അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'വിടാമുയർച്ചി'. ജനവരിയിൽ പൊങ്കലിനോടനുബന്ധിച്ച് റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്നലെയാണ് പുറത്തുവന്നത്. അജിത്തും, മകിഴ് തിരുമേനിയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം എന്ന നിലയിൽ അജിത്തിന്റെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ഈ സാഹചര്യത്തിലാണ് മകിഴ് തിരുമേനി 'വിടാമുയർച്ചി'ക്കു ശേഷം സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അതനുസരിച്ച് അജിത്തിന് ശേഷം മകിഴ് തിരുമേനി 'ചിയാൻ' വിക്രമിനെ നായകനാക്കിയാണത്രെ സിനിമ ഒരുക്കുന്നത്. ഇത് സംബന്ധമായി വിക്രം, മകിഴ് തിരുമേനി ഈയിടെ നേരിൽ കണ്ടു സംസാരിച്ചു എന്നും, രണ്ടു പേരും ഒന്നിച്ച് ചിത്രം ചെയ്യാനുള്ള ധാരണയിലെത്തി എന്നുമാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ. ഏറെ പ്രതീക്ഷകളോടെ ഈയിടെ പുറത്തിറങ്ങിയ വിക്രം നായകനായ 'തങ്കലൻ' എന്ന ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. ഇതിനെ തുടർന്ന് അരുൺകുമാർ സംവിധാനം ചെയ്യുന്ന 'വീര ധീര ശൂരൻ' എന്ന സിനിമയിലാണ് വിക്രം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രവും പൊങ്കലിന് റിലീസാകുമെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം 'പാർക്കിങ്ങ്' എന്ന ചിത്രം സംവിധാനം ചെയ്ത രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ അഭിനയിക്കാനും വിക്രം അദ്ദേഹവുമായി ചർച്ചകൾ നടത്തി വരികയാണെന്നുള്ള ഒരു റിപ്പോർട്ടും ഉണ്ട്. അതിനാൽ വിക്രം അടുത്ത് രാംകുമാർ ബാലകൃഷ്ണനൊപ്പമായിരിക്കുമോ, അല്ലെങ്കിൽ മകിഴ് തിരുമേനിക്കൊപ്പമായിരിക്കുമോ ജോയിൻ ചെയ്യുക എന്നുള്ള കാര്യത്തെ കുറിച്ച് വ്യക്തമായ റിപ്പോർട്ടില്ല. അടുത്ത് തന്നെ അത് സംബന്ധമായുള്ള അറിയിപ്പ് വരും എന്നാണ് പറയപ്പെടുന്നത്.