വിജയ്, വെങ്കട്പ്രഭു കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങി വരുന്ന ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. ചുരുക്കത്തിൽ 'GOAT' എന്ന് വിളിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, സ്നേഹ, ലൈല, അജ്മൽ, മീനാക്ഷി ചൗധരി തുടങ്ങി നിരവധി പേർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നും ഈ ചിത്രം നിർമ്മിക്കുന്നത് വിജയ്‌യുടെ 'ബിഗിൽ' എന്ന ചിത്രം നിർമ്മിച്ച എ.ജി.എസ്. കമ്പനിയാണ് എന്നുള്ള വിവരങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. 'GOAT അടുത്ത മാസം (സെപ്റ്റംബർ) 5-ന് റിലീസാകാനിരിക്കുന്നതിനാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും, ബിസിനസ് വിഷയങ്ങളും തകൃതിയായി നടന്നു വരികയാണ്. ഈ ഘട്ടത്തിൽ ഈ ചിത്രത്തിനെ ലോകമെമ്പാടുമുള്ള ഐമാക്സ് സാങ്കേതിക വിദ്യയിലുള്ള തിയറ്ററുകളിലും റിലീസ് ചെയ്യാനുള്ള ജോലികളും പുരോഗമിച്ച് വരികയാണെന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇതിനോടകം വിജയുടെ 'ലിയോ' എന്ന ചിത്രം ഐമാക്‌സ് ടെക്‌നോളജിയിൽ പുറത്തിറങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ റിലീസാകാനിരിക്കുന്ന ചിത്രം എന്ന നിലയിലും, വിജയ്‍യും, വെങ്കട് പ്രഭുവും ആദ്യമായി ഒന്നിച്ചിരിക്കുന്ന ചിത്രം എന്ന നിലയിലും ആരാധകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'GOAT'.