'തൊമ്മനും മക്കളും' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ, വിക്രം നായകനായ 'മജാ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ പ്രവേശിച്ച മലയാള നടനാണ് ബിജു മേനോൻ. ഈ ചിത്രത്തിനെ തുടർന്ന് 'ജൂൺ ആർ', 'തമ്പി', 'അഗരം', 'പഴനി', 'പോർക്കളം' തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ബിജു മേനോൻ അഭിനയിച്ചു. 2010-ൽ പുറത്തുവന്ന 'പോർക്കള'മാണ് ബിജു മേനോൻ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ഇപ്പോൾ ഏകദേശം 14 വർഷങ്ങൾക്ക് ശേഷം ബിജു മേനോൻ വീണ്ടും ഒരു തമിഴ് സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ്.
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ശിവകാർത്തികേയനെ നായകനാക്കി തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ എ.ആർ. മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ബിജുമേനോനെ സെലക്ട് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം നായികയായി അഭിനയിക്കുന്നത് രുക്മിണി വസന്താണ്. എ.ആർ.മുരുകദാസ് സംവിധാനം ചെയ്ത വിജയ് ചിത്രമായ 'തുപ്പാക്കി'യിൽ വില്ലനായി വന്ന വിദ്യുത് ജാമ്‌വാലാണ് ഈ ചിത്രത്തിലും വില്ലനായി എത്തുന്നത്. അനിരുദ്ധാണ് സംഗീതം നൽകുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ബിജു മേനോൻ അടുത്തു തന്നെ പോണ്ടിച്ചേരിയിൽ നടക്കുന്ന ഷെഡ്യൂളിൽ പങ്കുചേരുമെന്നാണ് മറ്റൊരു റിപ്പോർട്ട്. ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം 'അമരൻ' ആണ് ഇതിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.