൽ വരില്ലായിരുന്നു എന്നാണ് ഹേമമാലിനി പറയുന്നത്. പിന്നീടുണ്ടായ ഒരു ദുരനുഭവും താരം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
''ഒരിക്കൽ സിനിമയിൽ അഭിനയിക്കവേ സാരിയുടെ പിൻ മാറ്റാൻ സംവിധായകൻ ആവശ്യപ്പെട്ടു. സാധാരണ എപ്പോഴും സാരി പിൻ ചെയ്തു വയ്ക്കുന്ന ഞാൻ അതെന്തിനെന്ന് ചോദിച്ചു. പിൻ ഇളക്കിയാൽ സാരി താഴെപ്പോകും എന്ന് ഞാൻ പറയുകയും ചെയ്തു. അതെ, അതാണ് ഞങ്ങൾക്കാവശ്യം എന്നായിരുന്നു സംവിധായകന്റെ ഉത്തരം.'' ഇത് തന്നെ ചൊടിപ്പിച്ചെന്നും, അതിനു താൻ തയാറായില്ലെന്നും ഹേമ മാലിനി പറഞ്ഞു.