NEWS

ആനപ്രേമികളുടെ മനം കവർന്ന 'അജഗജാന്തര'ത്തിലെ നെയ്ശേരി പാർഥന് വിട; വികാരഭരിതരായി അജഗജാന്തരം ടീം

News

ആനകൾ എന്നും മലയാളികളുടെ ഹരമാണ്. അത് ഉത്സവങ്ങളിലയലും സിനിമകളിൽ ആയാലും. തലയെടുപ്പോടെ ആന വെള്ളിത്തിരയിൽ നിറഞ്ഞു നിന്നതും പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ സിനിമാപ്രേമികൾ ഏറ്റെടുത്ത സിനിമയായിരുന്നു 'അജഗജാന്തരം'. ആനയ്ക്ക് വളരെ പ്രാധാന്യമുള്ള ചിത്രം കൂടിയായിരുന്നു 'അജഗജാന്തരം'. ആന്‍റണി വര്‍ഗീസ് നായകനായ അജഗജാന്തരത്തിലെ പ്രധാന കഥാപാത്രമായെത്തിയത് നടയ്ക്കല്‍ ഉണ്ണികൃഷ്ണൻ എന്ന ആനയായിരുന്നു. നെയ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആന എത്തിയത്. ഇപ്പോഴിതാ ഉണ്ണികൃഷ്ണൻ ചരിഞ്ഞെന്ന വാർത്ത ആനപ്രേമികളെയും സിനിമാപ്രേമികളേയും മലയാള സിനിമാലോകത്തെവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

                                                                                                

'നടയ്ക്കല്‍ ഉണ്ണികൃഷ്ണന് പ്രണാമം' എന്ന് കുറിച്ചുകൊണ്ടായിരുന്നു അജഗജാന്തരം സംവിധായകൻ ടിനു പാപ്പച്ചന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'ഉണ്ണികൃഷ്ണന് വിട...അജഗജാന്തരം ഇത്ര മികച്ചതാക്കാൻ കൂടെ നിന്ന ഞങ്ങളുടെ സ്വന്തം പാര്‍ഥൻ' എന്നാണ് അജഗജാന്തരത്തിലെ നായകൻ ആന്‍റണി വർഗീസ് എഴുതിയത്.

ചിത്രത്തിൽ ആനയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ആക്‌ഷന്‍ രംഗങ്ങള്‍ എന്നതും ഏറെ പ്രത്യേകതയായിരുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമൊക്കെയായിരുന്നു അജഗജാന്തരം സിനിമയുടെ പ്രമേയം.

                                                                                                        

അജഗജാന്തരം കൂടാതെ നിരവധി സിനിമകളിൽ നടയ്ക്കൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. ഒടിയൻ, പഞ്ചവർണ്ണതത്ത, തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽതു ജാൻവർ തുടങ്ങിയ ചിത്രങ്ങളിൽ എത്തിയിട്ടുണ്ട്.

കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന. 1982ൽ പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചത്. പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടയ്ക്കൽ വർക്കി വാങ്ങുകയായിരുന്നു.


LATEST VIDEOS

Feactures