ഇന്ത്യൻ സിനിമയിലെ മൈക്കേൽ ജാക്സൺ എന്നറിയപ്പെടുന്ന പ്രമുഖ വ്യക്തിയാണ് പ്രഭുദേവ. സിനിമയിൽ നൃത്ത സംവിധായകനായും, നടനായും, സംവിധായകനായും, നിർമ്മാതാവായും പ്രവർത്തിച്ചുവരുന്ന പ്രഭുദേവ അവസാനമായി സംവിധാനം ചെയ്ത ചിത്രം സൽമാൻഖാൻ നായകനായി വന്ന ഹിന്ദി ചിത്രമായ 'രാധേ'യാണ്. ഈ ചിത്രത്തിൻ്റെ പരാജയത്തിന് ശേഷം പ്രഭുദേവ അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ ഒരുങ്ങി വരുന്ന 'കടമറ്റത്ത് കത്തനാർ' എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രഭുദേവ ബോളിവുഡിൽ ശരൺ ഉപ്പലപാടി സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ കരാറിലൊപ്പിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് നടിയായ കാജോലും പ്രഭുദേവക്കൊപ്പം അഭിനിയിക്കാനിരിക്കുകയാണ്. ഇവരോടൊപ്പം മലയാളി നടിയായ സംയുക്ത മേനോൻ, ബോളിവുഡിലെ പ്രശസ്ത നടനായ നസറുദ്ദീൻ ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1997ൽ രാജീവ് മേനോൻ സംവിധാനം ചെയ്ത 'മിൻസാരകനവ്' എന്ന തമിഴ് ചിത്രത്തിൽ പ്രഭുദേവയും, കാജോലും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ മറ്റൊരു നായകനായി അരവിന്ദ്സാമിയും അഭിനയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 27 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും, കജോളും വീണ്ടും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്.