NEWS

ഇന്ത്യൻ' മൂന്നാം ഭാഗം നേരിട്ട് OTT-യിലേക്കെന്ന് സൂചന

News

'ഇന്ത്യൻ' മൂന്നാം ഭാഗം നേരിട്ട് OTT-യിലേക്കെന്ന് സൂചന... ശങ്കർ, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങി ഈയിടെ പുറത്തുവന്ന ചിത്രമാണ് 'ഇന്ത്യൻ-2'. തമിഴ് സിനിമയില പ്രശസ്ത നിർമ്മാണ കമ്പനിയായ 'ലൈക്ക പ്രൊഡക്ഷന്‍' നിര്‍മ്മിച്ച ഈ ചിത്രം വൻ പരാജയമായിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതുമാണ്. 'ഇന്ത്യന്‍' രണ്ടാം ഭാഗത്തിനേക്കാൾ താൻ കാത്തിരിക്കുന്ന ചിത്രം 'ഇന്ത്യന്‍' മൂന്നാം ഭാഗമാണെന്ന് കമല്‍ഹാസൻ തന്നെ പരസ്യമായി പറയുകയും ചെയ്തിരുന്നു. അതേ സമയം 'ഇന്ത്യന്‍-2' റിലീസായ ആറ് മാസത്തിനുള്ളില്‍ 'ഇന്ത്യന്‍-3' എത്തുമെന്നുള്ള വാർത്തകളും അപ്പോൾ പുറത്തുവന്നിരുന്നു. എന്നാല്‍ 'ഇന്ത്യന്‍-2'വിന് സംഭവിച്ച വന്‍ തിരിച്ചടിക്ക് ശേഷം 'ഇന്ത്യന്‍' മൂന്നാം ഭാഗം കുറിച്ചുള്ള വാര്‍ത്തകള്‍ അധികം പുറത്തുവരികയുണ്ടായില്ല. ഇതിന് കാരണം സംവിധായകന്‍ ഷങ്കര്‍, തന്റെ അടുത്ത ചിത്രമായ രാംചരണ്‍ നായകനാകുന്ന 'ഗെയിം ചെയ്ഞ്ചർ' എന്ന ചിത്രത്തിന്റെ വർക്കുകളിലേക്കും, കമല്‍ഹാസൻ തന്റെ അടുത്ത സിനിമയായ 'തഗ് ലൈഫി'ന്‍റെ തിരക്കിലേക്കും മാറി. അതുപോലെ 'ഇന്ത്യൻ' സിനിമയുടെ നിർമ്മാതാക്കളായ 'ലൈക്ക' രജനികാന്തിന്റെ 'വേട്ടൈയന്‍' അടക്കമുള്ള ചില ചിത്രങ്ങളുടെ തിരക്കിലാണ്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് 'ഇന്ത്യൻ-3'യെ കുറിച്ച് പുതിയൊരു സൂചന പുറത്തുവന്നിരിക്കുന്നത്. അതായത് 'ഇന്ത്യൻ-2' വന്‍ നഷ്ടമാണ് വിതരണക്കാര്‍ക്കും, തിയേറ്റർ ഉടമകള്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ 'ഇന്ത്യൻ-3'യുടെ തിയേറ്റർ റിലീസിന് മുന്‍പ് വിതരണക്കാരില്‍ നിന്നോ, തിയേറ്റർ ഉടമകളിൽ നിന്നോ അഡ്വാന്‍സ് തുക ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ കണക്കുകൂട്ടല്‍. ചിത്രം സൗജന്യമായി വിതരണത്തിന് നൽകിക്കൊണ്ട് 'ഇന്ത്യന്‍-2'വിന്റെ നഷ്ടം നികത്താൻ ആവശ്യപ്പെട്ടേക്കാം എന്ന ആശങ്കയും ഉള്ളതിനാൽ 'ഇന്ത്യന്‍-3'യെ നേരിട്ട് ഒരു OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയാണെങ്കിൽ കണിശ്ശമായ ഒരു തുക നേടാം എന്നതാണ് നിര്‍മ്മാതാക്കളുടെ കണക്കുകൂട്ടൽ. 'ഇന്ത്യൻ-2'വിന്‍റെ OTT അവകാശം 125 കോടി രൂപക്കാണ് വിറ്റതെന്നാണ് റിപ്പോർട്ട്. അങ്ങിനെയാണെങ്കിൽ 'ഇന്ത്യൻ-3'യുടെ അവകാശത്തിന് നിർമ്മാതാക്കൾ എത്ര കോടി ആവശ്യപ്പെടും, എത്ര തുക നൽകാൻ OTT പ്ലാറ്റ്ഫോം ഉടമസ്ഥർ മുൻവരും എന്നുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ സമയം കമല്‍ഹാസനും, ശങ്കറും ഈ തീരുമാനത്തിനൊപ്പമാണോ എന്ന കാര്യവും വ്യക്തമല്ല. ഇത് സംബന്ധമായുള്ള പുതിയ വാർത്തകൾ അടുത്തുതന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത് .


LATEST VIDEOS

Top News