NEWS

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വീണ്ടും അജിത്ത്?

News

അജിത്ത് അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം മകിഴ് തിരുമേനി സംവിധാനം ചെയ്തിരിക്കുന്ന 'വിടാമുയർച്ചി'യാണ്. പൊങ്കലിന് പുറത്തുവരാനിരിക്കുന്ന ഈ ചിത്രത്തിന് ശേഷം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ്  അജിത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ഈ രണ്ടു സിനിമകളുടെ വർക്കുകൾ എല്ലാം കഴിഞ്ഞതിനെ തുടർന്ന് അജിത്ത് കാർ റേസിൽ പങ്കെടുക്കാൻ പോകുകയാണ്. അതിന് ശേഷം 'സിരുത്തൈ'  ശിവയുടെ സംവിധാനത്തിലാണ് അജിത്ത് അഞ്ചാം തവണയായി അഭിനയിക്കാനിരിക്കുന്നതെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ശിവ സംവിധാനം ചെയ്തു, സൂര്യ നായകനായി ഈയിടെ റിലീസായ 'കങ്കുവ'  എന്ന ചിത്രം വലിയ പരാജയമായതിനാൽ ശിവയുടെ സംവിധാനത്തിൽ അജിത്ത് വീണ്ടും അഭിനയിക്കുമോ എന്ന  ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അജിത്തിന്റെ ആരാധകർക്കും ശിവയുമായി അജിത്ത് വീണ്ടും ചിത്രം ചെയ്യുന്നതിൽ താല്പര്യമില്ല.    
 

ഈ സാഹചര്യത്തിലാണ് അജിത്തിനെ വച്ച് 'മങ്കാത്ത' എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കട്ട് പ്രഭു, അജിത്തിന്റെ അടുക്കൽ ഒരു കഥ പറയുകയും. ആ കഥയിൽ അഭിനയിക്കാൻ അജിത്ത് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. വിജയ്‌യിനെ നായകനാക്കി  'GOAT' എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കട്ട് പ്രഭു,  ശിവകാർത്തികേയനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ശിവകാർത്തികേയൻ എ.ആർ.മുരുകദാസ്, സുധ കൊങ്കര, സിബി ചക്രവർത്തി എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ  കാൾഷീറ്റ്സ് നൽകിയിരുന്നതിനാൽ വെങ്കട്ട് പ്രഭുമായുള്ള ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് അപ്പോൾ പുറത്തുവന്നിരുന്നത്. ശിവകാർത്തികേയന് വേണ്ടി ഒരുക്കിയിരിക്കുന്ന കഥ തന്നെയാണത്രെ വെങ്കട്ട് പ്രഭു അജിത്തിന്റെ അടുക്കൽ പറഞ്ഞിരിക്കുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്. അങ്ങനെയെങ്കിൽ കാർ റേസിനു  ശേഷം അജിത്ത് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും  അഭിനയിക്കുക എന്നാണ് പറയപ്പെടുന്നത്. അജിത്തും, വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിച്ച 'മങ്കാത്ത' വമ്പൻ വിജയമായതിനാൽ ഈ കോമ്പിനേഷൻ വീണ്ടും ചേരണമെന്നതാണ് അജിത്തിന്റെ ആരാധകരും ആഗ്രഹിക്കുന്നത്.


LATEST VIDEOS

Top News