രാമായണം കഥയെ ആസ്പദമാക്കി ഒരുപാട് സിനിമകൾ പുറത്തുവന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഹിന്ദിയിലും ഒരു സിനിമ ഒരുങ്ങി വരുന്നുണ്ട്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ 'രാമായണം' സിനിമയിൽ ബോളിവുഡിലെ പ്രശസ്ത നടനായ രൺബീർ കപൂർ രാമനായും, തെന്നിന്ത്യൻ താരമായ സായ് പല്ലവി സീതയായും അഭിനയിക്കുന്നു. കന്നഡ സിനിമയിലെ പ്രശസ്ത നടനായ യാഷാണ് രാവണനായി എത്തുന്നത്. ഹനുമാനായി സണ്ണി ഡിയോളും, കുംഭകർണ്ണനായി ബോബി ഡിയോളുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന് എ.ആർ. റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റൊരു തെന്നിന്ത്യൻ നടിയും, മലയാളിയും കൂടിയായ ശോഭനയും ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സായ് പല്ലവിക്കൊപ്പം അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിലാണ് ശോഭന അഭിനയിക്കുന്നത് എന്നാണ് സൂചന. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 1000 കോടി രൂപ ബജറ്റിലാണ് 'രാമായണം' രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്നത്. അതനുസരിച്ച് ആദ്യ ഭാഗം 2026 ദീപാവലിയോടനുബന്ധിച്ചും, രണ്ടാം ഭാഗം 2027 ദീപാവലിയോടനുബന്ധിച്ചും റിലീസാകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.