മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ബോൾഡായ താര സുന്ദരിയാണ് മംമ്ത മോഹൻദാസ്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ പ്രശസ്ത നായകന്മാരുടെ കൂടെ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽഎത്തി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയ മികവ് തെളിയിച്ച താരമാണ്.
കൂടാതെ ജീവിതത്തിലും ഒരുപാട് പ്രതിസന്ധികൾ മറികടന്ന നടിയാണ്. അർബുദത്തോട് പോരാടി അതിനെ ആത്മവിശ്വാസത്തോടെ അതിജീവിച്ച മംമ്ത പലര്‍ക്കും പ്രചോദനമായി മാറി. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സുതുറന്ന് നടി മംമ്ത മോഹൻദാസ്. ഫേസ്ബുക്കിലൂടെയാണ് താരം ചിത്രങ്ങൾക്കൊപ്പം മനസ്സ് തുറന്നത്. മേക്കപ്പ് ഇല്ലാത്ത നടിയാണ് ചിത്രത്തിൽ കാണുന്നത്. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ചിത്രത്തിലെ അടിക്കുറിപ്പ് ഇങ്ങനെ: “മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ അംഗീകരിക്കുന്നു… എനിക്ക് നിറം നഷ്ടപ്പെടുന്നു എന്നങ്ങനെ കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേക്കും നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും” മംമ്ത തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍.
അതേസമയം, നടിയുടെ പോസ്റ്റിന് താഴെ നിരവധി പ്രോത്സാഹന കമന്റുകളുമായാണ് ആരാധകർ എത്തുന്നത്. നിങ്ങൾ ഒരു പോരാളിയാണെന്നും സുന്ദരിയാണെന്നാണ് കമൻ്റുകൾ.