മമ്മുട്ടി കഥാനായകനായി വന്ന 'ആനന്ദം' എന്ന സൂപ്പർഹിറ്റ് ചിത്രം മുഖേന തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ലിങ്കുസാമി. ഈ ചിത്രത്തിനെ തുടർന്ന് നിരവധി സിനിമകൾ സംവിധാനം ചെയ്ത ലിങ്കു സാമിയുടെ സിനിമ കരിയറിൽ സൂപ്പർഹിറ്റായ മറ്റൊരു ചിത്രമാണ് 'ബയ്യ'. തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തിയും, തമന്നയും ഒന്നിച്ചഭിനയിച്ച ഈ സിനിമ 2010-ലാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്കുള്ള കാർ യാത്രയ്ക്കിടയിലെ പ്രണയത്തെ ലിംഗുസാമി മനോഹരമായും, യാഥാർത്ഥ്യമായും അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ബയ്യ'യുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണ് ലിങ്കുസാമി. ആദ്യ ഭാഗം വൻ വിജയമായതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ബിഗ് ബജറ്റിൽ ഒരുക്കാനാണത്രെ ലിങ്കുസാമി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആദ്യ ഭാഗത്തിൽ നായകനും, നായികയുമായി എത്തിയ കാർത്തിയും, തമന്നയും രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ലെന്നതാണ് ട്വിസ്റ്റ്! രണ്ടാം ഭാഗത്തിൽ ആര്യയാണത്രെ കഥാനായകനായി അഭിനയിക്കുന്നത്. കഥാനായകിയായി അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറാണത്രെ എത്തുന്നത്. ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവായ ബോണി കപൂറിന്റെയും, നടി ശ്രീദേവിയുടെയും മകളായ ജാൻവി കപൂർ
ഈ ചിത്രത്തിലൂടെ കോളിവുഡിൽ ചുവടുവെക്കുമെന്ന് പറയപ്പെടുന്നത്. ഇത് സംബന്ധമായ ചർച്ചകൾ പുരോഗമിച്ചു വരികയാണത്രെ! 'ബയ്യ' രണ്ടാം ഭാഗം പൂർണമായും ദുബായിൽ ചിത്രീകരിക്കാനാണ് ലിങ്കു സാമിയുടെ പദ്ധതി എന്നും പറയപ്പെടുന്നുണ്ട്.
ഇദ്ദേഹം സംവിധാനം ചെയ്തു ഈയിടെ തമിഴിലും, തെലുങ്കിലുമായി പുറത്തുവന്ന 'ദി വാരിയർ' എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ചലനം സൃഷ്ടിക്കുകയുണ്ടായില്ല.