കാലത്തിന്റെ കൈകൾക്ക് ആ മുറിവുണക്കാൻ ശേഷിയില്ല .മോനിഷയെ കുറിച്ചുള്ള ഓർമ്മകൾ മരിക്കുകയുമില്ല
ഒരു ചിത്രശലഭത്തിന്റെ ക്ഷണികജന്മവുമായി നമ്മുടെ ഇടയിലേക്ക് പ്രസരിപ്പോടെ കടന്നുവരികയും ഒരഭിശപ്ത നിമിഷത്തിൽ അനന്തതയിലേക്ക് ചിറകടിച്ചു പറന്നുപോവുകയും ചെയ്ത മോണിഷ നോവുണർത്തുന്ന ഓർമ്മയാണ് .കാലത്തിന്റെ കൈകൾക്ക് ആ മുറിവുണക്കാൻ ശേഷിയില്ല .മോനിഷയെ കുറിച്ചുള്ള ഓർമ്മകൾ മരിക്കുകയുമില്ല. ഗ്രാമത്തിന്റെ ശാലീനതയോടെ നഗരത്തിൽ വളർന്ന മോണിഷ വളരെ ചെറുപ്പത്തിൽ തന്നെ കാലിൽ ചിലങ്കയണിഞ്ഞു .കലയുടെ വിനീതാരാധികയായ ആ കുരുന്നുപെണ്‍കുട്ടിയുടെ താളനിബദ്ധമായ ഓരോ ചുവടുവെപ്പിലും പ്രതിഭയുടെ മിന്നലാട്ടം തെളിഞ്ഞുകണ്ടിരുന്നു. പതിനാലാം വയസിൽ ചലച്ചിത്രനടിയായ മോണിഷ ഒറ്റച്ചിത്രം കൊണ്ടുതന്നെ ഭാരതത്തിന്റെ ഉർവശിയുമായി.
നഖക്ഷതങ്ങളിലെ നിസ്സഹായയായ കൊച്ചുനായികയുടെ വിങ്ങിപ്പൊട്ടൽ ഉള്ളിലിപ്പോഴും നീറ്റലുളവാക്കുന്നു .സിനിമയുടെ തിരക്കിനോടൊപ്പം പഠിത്തം പൂർത്തിയാക്കാനുള്ള കഠിന യത്നം കൂടിയായപ്പോൾ നൃത്തത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാൻ മോനിഷയ്ക്ക് കഴിയാതെവന്നു .അതിലവൾ അതീവ ദുഖിതയുമായിരുന്നു. നർത്തകിയും കലാകാരിയുമായ അമ്മ ശ്രീദേവിയുടെ ദൃഢ നിശ്ചയമൊന്നുകൊണ്ടു മാത്രമാണ് നൃത്തത്തിലും അഭിനയത്തിലും മോനിഷ നേട്ടങ്ങളുടെ പടികളോരോന്നായി ചവിട്ടിക്കയറിയത് .മോനിഷ കുട്ടിയായിരുന്നപ്പോൾ അമ്മയും മകളും പല വേദികളിലും ഒന്നിച്ചു നൃത്തം ചെയ്തിട്ടുണ്ട് .മോഹിനിയാട്ടത്തോടായിരുന്നു ഇരുവർക്കും അഭിനിവേശം .ആ നടനകലയിൽ തങ്ങളുടേതായ സംഭാവനകൾ നൽകാൻ അവരിരുവരും ആഗ്രഹിച്ചു . അതിനുളള ഒരുക്കപ്പാടുകൾക്കിടയിലാണ് രംഗബോധമില്ലാത്ത കോമാളി മോനിഷയെ തട്ടിയെടുത്ത് കടന്നുകളഞ്ഞത് .
1992 ഡിസംബർ 5. തലേന്ന് കൊല്ലത്ത് കേരളശബ്ദം ഓഫീസിലായിരുന്നു ഈ കുറിപ്പുകാരൻ.മാനേജിങ് എഡിറ്റർ ഡോക്ടർ ബി .എ .രാജകൃഷ്ണൻ ,അസോസിയേറ്റ് എഡിറ്റർ ആർ .പവിത്രൻ തുടങ്ങിയവരോടൊപ്പം എഡിറ്റോറിയൽ ചർച്ചകളിൽ പങ്കെടുത്തൂ ഹോട്ടൽ മുറിയിൽ തിരിച്ചെത്തുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു .രാവിലെ ഏഴുമണിക്ക് കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും കോഴിക്കോട്ടേക്കുള്ള ബസ്സുപിടിച്ചു .വീട്ടിൽ പോയി പിറ്റേന്ന് ബാംഗ്ലൂരിലേക്ക് മടങ്ങാനായിരുന്നു പരിപാടി .ചേർത്തല എത്തിയപ്പോൾ ഡ്രൈവർ ബസ്സുനിർത്തി ആരോടോ സംസാരിക്കുന്നത് കണ്ടു .ഏതോ ആക്‌സിഡന്റിനെ പറ്റിയാണ് .റോഡിനിരുവശവും ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുമുണ്ട് .ബസ്സ് മുന്നോട്ടുനീങ്ങി സ്പീഡെടുത്തു .അല്പം കഴിഞ്ഞപ്പോഴാണ് നടുക്കം കൊള്ളിക്കുന്ന ആ വാർത്ത ചെവിയിൽ വന്നുവീണത് .പ്രശസ്ത നടി മോനിഷ കാറപകടത്തിൽ പെട്ട് മരണമടഞ്ഞു.
അമ്മ ശ്രീദേവിയ്ക്കും ഗുരുതരമായ പരിക്കുണ്ട് .ബസ്സിൽ അതിനകം ചർച്ചാവിഷയമായിക്കഴിഞ്ഞ ആ വാർത്ത സത്യമാകരുതേ എന്ന് പ്രാർത്ഥിച്ചു .ഇല്ല ,പ്രിയപ്പെട്ട മോനിഷയ്ക്ക് അങ്ങിനെയൊന്നും സംഭവിച്ചിട്ടുണ്ടാവില്ല .സ്വയം ആശ്വസിക്കാൻ ശ്രമിച്ചുവെങ്കിലും മനസിൽ വല്ലാത്തൊരു ആധി വന്നുനിറഞ്ഞു. അങ്കമാലിയിൽ ഉച്ചഭക്ഷണത്തിനായി ബസ് നിർത്തിയപ്പോൾ ബൂത്തിൽ നിന്നും കോഴിക്കോട്ടെ പത്രസുഹൃത്തിനു ഫോണ്‍ ചെയ്തു .കേട്ട വാർത്ത സത്യമായിരുന്നു .ഒരു പൂമ്പാറ്റയെപോലെ മലയാളത്തിന്റെ മുറ്റത്തു പാറികളിച്ചിരുന്ന മോനിഷ പൊടുന്നനെ അനന്തതയിലേക്ക് പറന്നുപോയിരിക്കുന്നു .തിരുവനന്തപുരത്തുനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ചേർത്തലയ്ക്ക് അടുത്തുവെച്ച് കാർ റോഡ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത് .പുലർച്ചെയാണ് സംഭവം.
ഏറണാകുളം ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം .ഭക്ഷണം കഴിച്ചെന്നുവരുത്തി ബസ്സിൽ കയറിയിരുന്നു .മനസ്സ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു .ദുരന്തം നടന്ന സ്ഥലത്തുകൂടിയാണ് ഞാൻ കയറിയ ബസ് കടന്നുപോന്നത് .എന്നിലെ മാധ്യമപ്രവർത്തകൻ മരണത്തിലും മോനിഷയെ പിന്തുടരുകയായിരുന്നോ ?.മനസ്സിന്റെ തിരശീലയിൽ സമൃതിചിത്രങ്ങൾ ഓരോന്നായി മിന്നിമറഞ്ഞു .ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയായ ഉണ്ണിയേട്ടന്റെയും ശ്രീദേവിച്ചേച്ചിയുടെയും മകളായ മോനിഷയെ ഒരു നൃത്തപരിപാടിയിൽ വച്ചാണ് ആദ്യം കാണുന്നതും പരിചയപ്പെടുന്നതും .പിന്നീട് എംടി -ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങളിലൂടെ ഭാരതത്തിന്റെ ഉർവ്വശിയായി ആ പതിനാലുകാരി മാറിയപ്പോൾ പരിചയം സൗഹൃദമായി മാറി.
അഭിമുഖം ,ഫോട്ടോസെഷൻ ,സൗഹൃദ സന്ദർശനം - അങ്ങനെ പല തവണ ഇന്ദിരാനഗറിലുള്ള മോനിഷയുടെ വീട്ടിൽ ഞാനെത്തിയിരുന്നു .ഒരു മാധ്യമപ്രവർത്തകൻ എന്നതിലുപരി കുടുംബസുഹൃത്തായിട്ടാണ് മോനിഷയും കുടുംബവും എന്നെ കണ്ടിരുന്നത് .അഭിനയിക്കുന്ന പുതിയ സിനിമകളെപ്പറ്റിയുള്ള വിവരങ്ങൾ ,സെറ്റിലെ വിശേഷങ്ങൾ - എല്ലാം മോനിഷ അപ്പപ്പോൾ അറിയിച്ചുകൊണ്ടിരുന്നു .അതിന്റെ അടിസ്ഥാനത്തിൽ കുറിപ്പുകളും റിപ്പോർട്ടുകളും ഞാൻ നാനയിലെഴുതും .ഒരു കലാകാരി എന്ന നിലയിലുള്ള മോനിഷയുടെ വളർച്ചയിൽ സന്തോഷവും അഭിമാനവും തോന്നിയിരുന്നു .വർഷങ്ങൾ അങ്ങനെ കടന്നുപോയി .മനസിന്റെ തിരശീലയിൽ ചിത്രങ്ങൾ മിന്നിമറയുകയാണ്. ബസ് കുതിച്ചുപായുകയാണ് .......
ഏതാനും ദിവസം മുമ്പാണ് മോനിഷയെ അവസാനമായി കണ്ടത് .ബാംഗ്ലൂരിൽ ജാലഹള്ളിയിലുള്ള ഫാത്തിമ ചർച്ച് ഹാളിൽ വെച്ച് .യശ്വന്തപുരം കേരളസമാജത്തിന്റെ വാര്ഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു .ദൂരെനിന്ന് കണ്ടതും കൈവീശി ചിരിച്ചുകൊണ്ട് അടുത്തേക്കുവന്നു .നാന ഓണപ്പതിപ്പിൽ വന്ന ലേഖനത്തെയും ഫോട്ടോകളെയും എത്ര പുകഴ്ത്തിയിട്ടും മോനിഷയ്ക്ക് മതിയായില്ല .വളരെ മനോഹരമായിരുന്നു ആ ഫോട്ടോകൾ .കോപ്പി എനിക്കു തരുമോ ? കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ മോനിഷ ചോദിച്ചു .തരാമെന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് സന്തോഷത്തിന്റെ നുണക്കുഴികൾ വിരിഞ്ഞു .ഓണപ്പതിപ്പിനുവേണ്ടി മോനിഷയുടെ വീട്ടിൽ ഒരുദിവസം നീണ്ടുനിന്ന ഫോട്ടോസെഷൻ നടത്തിയിരുന്നു .രമണറെഡി യായിരുന്നു ഫോട്ടോഗ്രാഫർ.
നിലവിളക്കും ആൾക്കണ്ണാടിയുമൊക്കെ മോനിഷയുടെ ഓമനത്തമുള്ള മുഖത്തോടൊപ്പം ഫ്രെയിമിൽ നിറഞ്ഞപ്പോൾ അതിന് അപൂർവ ചാരുതയും പുതുമയും ആകർഷണീയതയും അനുഭവപ്പെട്ടു .(അതവസാനത്തെ ഫൊട്ടോസെഷൻ ആണെന്ന് ആരറിഞ്ഞു ?) ഒരാഴ്ച കഴിഞ്ഞപ്പോൾ മോനിഷയെ ഫോണിൽ വിളിച്ചു .പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ പ്രത്യേകതകളെപറ്റി ചോദിച്ചപ്പോൾ വാചാലയായി .ചിരിയും തമാശകളുമായി സംഭാഷണം നീണ്ടു .ഇടയ്‌ക്ക് പളുങ്കുമണികൾ വീണുചിതറുന്നതു പോലെ പൊട്ടിച്ചിരി ....ആ പൊട്ടിച്ചിരിയുടെ മുഴക്കം വീണ്ടും വീണ്ടും കാതിൽ വന്നലക്കുകയാണ് . കോഴിക്കോട് ബസ്സിറങ്ങിയ ഉടനെ നാന ഓഫീസിലേക്ക് വിളിച്ചു .എന്നെ ബന്ധപ്പെടാൻ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു എഡിറ്ററും മറ്റും .'എത്രയും വേഗം ബംഗ്ലൂരിലേക്ക് മടങ്ങുക .അന്ത്യ കർമ്മങ്ങളും സംസ്കാര ചടങ്ങുകളും ഭംഗിയായി കവർ ചെയ്യണം .റീത്തു വെക്കണം 'കുമാരി അമ്മ എന്ന് ഞങ്ങൾ ബഹുമാനത്തോടെ സംബോധന ചെയ്യുന്ന എഡിറ്റർ വിമല രാജാകൃഷ്ണൻ നിർദ്ദേശിച്ചു .
എല്ലാം മൂളിക്കേട്ടു ഞാൻ ഫോണ്‍ വെച്ചു .ഉടനെത്തന്നെ ബംഗ്ലൂരിലേക്ക് വിളിച്ച് ഫോട്ടോഗ്രാഫർ രമണറെഢിയോട് അതിരാവിലെ മോനിഷയുടെ വീട്ടിലെത്താൻ ഏർപ്പാടുചെയ്തു. രാത്രി കോഴിക്കോട് നിന്നും ബാംഗ്ലൂർക്കുള്ള ബസിൽ മോനിഷയുടെ ബന്ധുക്കളും പത്രക്കാരുമുണ്ടായിരുന്നു .അറിയപ്പെടുന്ന നടി എന്നതിൽ ഉപരി ,കളിയും ചിരിയും വശ്യമായ പെരുമാറ്റവും കൊണ്ട് ഒരു നാടിന്റെയാകെ അഭിമാനമായി മാറിയിരുന്ന മോനിഷയുടെ മൃതശരീരം കറുത്തവണ്ടിയിൽ ,പുഷ്പമാല്യങ്ങളാൽ മുടി രാവിലെ എട്ടുമണിയോടെ ഇന്ദിരാനഗറിലെ വസതിയ്ക്ക് മുമ്പിലെത്തിയപ്പോൾ ആ പ്രദേശമാകെ വിതുമ്പിക്കരഞ്ഞു .നാലുദിവസം മുമ്പ് മോനിഷ ആ വീട്ടിൽ നിന്നും അമ്മയോടൊപ്പം ചിരിച്ചുംകൊണ്ട് ഇറങ്ങിപ്പോവുന്നത് കണ്ടിരുന്ന അയൽവാസികൾ ചേതനയറ്റ ആ ശരീരം അകത്തേക്ക് എടുക്കുന്നതു കണ്ട് പൊട്ടിക്കരഞ്ഞു .എന്നും എപ്പോഴും മോനിഷയുടെ കൂട്ടിനുണ്ടായിരുന്ന അമ്മ ശ്രീദേവി പൊന്നുമോളുടെ ജഡം ഏറ്റുവാങ്ങാൻ ആ വീട്ടിലുണ്ടായിരുന്നില്ലല്ലോ .
മോനിഷയുടെ വിലപ്പെട്ട ജീവൻ കവർന്നെടുത്ത ക്രൂരനായ വിധി അവരെയും കണക്കറ്റ് പ്രഹരിച്ചിരുന്നു .ദുരന്തവർത്തയറിഞ്ഞു ആയിരക്കണക്കിനാളുകൾ മോനിഷയുടെ വീടിനുമുമ്പിൽ തടിച്ചുകൂടിയിരുന്നു .ക്രമേണ അത് മനുഷ്യമഹാസമുദ്രമായി മാറി .മോഹൻലാൽ ,എംടി ,ഹരിഹരൻ ,സുരേഷ് ഗോപി ,വിനീത് ,സിബി മലയിൽ തുടങ്ങി സിനിമാരംഗത്തെ ഒട്ടുമിക്ക പ്രമുഖരും അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു .എറണാകുളത്തുനിന്നും വിമാനത്തിൽ ബംഗ്ലൂരിലേക്ക് കൊണ്ടുവന്ന ശ്രീദേവിയെ സ്ടെക്ച്ചറിൽ കയറ്റി വീട്ടിലെത്തിച്ചത് പന്ത്രണ്ടു മണിയോടെയാണ് .മനസ്സും ശരീരവും തളർന്ന ശ്രീദേവിയ്ക്ക് ഏകമകളുടെ മൃതദേഹം കാണിച്ചുകൊടുത്തത് ഹൃദയഭേദകമായ രംഗമായിരുന്നു. വീടിന്റെ അകത്തളത്തിൽ പൂക്കളുടെ നടുവിൽ മയങ്ങുന്ന ആ നിഷ്കളങ്ക മുഖത്തേക്ക് ദൃഷ്ടികൾ വീണതും മനസ്സു ഓടിപ്പോയത് മൂന്നുമാസം മുമ്പ് അതേമുറിയിൽ നടന്ന ഫൊട്ടോ സെഷനിലേക്കാണ് .അന്ന് ക്യാമറയും ഞങ്ങളുടെ മനസ്സും ഫോക്കസ് ചെയ്ത ആ ചിരിക്കുടുക്കയിതാ ചേതനയ റ്റു .......പൂക്കളുടെ നടുവിൽ ......
റീത്തുവെക്കുമ്പോൾ വിതുമ്പലടക്കാനായില്ല .വീട്ടിനകത്തും പുറത്തും തടിച്ചുകൂടിയവർ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. സർക്കാർ ബഹുമതികളോടെ കൽപ്പള്ളി വൈദ്യുതി ശ്മാശാനത്തിലാണ് സംസ്കാരം നടന്നത് .നിമിഷങ്ങൾക്കകം മലയാളികളുടെ പ്രിയങ്കരിയായ പൂമ്പാറ്റ ഒരുപിടി ചാരമായി . വർഷങ്ങൾ കടന്നുപോയിരിക്കുന്നു .മോനിഷയുടെ അകാലവിയോഗവും അപകടത്തിൽ ഉണ്ടായ പരിക്കും ഏൽപ്പിച്ച ആഘാതത്താൽ മനസ്സും ശരീരവും തളർന്നുപോയിരുന്ന ശ്രീദേവി ചേച്ചി മാസങ്ങളോളം രോഗശയ്യയിലായിരുന്നു .രണ്ടു വർഷം നീണ്ട ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യം വീണ്ടുകിട്ടിയത് .ആധ്യാത്മകതയിൽ ലയിച്ച് മനസ്സുറപ്പും അവർ നേടി .മോനിഷ ആർട്സ് എന്ന നൃത്തസംഘം രൂപീകരിച്ച് കുട്ടികളെ മോഹിനിയാട്ടം അഭ്യസിപ്പിച്ചു .
മോഹിനിയാട്ടത്തിൽ പുതിയ വകഭേദങ്ങൾ ചിട്ടപ്പെടുത്തി സ്വന്തമായി വേദിയിൽ അവതരിപ്പിച്ചു .അത്തരം പരീക്ഷണങ്ങൾ മോനിഷയുടെ സ്വപ്നമായിരുന്നു .മോനിഷ ശരീരികമായി അപ്രത്യക്ഷയായെങ്കിലും അവളുടെ ആത്മാവ് തന്നിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തോടെയാണ് ശ്രീദേവി ചേച്ചി കാലിൽ ചിലങ്കയണിയുന്നത് .നൃത്തപരിപാടികൾ സംഘടിപ്പിക്കുന്നത് .സിനിമകളിൽ അഭിനയിക്കുന്നത് .മഹാഭാരതത്തിലെ ഗാന്ധാരീവിലാപം നൃത്തശില്പമായി രംഗത്തവതരിപ്പിച്ചിരുന്നു .നൃത്തലോകത്ത് അവർ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തികൊണ്ടേയിരിക്കുന്നു . എല്ലാം മോനിഷയുടെ ഓർമ്മയ്ക്കായി ..അഥവാ മോനിഷയായി തന്നെ. വർഷങ്ങൾ 31 കടന്നുപോയിരിക്കുന്നു ...ഡിസംബർ 5 വീണ്ടും വന്നെത്തി .മോനിഷയുടെ സദാ മന്ദസ്മിതം വിരിയുന്ന നിഷ് കളങ്ക മുഖം എന്റെ മനസ്സിലുണ്ട് .ചിരിയും തമാശയും കലർന്ന വാക്കുകളുടെ കിലുക്കം കാതുകളിലും ........