തമിഴില്‍ മാത്രമല്ല മലയാളത്തിലും അതുപോലെ തെലുങ്കിലും നിരവധി ആരാധകരുള്ള ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. നിരവധി കടമ്പകളും പ്രതിസന്ധികളും കടന്നാണ് നടി ഇവിടെവരെ എത്തിച്ചേർന്നത്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുകത്തുകയാണ് നയൻതാര. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
"10-18 കൊല്ലം സിനിമയിൽ നിലനിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഈ കാലയളവിനുള്ളിൽ നല്ലതും മോശവുമായ ഒരുപാടുഘട്ടത്തിലൂടെ കടന്നു പോയി. ദൈവത്തിന്റേയും പ്രേക്ഷകരുടേയും അനുഗ്രഹം കൊണ്ട് ഇപ്പോൾ എല്ലാം നല്ലത് പോലെ പോവുകയാണ്. എല്ലാം ഒന്നിച്ചെത്തിയത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല"..നയൻതാര പറഞ്ഞു.
"നല്ല സിനിമകൾ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. അത് നിർമിക്കുന്ന ചിത്രങ്ങളായാലും അഭിനയിക്കുന്നതായാലും. നല്ല ഉള്ളടക്കമുള്ള മികച്ച ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തണം. നിങ്ങളുടെ ക്രാഫ്റ്റിൽ ആത്മാർഥമായി വിശ്വാസമുണ്ടെങ്കിൽ മികച്ച രീതിയിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കും. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. നിങ്ങളെ സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്യും. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന്" നയൻതാര കൂട്ടിച്ചേർത്തു.