കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ അപകടത്തിൽപെട്ട നടൻ പൃഥ്വിരാജിന്റെ കാലിലെ ശസ്ത്രക്രിയ കഴിഞ്ഞു. കീ ഹോൾ ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ച് വരികയാണെന്നും കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. തനിക്കുവേണ്ടി വേദനിക്കുകയും തന്നെ സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും താരം നന്ദിയും അറിയിക്കുന്നുണ്ട്.
വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബസിലെ സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം താരത്തിന് അപകടം സംഭവിച്ചത്. ബസിൽ നിന്നും ചാടിയിറങ്ങുന്നതിനിടെയിൽ കാലിന്റെ ലിഗമെന്റിന് പരിക്കേൽക്കുകയായിരുന്നു. പിന്നാലെ കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട താരത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ..
' 'അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് അപകടം സംഭവിച്ചു. ഭാഗ്യവശാൽ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ കീ ഹോൾ ശസ്ത്രക്രിയ നടത്തി ഞാനിപ്പോൾ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്.
ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കാനും എന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ കഠിനമായി പരിശ്രമിക്കുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തിൽ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി'