തമിഴിലെ പ്രശസ്ത സംവിധായകനായ മണിരത്‌നവും, കമൽഹാസനും ചേർന്ന് ഒരുക്കിവരുന്ന ബ്രമ്മാണ്ട ചിത്രമാണ് 'തഗ് ലൈഫ്'. ഈ ചിത്രത്തിൽ കമൽഹാസനൊപ്പം തൃഷ, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ഗൗതം കാർത്തിക് തുടങ്ങിയവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' നിർമ്മിക്കുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്‌മാനാണ് സംഗീതം നൽകുന്നത്. ചെന്നൈയിലാണ് ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ ചിത്രീകരണം നടന്നത്. ഇതിനെ തുടർന്ന് സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിനായി മണിരത്നം ഇപ്പോൾ വിദേശ രാജ്യമായ സെർബിയയിൽ ക്യാമ്പ് ചെയ്തു ചിത്രീകരണം നടത്തി വരികയാണ്.
ഈ ചിത്രത്തിൽ ദുൽഖർ സൽമാനും, 'ജയം' രവിയും ജോയിൻ ചെയ്തിരുന്നു. എന്നാൽ ഈയിടെ ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ നിന്നും പിന്മാറി. കാൾഷീറ്റ് പ്രശ്‌നത്തെ തുടർന്നാണ് ദുൽഖർ പിന്മാറിയതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ 'ജയം' രവിയും ചിത്രത്തിലിരുന്ന് പിന്മാറിയതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. ദുൽഖർ സൽമാന് പിന്നാലെ കാൾഷീറ്റ് പ്രശ്‌നത്തെ തുടർന്ന് തന്നെയാണ് 'ജയം' രവിയും 'തഗ് ലൈഫി'ൽ നിന്ന് പിന്മാറിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.