'തുടക്കക്കാരി എന്ന നിലയിൽ കണ്ണൂർ സ്‌ക്വാഡ് പോലെയൊരു വലിയൊരു ചിത്രത്തിൽ സുപ്രധാനവേഷം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നത്. മമ്മൂക്കയെ പോലെയൊരു വലിയ നടനൊപ്പം അഭിനയിക്കാൻ കഴിയുന്നതെല്ലാം എന്നെ സംബന്ധിച്ച് സ്വപ്നമായി തോന്നുന്നുണ്ട്. സിനിമ കണ്ട ഓരോരുത്തരും അതിലെ എന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നു.. എഴുതുന്നു.. അതിലും വലിയ സന്തോഷമൊന്നും എനിക്കിനി ലഭിക്കാനില്ല. ഇനിയുള്ള സിനിമാ കരിയറിൽ മുന്നോട്ട് പോവാനുള്ള ഇന്ധനം ഇതിൽ നിന്ന് തന്നെ കിട്ടി. ഇപ്പോഴും ആ എക്‌സൈറ്റ്‌മെന്റിലാണ്. ' അഫ്‌സാന ലക്ഷ്മി എന്ന പേരു മലയാളികൾക്ക് പുതിയതാവാം. എന്നാൽ മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് കണ്ടവരാരും ഫർഹ എന്ന കഥാപാത്രത്തെ മറക്കില്ല. ഫർഹയായി മികച്ച അഭിനയ പ്രകടനം കാഴ്ചവച്ച കണ്ണൂർക്കാരി അഫ്‌സാന ലക്ഷ്മി പുതിയ വിശേഷങ്ങൾ സംസാരിച്ചുത്തുടങ്ങി.
മമ്മൂക്ക പറഞ്ഞ വാക്കുകൾ
ചെറുപ്പം മുതൽ ആരാധിച്ചിരുന്ന ഒരാൾക്കൊപ്പം ഞാൻ അഭിനയിക്കുക. സ്വപ്നതുല്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ടെൻഷനും എക്‌സൈറ്റ്‌മെന്റുമെല്ലാം ഒരുപോലെ നിറഞ്ഞു നിൽക്കുന്ന അവസ്ഥയായിരുന്നു അത്. മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ ഫർഹ ഇയാൾ അല്ലെ, എന്ത് ചെയ്യുന്നു എന്നൊക്കെ ഇക്ക ചോദിക്കുമ്പോഴും മമ്മൂക്കയുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുകയിരുന്നു ഞാൻ. മമ്മൂക്കയ്‌ക്കൊപ്പമുള്ള ആദ്യ കോമ്പിനേഷൻ സീനിന് തൊട്ടു മുൻപ് വരെ, അതുവരെ സ്‌ക്രീനിൽ കണ്ട ആ മുഖം കണ്ണ് വെട്ടാതെ നോക്കി ഇരുന്നു. ടെൻഷൻ കാരണം സംഭവിക്കുന്നതൊന്നും അപ്പോഴെനിക്ക് മനസിലാവുന്നു പോലും ഉണ്ടായിരുന്നില്ല. ആദ്യത്തെ സീൻ ആ വീട്ടിലുള്ളതായിരുന്നു. അന്ന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. അന്നെന്റെ പിറന്നാൾ ആയിരുന്നു. മമ്മൂക്ക വിഷ് ചെയ്തു. ഓഡിഷന് വേണ്ടി വന്നപ്പോൾ ചെയ്ത അതേ സീൻ തന്നെയാണ് ആദ്യം ചെയ്യുന്നത്. എത്ര ടെൻഷൻ ഇല്ലെന്ന് പറഞ്ഞു പഠിപ്പിച്ചാലും എന്റെ മുഖത്ത് അത് നല്ല രീതിയിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
രണ്ടാമത്തെ ടേക്കിൽ ഓക്കെയായിരുന്നു. എങ്ങനെയുണ്ടായി എന്നറിയാൻ ഞാൻ തിടുക്കപ്പെട്ടിരുന്നു. മമ്മൂക്ക പറഞ്ഞു നന്നായിട്ടുണ്ടെന്ന്. അത് കേട്ടതും സെറ്റിൽ എല്ലാവരും കൂടി കൈയടിച്ചു. അതായിരുന്നു തുടക്കം. അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മൊമെന്റായിരുന്നു.
കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമാവുന്നത്
കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം വഴിയാണ് ഓഡിഷന്റെ കാര്യം അറിയുന്നത്. റോബി ചേട്ടൻ കഥ പറഞ്ഞു തന്നു. സിനിമയിലെ വളരെ പ്രധാനപ്പെട്ട സീനായിരുന്നു എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്. വളരെ തമാശയായി റോബി ചേട്ടൻ ഗ്ലിസറിൻ ഇല്ലാതെ കരയാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. ഞാൻ തമാശയായാണ് കണ്ടതും. പക്ഷേ സീൻ അഭിനയിച്ചു തുടങ്ങിയപ്പോൾ ഇമോഷണലായി എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു. എന്റെ പെർഫോമൻസിൽ ഓക്കെയായതു കൊണ്ട് അവർ അപ്പോൾ തന്നെ ഡേറ്റ് ബ്ലോക്ക് ചെയ്യാൻ പറയുകയായിരുന്നു. അതിന് മുൻപും ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു എക്‌സ്പീരിയൻസ്.
മനോജേട്ടന്റെ മകളായി
മനോജേട്ടനും ഞാനും പയ്യന്നൂർക്കാരാണ്. നാടകങ്ങളിലായാ ലും സിനിമയിലായാലും അദ്ദേഹത്തിന്റെ പെർഫോമൻസ് എനിക്ക് വലിയ ഇഷ്ടമാണ്. തിങ്കളാഴ്ച നിശ്ചയത്തിലെ മനോജേട്ടന്റെ പെർഫോമൻസെല്ലാം നല്ല ഇഷ്ടമായിരുന്നു. വളരെ ഫ്രണ്ട്‌ലിയായതുകൊണ്ട് നന്നായി ചെയ്യാൻ കഴിഞ്ഞിരുന്നു. കംഫർട്ടബിളായിരുന്നു.
എടുത്ത തയ്യാറെടുപ്പുകൾ
കുറച്ചധികം റഫറൻസ് എടുത്തിരുന്നു. എന്റെ പ്രായത്തെക്കാൾ ചെറിയ പ്രായമായിരുന്നു കഥാപാത്രം. വലിയ ഫാമിലിയിലെ ചെറിയ കുട്ടി എന്ന് പറയുമ്പോൾ അത്യാവശ്യം ലാളനകളെല്ലാം കിട്ടിയ ഒരാളാണ്. റോബി ചേട്ടൻ കൃത്യമായ ക്ലാരിറ്റി തന്നിരുന്നു. ഒപ്പം കുഞ്ഞു സംശയങ്ങൾ വരുമ്പോൾ ഞാൻ റോബി ചേട്ടനോട് ചോദിക്കുമ്പോൾ അതെല്ലാം ക്ലിയർ ചെയ്തു തരുമായിരുന്നു. അതുകൊണ്ടാണ് ആ കഥാപാത്രം ഇത്രയധികം മനോഹരമായി ചെയ്യാൻ കഴിഞ്ഞത്.
സിനിമ അരങ്ങേറ്റത്തെക്കുറിച്ച്
അഞ്ചു വർഷം മുൻപ് വെളുത്ത മധുരം എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഇരുന്നൂറോളം വരുന്ന ആൾകാർ ഓഡിഷനിലെത്തിയെങ്കിലും അതിൽ സെലക്ടായത് ഞാനായിരുന്നു. നാലുപേർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമ ലഹരിക്കെതിരെയുള്ള ഒരു മെസ്സേജ് കൂടെയായിരുന്നു. ആ വർഷത്തെ പുതുമുഖ നടിക്കുള്ള ഫിലിം ക്രിറ്റിക്‌സ് അവാർഡ് കിട്ടിയിരുന്നു. ആദ്യ സിനിമയ്ക്ക് തന്നെ അങ്ങനെയൊരു ഭാഗ്യം കിട്ടിയത് സന്തോഷം നൽകുന്ന കാര്യമായിരുന്നു. ആ അവാർഡ് പ്രചോദനമായാണ് ഇനിയും നല്ല സിനിമകൾ ചെയ്യണമെന്നതിൽ എത്തിയത്.
നൃത്തം ജീവവായു
അഭിനയമല്ലാതെ ചെറുപ്പം മുതൽ ഒപ്പമുള്ള ഒന്നാണ് നൃത്തം. എട്ടാം ക്ലാസ്സ് മുതൽ ഡിഗ്രി വരെ കലാമണ്ഡലത്തിലാണ് പഠിച്ചത്. അവിടെ മോഹിനിയാട്ടവും കുച്ചുപിടിയുമാണ് പഠിച്ചത്. ചെറുപ്പം മുതൽ പാട്ടും നൃത്തവും എഴുത്തും ചിത്രം വരയും എല്ലാം ഒപ്പമുണ്ടായിരുന്നു. ഇപ്പോഴും അതെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. ഒപ്പം ട്രാവലിങ്ങുമുണ്ട്. അതുപോലെ ചെറുപ്പം മുതൽ നാടകങ്ങളിലും അഭിനയിക്കുന്നുണ്ട്. സ്റ്റേജിൽ ലൈവ് ആയി പെർഫോം ചെയ്യുന്നതും ഒരു ഹരമാണ്. അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് നാടകങ്ങളിലൂടെയാണ്.
ഫാമിലി കരുത്താണ്
ചെറുപ്പം മുതൽ എന്റെ കഴിവുകൾ മനസിലാക്കി ശരിയായ പാതയിൽ എന്നെ എത്തിച്ചത് എന്റെ ഫാമിലിയാണ്. അച്ഛൻ (മധുസൂദനൻ), അമ്മ (ശുഭ മധുസൂദനൻ), അനിയത്തി (അനവദ്യ) ഇവർ കൂടിയതാണ് എന്റെ കുടുംബം. അവർ എന്നേക്കാൾ അപ്‌ഡേറ്റഡാണ്. സോഷ്യൽ മീഡിയയിൽ ഓരോ ട്രെൻഡിംഗായി നിൽക്കുന്ന വാർത്തകളൊക്കെ ഞങ്ങൾ മാത്രമുള്ള ഗ്രൂപ്പിലവർ ഷെയർ ചെയ്യുമ്പോഴാണ് പലപ്പോഴും ഞാൻ പോലും അതേപ്പറ്റി അറിയാറുള്ളത്. ലൊക്കേഷനിലാണെങ്കിലും അമ്മ എപ്പോഴും കൂടെയുണ്ടാവാറുണ്ട്. എല്ലാ രീതിയിലുള്ള സപ്പോർട്ടും എനിക്ക് അവർ നൽകുന്നുണ്ട്.
ബിന്ദു പി.പി