ചിയാൻ' വിക്രം, പ.രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങി ഈയിടെ റിലീസായി പ്രേക്ഷക പ്രശംസയും, നല്ല കളക്ഷനും നേടിയ ചിത്രമാണ് 'തങ്കലാൻ'. ഈ സിനിമയിൽ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നീ രണ്ടു മലയാളി താരങ്ങൾ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു. ഇതിൽ മാളവികാ മോഹൻ അവതരിപ്പിച്ച ആരത്തി കഥാപാത്രം മികവുറ്റതായിരുന്നു. 'പട്ടം പോലെ' എന്ന മലയാള സിനിമ മുഖേന സിനിമയിൽ പ്രവേശിച്ച മാളവികാ മോഹനന് മലയാളത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും തമിഴിൽ രജനികാന്തിന്റെ 'പേട്ട' വിജയ്‌യുടെ 'മാസ്റ്റർ' ധനുഷിൻറെ 'മാരൻ', വിക്രമിന്റെ 'തങ്കലാൻ' തുടങ്ങിയ ബിഗ് ബഡ്ജറ്റ് സിനിമകളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് മാളവിക മോഹനന് തെലുങ്കു സിനിമയിലെ പ്രശസ്ത നടനായ പ്രഭാസ് നായകനാകുന്ന 'രാജാസാബ്' എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും വന്നിരിക്കുന്നത്. ഒരുപാട് തെലുങ്ക് സിനിമകൾ സംവിധാനം ചെയ്ത മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാജാസാബ്'. പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, നിത്തി അഗർവാൾ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മാളവിക മോഹൻ ഒരു പ്രധാന കഥാപാത്രമാണത്രെ അവതരിപ്പിക്കുന്നത്. കോമഡി കലർന്ന ഹൊറർ ചിത്രമായിട്ടാണ് 'രാജാസാബ്' ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുണ്ട്.