യഥാർത്ഥത്തിൽ കർണ്ണാടകക്കാരി. തെലുങ്കുനാട്ടിലെ സിനിമയിൽ പോലീസ് വേഷത്തിൽ വരുന്നു. അന്വേഷണം നടത്തുന്നത് കേരളത്തിലും. ഇങ്ങനെ മൂന്ന് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നടി നിൽക്കുന്നത്.
പേര് സഞ്ജന ഗൽറാണി.മലയാളികൾ ഈ നടിയെ മറക്കാൻ സമയമായിട്ടില്ല. കാസനോവ, കിംഗ് ആൻഡ് കമ്മീഷണർ എന്നീ സിനിമകളിൽ അഭിനയിച്ചിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജന ഇപ്പോൾ മലയാള സിനിമയിലേക്ക് വരുന്നത്.
കുറെ മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുളള നിക്കി ഗൽറാണിയുടെ ചേച്ചിയാണ് സഞ്ജന ഗൽറാണിയെന്നു പറഞ്ഞാൽ കുറെക്കൂടി പരിചിതമാകും.
സഞ്ജനയുടെ ഇപ്പോഴത്തെ കൊച്ചിയിലേക്കുളള വരവിൽ ചില സവിശേഷതകളുണ്ട്. മലയാളസിനിമ മാറിപ്പോയി. സഞ്ജനയുടെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഈയടുത്ത് സഞ്ജന വിവാഹം കഴിച്ചു. ഒരു വയസ്സ് പ്രായമുളള ഒരു ആൺകുട്ടിയുടെ അമ്മയാണ് സഞ്ജന. ഭർത്താവ് അസീസ് പാഷ ബാഗ്ലൂരിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. മോന്റെ പേര് അലാറിക് പാഷ
കാക്കി യൂണിഫോം അണിഞ്ഞ് സെറ്റിൽ ഒരുങ്ങി നിന്ന സഞ്ജന സിനിമയുടെ പേരിന് ഒരു ക്ലൂ തരാമെന്ന് പറയുകയുണ്ടായി.
സിനിമയുടെ പേരിന്റെ അർത്ഥം ഇംഗ്ലീഷിൽ പറയുമ്പോൾ 'കാഷ്യൂ ഫാക്ടറി' എന്നാണത്രെ.
സഞ്ജന തുടർന്നു.
ഞാൻ മുമ്പ് രണ്ട് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിഞ്ഞ് വീണ്ടും വരുമ്പോൾ ഞാൻ ന്യൂഫേയ്‌സാണ് കേട്ടോ...(ചിരിക്കുന്നു)
എങ്ങനെയാണ് ഈ സിനിമയിലേക്ക് ക്ഷണിക്കപ്പെട്ടത്?
മൾട്ടിലാംഗ്വേജ് അറിയാവുന്നതും സംസാരിക്കുന്നതുമായ ഒരാർട്ടിസ്റ്റിനെയാണ് ഇവർ തേടിക്കൊണ്ടിരുന്നത്. പലരെയും നോക്കിയിട്ട് ഒടുവിൽ പ്രിയാമണിയുടെയും എന്റെയും പേര് വന്നിരുന്നു. ഏറ്റവും ഒടുവിൽ എനിക്ക് നറുക്ക് വീണു.
മൊത്തത്തിൽ സഞ്ജന എത്ര സിനിമയിൽ അഭിനയിച്ചു?
എല്ലാ ഭാഷകളിലും കൂടി ഞാനിപ്പോൾ 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കന്നഡയിലും തെലുങ്കിലുമാണ് കൂടുതൽ അഭിനയിച്ചത്.
ഏത് തരം റോൾ ചെയ്യാനാണ് ആഗ്രഹം?
ഭാഷ ഏതായാലും വളരെ എസ്റ്റാബ്ലിഷാകുന്ന ക്യാരക്ടർ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. റോൾ പ്രാധാന്യമുളളതായിരിക്കണം.
ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാളം സിനിമയിലെ നായകൻ ആരാണ്? ഡയറക്ടർ ആരാണ്?
ശ്രീനാഥ് ഭാസിയാണ് ഹീറോ. ഡയറക്ടർ വിജയകുമാർ. നല്ല ഹ്യൂമർ സെൻസിൽ കഥ പറഞ്ഞുപോകുന്ന സിനിമയാണിത്.
തെലുങ്ക്, കന്നഡ സിനിമകളിലെ നായകനടന്മാരായ പ്രഭാസ്, പവൻകല്യാൺ, ശിവരാജ് കുമാർ, ദർശൻ, സുധീപ് എന്നിവരുടെയെല്ലാം നായികയായി സഞ്ജന അഭിനയിച്ചിട്ടുണ്ട്.
നിക്കിഗൽറാണി ഇപ്പോൾ എവിടെയുണ്ട്?
നിക്കി ചെന്നൈയിലുണ്ട്. ഒരു വർഷം മുമ്പ് വിവാഹം കഴിഞ്ഞു. തമിഴ്‌നടൻ ആദിയാണ് ഹസ്ബന്റ്. ഒരു ഗ്യാപ്പ് കഴിഞ്ഞ് വീണ്ടും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് നിക്കി പറയുന്നത്.
വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുളള സഞ്ജന മലയാളത്തിൽ രണ്ടുസിനിമകളിലേ അഭിനയിച്ചിട്ടുളളുവെങ്കിലും എപ്പോഴും ഞാൻ അഭിനയിക്കാൻ ആഗ്രഹിക്കുന്നത് മലയാളം ഫീൽഡിലാണെന്ന് പറഞ്ഞു. കാസനോവയിൽ മോഹൻലാൽ സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും സഞ്ജന കൂട്ടിച്ചേർത്തു. ഇപ്പോൾ ഒരിടവേളക്കുശേഷം വീണ്ടും മലയാളസിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനിയും നല്ല കഥാപാത്രങ്ങളും നല്ല പ്രോജക്ടുകളും എന്നെ തേടി വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. സഞ്ജനയുടെ വാക്കുകൾ