സിനിമയിലേക്ക് മുഴുവന്‍ സമയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെയാണോ ദുബായില്‍ നിന്ന് ഹരിപ്പാട്ടേക്ക് താമസം മാറാന്‍ കാരണം?
അതെ. ദുബായില്‍ ഞാന്‍ നഴ്സ് ആയിരുന്നു. പക്ഷേ അവിടെത്തന്നെ നിന്നാല്‍ എനിക്ക് സിനിമ ചെയ്യാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് എന്‍റെ കുടുംബത്തോടൊപ്പം ഇപ്പോള്‍ ഹരിപ്പാട്ട് ആണ് താമസം.
സിനിമയിലും നേരിട്ടും രമ്യയെ കാണാന്‍ വലിയ വ്യത്യാസം ഉണ്ടല്ലോ. ആളുകള്‍ അത് ശ്രദ്ധിച്ചുപറയാറുമുണ്ട്. അപ്പോള്‍ എന്താണ് തോന്നുക?
എനിക്ക് സന്തോഷമാണ് തോന്നാറ്. ഞാന്‍ സിനിമയില്‍ ചെയ്ത കഥാപാത്രവും, ഞാനും തമ്മില്‍ ശാരീരികമായി വലിയ വ്യത്യാസം ആണല്ലോ. സാധാരണ എല്ലാവരും പ്രായം കുറയ്ക്കാന്‍ നോക്കുമ്പോള്‍ ഞാന്‍ സിനിമയ്ക്ക് വേണ്ടി പ്രായം കൂട്ടാനാണ് നോക്കുക. സത്യന്‍ സാര്‍ പറയുമായിരുന്നു എന്നെ ഒരു എണ്‍പത് വയസ്സുകാരിയാക്കാനും എളുപ്പമാണ് എന്ന്. കഥാപാത്രത്തിന് അനുസരിച്ച് അങ്ങനെ മാറാന്‍ കഴിയുന്നത് ഒരു അനുഗ്രഹമാണ് എന്നും സത്യന്‍ സാര്‍ പറഞ്ഞു.
എല്ലാ സിനിമകളും നമ്മള്‍ നല്ലവിധം അദ്ധ്വാനിച്ചുതന്നെയാണ് അഭിനയിക്കുക. പക്ഷേ താങ്കളെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടി അഭിനയിച്ച സിനിമ ഏതാണ്?
അത് 'പടവെട്ട്' ആയിരിക്കും. ഞാന്‍ അതില്‍ നല്ലോണം കഷ്ടപ്പെട്ടു. പശുവിനെകറക്കുന്ന ഒരു രംഗത്തിന് വേണ്ടി പരിശീലിച്ചുനോക്കാനായി ഒരു പശുവിനെ വാങ്ങി, പിന്നെ അത് ഒരു ഫാം ആയി മാറി. പക്ഷേ ഇപ്പോള്‍ അതൊക്കെ പൂട്ടി.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ കൂടെച്ചെയത് സിനിമ...?
അത് തമിഴിലെ എന്‍റെ ആദ്യത്തെ സിനിമയാണ്. എനിക്ക് തമിഴില്‍ അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് ജയ്ഭീം സിനിമയുടെ സംവിധായകന്‍റെ ഭാഗത്തുനിന്നും കോള്‍ വരുന്നത്. രജനികാന്ത് സിനിമയുടെ ഭാഗമാകാന്‍ ആണ് വിളിച്ചത് എന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. പിന്നെ സിനിമയില്‍ ചെറിയ ഒരു റോളില്‍ മൂന്നോ നാലോ സീനെ അഭിനയിക്കാന്‍ ഉള്ളൂവെങ്കിലും രജനികാന്ത് സാറിന്‍റെ കൂടെ കോംബിനേഷന്‍ സീനുകള്‍ ഒക്കെയുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി സന്തോഷം. സ്ക്രീനില്‍ അമ്മവേഷവും, ലൊക്കേഷനില്‍ എന്നെ ജീന്‍സിലും ടോപ്പിലും കൂടെ കണ്ടപ്പോള്‍ രജനികാന്ത് സാര്‍ ഞെട്ടിത്തരിച്ചുപോയി. അത് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. 'അടയാളമേ തെരിയലേ' എന്നാണ് എന്നെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്. സിനിമയില്‍ ഫഹദ് ഫാസിലും ഒരു നല്ല വേഷം ചെയ്യുന്നുണ്ട്.
എപ്പോഴും അമ്മവേഷങ്ങള്‍ ചെയ്ത് അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം തോന്നിയിട്ടുണ്ടോ?
ഇപ്പോള്‍ എനിക്ക് അമ്മ വേഷം തന്നെയാണല്ലോ അധികം കിട്ടുന്നത്. ഞാന്‍ അത് മാറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാവരും കാത്തിരുന്ന് കാണണം.
ഏതൊക്കെയാണ് പുതിയ സിനിമകള്‍?
കുണ്ഡലപുരാണം, കനകരാജ്യം, രണ്ടാംയാമം, ചേര, വികാരം, ആനന്ദ് ശ്രീബാല എന്നിവയാണ്.
കുണ്ഡല പുരാണം എങ്ങനെയുള്ള സിനിമയാണ്?
സന്തോഷ് പുതുക്ക് എന്ന സംവിധായകന്‍റെ സിനിമയാണ് ഇത്. കാസര്‍ഗോഡ് കേന്ദ്രീകരിച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ ഞങ്ങള്‍ ഒരു ഫാമിലി പോലെ ആയിരുന്നു. കാരവന്‍ ഇല്ലാതെ അവിടുള്ള പൊരിഞ്ഞ ചൂടില്‍ ആയിരുന്നു ഷൂട്ടിംഗ് നടത്തിയത്. ചെറിയ സംഭവങ്ങള്‍ വലിയ സംഭവങ്ങളായി മാറുന്ന ഒരു സിനിമയായിരുന്നു ഇത്.