'ജി', 'കിരീടം', 'മങ്കാത്ത', 'എന്നൈ അറിന്താൽ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അജിത്തും, തൃഷയും ഒന്നിച്ചഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. ഈ ചിത്രത്തിനോടൊപ്പം തന്നെ അജിത്ത്, ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 'മാർക്ക് ആൻ്റണി' എന്ന ചിത്രത്തിന് ശേഷം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി.ഈ ചിത്രത്തിൽ അജിത്തിനൊപ്പം നായികയായി അഭിനയിക്കുന്നത് തെലുങ്ക് നടി ശ്രീലീലയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ചിത്രത്തിൽ അജിത്തിനൊപ്പം തൃഷയും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതിന് മുൻപ് നയൻതാരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ നയൻതാര ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ലത്രേ! ആ കഥാപാത്രത്തിലേക്കാണത്രെ തൃഷയെ പരിഗണിച്ചിരിക്കുന്നത്. തമിഴ് സിനിമയിൽ ഇപ്പോഴത്തെ മോസ്റ്റ് വാണ്ടഡ് ഹീറോയിൻ തൃഷയാണ്. പൊന്നിയിൻ സെൽവൻ' 'ലിയോ' എന്നീ വമ്പൻ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യുടെ 'GOAT'ലും തൃഷ ഒരു കഥാപത്രം അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ചിത്രമാണ് 'GOAT'. എന്നാൽ 'ഗുഡ് ബാഡ് അഗ്ലി'യിൽ തൃഷ അഭിനയിക്കുന്ന കാര്യം കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.