തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ ഇപ്പോൾ 'ശിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങി വരുന്ന ഈ ചിത്രത്തിന് ശേഷം വെട്രി മാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന സിനിമയിലാണ് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് ശേഷം സൂര്യ നേരിട്ട് ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുമെന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. ഈയിടെയായി പല തമിഴ് താരങ്ങളും തെലുങ്കിൽ നിർമ്മിക്കുന്ന സിനിമകളിൽ അഭിനയിക്കുന്നത് ഒരു ട്രെൻഡായി വരികയാണ്. വിജയ് (വാരിസു), ധനുഷ് (വാത്തി), ശിവകാർത്തികേയൻ (പ്രിൻസ്) എന്നിവരെ തുടർന്ന് ഇപ്പോൾ സൂര്യയും ആ ലിസ്റ്റിൽ ചേരുമെന്നാണ് പറയപ്പെടുന്നത്.
ദുൽഖർ സൽമാൻ നായകനായി വന്ന 'സീതാറാം' എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്ത ഹനു രാഘവപുഡിയാണത്രെ അടുത്ത് സൂര്യയെ നായകനാക്കി ചിത്രം ഒരുക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണത്രെ ഈ ചിത്രം നിർമ്മിക്കുന്നത്. ഹനു രാഘവപുഡി ഒരുക്കിയിരിക്കുന്ന കഥ ആദ്യം തെലുങ്കിലെ പ്രശസ്ത നടന്മാരായ രാം ചരണിനോടും, നാനിയോടും പറയുകയുണ്ടായെന്നും എന്നാൽ ഇവർ വേറെ ചിത്രങ്ങളിൽ തിരക്കിലായതിനാൽ ഓഫർ നിരസിക്കുകയാണത്രെ ചെയ്തത്. അതിനു ശേഷം കഥ സൂര്യയോട് പറയുകയും, അദ്ദേഹം ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തു എന്നാണ് നമ്മൾക്ക് ലഭിച്ചിരിക്കുന്ന വാർത്ത. ഇത് സംബന്ധമായ ഒഫീഷ്യൽ അറിയിപ്പ് അടുത്തുതന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.