NEWS

വേട്ടക്കാരന് പിന്നില്‍

News

ബോളിവുഡ് ഫിലിം മേക്കര്‍  റിച്ചി മേത്തയുടെ പോച്ചര്‍ എന്ന വെബ്സീരീസില്‍  പ്രധാന വേഷം ചെയ്ത  രഞ്ജിത മേനോന്‍ സംസാരിക്കുന്നു

പോച്ചറില്‍ രഞ്ജിത മേനോന്‍റെ കഥാപാത്രത്തെക്കുറിച്ച്?

എന്‍റെ കഥാപാത്രത്തിന്‍റെ പേര് അജല. പ്രധാന വേഷം ചെയ്യുന്ന റോഷന്‍റെ ഭാര്യയായി അഭിനയിക്കുന്നു. റോഷന്‍റെ പേര് അലന്‍.

പ്രമേയത്തെക്കുറിച്ച്?

ഇതൊരു റിയല്‍ ഇന്‍സിഡന്‍റാണ്. ഇന്ത്യകണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെക്കുറിച്ചുള്ള, അതിനെ ബേസ് ചെയ്തുള്ള ഒരു കഥയാണ്. ഒഥന്‍റിക്കായിട്ടുള്ള ഒരു സ്ക്രിപ്റ്റാണ്. ഈ വെബ്സീരീസിന്‍റെ പ്രധാന മോട്ടോ എന്നുപറയുന്നത് മണിമേക്കിംഗോ, പ്രോഫിറ്റോ, ഫെയിമോ അല്ല. നമ്മള്‍ ജനിക്കുന്ന ജീവിക്കുന്ന ചുറ്റുപാടുകളോടും പ്രകൃതിയോടും മൃഗങ്ങളോടും ഒരുപോലെ ജനുവിനാകുക, റെസ്പോണ്‍സിബിളാകുക എന്ന ലക്ഷ്യം ഈ സീരീസിന്‍റെ പിന്നിലുണ്ട്. അത് ഈ സീരീസിന്‍റെ ഒരു പ്രത്യേകത തന്നെയാണ്.

കനേഡിയന്‍ ഫിലിം ഡയറക്ടറായ റിച്ചി മേത്തയാണ് ഈ പരമ്പര ചിത്രീകരിക്കുന്നത്. ഇദ്ദേഹം ഇന്ത്യനാണെങ്കിലും കനേഡിയയില്‍ ജനിച്ചുവളര്‍ന്ന് അവിടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ ഒരു പ്രമുഖ വ്യക്തിയാണ്.

രഞ്ജിതയുടെ കഥാപാത്രത്തിന്‍റെ പ്രത്യേകത എന്താണെന്നു പറയാമോ?

റോഷന്‍ ചെയ്യുന്ന അലന്‍റെ ഫാമിലി ലൈഫാണ് ഈ സീരീസില്‍ കാണിക്കുന്നത്. അലന്‍റെ ഭാര്യ അജല കൊടുക്കുന്ന പിന്തുണയും ശക്തിയും പ്രോത്സാഹനവും ഒക്കെ സിറ്റ്വേഷനില്‍ വരുന്നുണ്ട്. ഫോറസ്റ്റ് ഓഫീസര്‍മാര്‍ മിക്കവാറും പേര്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കരിയറും പേഴ്സണല്‍ ലൈഫും ഒരുപോലെ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ട്. ഇവര്‍ പലരും ഓരോ ഓപ്പറേഷനും ചെയ്യുന്നത് വളരെ ഹിഡനായിട്ടാണ്. ഐഡന്‍റിറ്റി ഫീല്‍ ചെയ്യാതെ. ഐഡന്‍റിറ്റി ഫീല്‍ ചെയ്താല്‍ ഒരുപാട് ഇഷ്യൂസ് ഉണ്ടാകും.

ഈ സീരീസില്‍ ഫോറസ്റ്റ് ഓഫീസേഴ്സ് മിക്കവരും ഐഡന്‍റിറ്റി ഫീല്‍ ചെയ്യാതെയാണ് വര്‍ക്ക്ചെയ്തത്. ഫാമിലിയുടെ നല്ലൊരു സപ്പോര്‍ട്ട് ഉണ്ടെങ്കിലേ ജോലി സുഗമമായി കൊണ്ടുനടക്കാന്‍ കഴിയൂ. ഭാര്യയുടെ, കുട്ടിയുടെ കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് അലന്‍. പലയിടങ്ങളിലും അത് പ്രകടമാകുന്നുണ്ട്.

ഈ സീരീസില്‍ അഭിനയിക്കാന്‍ രഞ്ജിതയെ ആകര്‍ഷിച്ച ഘടകം എന്താണ്?

ഹണ്‍ഡ്രഡ് പേഴ്സന്‍റ് ഡയറക്ടര്‍ തന്നെയാണ്. ടീം ആണോ, കഥാപാത്രമാണോ എന്നെ ആകര്‍ഷിച്ചതെന്ന് ആലോചിച്ചാല്‍ ഡയറക്ടര്‍ ആണെന്നുതന്നെ പറയേണ്ടിവരും.

പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയാണ്?   

അയ്യോ.. ഭയങ്കരം...! ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്, മെസ്സേജ് അയയ്ക്കുന്നുണ്ട്. ഇത്രയും വലിയ പ്രോജക്ടില്‍ സര്‍പ്രൈസ് പോലെ എന്നെ കണ്ടപ്പോള്‍ പലര്‍ക്കും ഒരല്‍ത്ഭുതമാണ് തോന്നിയത്.

ചിത്രീകരണ രീതിയെക്കുറിച്ച്?

ഒഥന്‍റിക്കായിട്ടുള്ള, അത്രയും ഓണസ്റ്റായിട്ടുള്ള ഒരു പ്രോഗ്രസാണ്. ആ കണ്ടന്‍റിനെക്കുറിച്ചുതന്നെയാണ് കൂടുതല്‍ റിവ്യൂസും വരുന്നത്. അജല എന്ന എന്‍റെ ക്യാരക്ടറിനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ അജലയ്ക്കായി മെസ്സേജ് അയയ്ക്കുന്നുണ്ട്.

സമയം എത്രയുണ്ട്?

തുടര്‍ച്ചയായി കാണാന്‍ ഏഴെട്ടുമണിക്കൂറെങ്കിലുമെടുക്കും. പ്രേക്ഷകര്‍ അത്രയും സമയം ഇതിനുവേണ്ടി മിനക്കെട്ടില്ല ഇതുവരെ. മൊത്തം എട്ട് എപ്പിസോഡാണുള്ളത്. ആളുകള്‍ ഇതിന്‍റെ കാഴ്ചകളിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. 

സിനിമയുമായി ഈ സീരീസ് കമ്പയര്‍ ചെയ്താല്‍?

ഞാനിതുവരെ മൂന്നുനാല് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. അതുകൊണ്ട് സിനിമയുമായി താരതമ്യം ചെയ്യാന്‍ വലിയ എക്സ്പീരിയന്‍സൊന്നും എനിക്കില്ല താനും. ഒന്നാമത്, ഈ സീരീസ് സിനിമയുമായി കമ്പയര്‍ ചെയ്യുവാന്‍ പറ്റുന്ന ഒന്നല്ല. സാധാരണ നമ്മള്‍ കാണുന്ന വെബ്സീരീസുപോലെയും ഒന്നല്ല ഇത്. ലാസ്റ്റ് പിക്ച്ചറില്‍ തന്നെ വലിയ ഒരു ക്രൂ ഉണ്ട്. സര്‍വ്വസന്നാഹങ്ങളുമുണ്ട്.

എങ്ങനെയാണ് ഈ സീരീസില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്?

ഇന്‍സ്റ്റഗ്രാമില്‍ മുകേഷ് ശബരിയുടെ കാസ്റ്റിംഗ് ഓഫീസില്‍ നിന്നും ഒരു മെസേജ് ഇട്ടിരുന്നു. പക്ഷേ, ഞാനത് കണ്ടിരുന്നില്ല. പിന്നീട് കോ-ഓര്‍ഡിനേറ്ററായ വിവേക് രാമദേവ് വഴി എന്നെ ബന്ധപ്പെടുകയും ഓഡിഷനില്‍ പങ്കെടുക്കാമോയെന്ന് ചോദിക്കുകയും ചെയ്തു. ഒരു ബോളിവുഡ് ടീമാണെന്ന് മാത്രമേ ആദ്യം പറഞ്ഞിരുന്നുള്ളൂ. എന്‍റെ ഡയലോഗുകള്‍ മലയാളത്തിലായിരിക്കുമെന്നും പറഞ്ഞിരുന്നു. ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തു. ഷോര്‍ട്ട് ലിസ്റ്റില്‍ ഞാന്‍ ഉള്‍പ്പെടുകയും ചെയ്തു. 

പിന്നീട് ഒരു സൂം മീറ്റിംഗില്‍ സംസാരിക്കുമ്പോഴാണ് ഇത് റിച്ചിമേത്തയുടെ പ്രോജക്ടാണെന്നും ബിഗ് പ്രൊഡക്ഷനാണെന്നുമൊക്കെ ഞാനറിയുന്നത്. റിച്ചി മേത്തയുടെ 'ഡെല്ലി ക്രൈം' വളരെ ഫെയ്മസായ ഒരു ചിത്രമായിരുന്നു. അതിനുശേഷമുള്ള ഒരു പ്രോജക്ടെന്ന നിലയില്‍ ഇതിന് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. കേരളത്തില്‍ നടന്ന കഥയായതുകൊണ്ട് റിച്ചിക്ക് വലിയ നിര്‍ബന്ധമായിരുന്നു. ഒറിജിനല്‍ ലാംഗ്വേജില്‍ തന്നെ ഇത് കാണിക്കണമെന്ന്. എന്തായാലും എല്ലാം ഒത്തുവന്നു. എല്ലാം എന്‍റെ ഭാഗ്യമായും ഞാന്‍ കരുതുന്നു.രഞ്ജിത മേനോന്‍റെ വാക്കുകള്‍.


LATEST VIDEOS

Interviews