ഒരു കാലത്ത് നടൻ അജിത്തും, സംവിധായകൻ ശരണും വിജയകരമായ ജോഡിയായിരുന്നു. 'കാതൽ മന്നൻ', 'അമർക്കളം', അട്ടകാസം' 'അസൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകിയത് അജിത്തും, ശ രണും ചേർന്നായിരുന്നു . 2010-ൽ റിലീസായ 'അസൽ' എന്ന ചിത്രത്തിന് ശേഷം അതായത് ഏകദേശം 15 വർഷത്തിന് ശേഷം ഈ ജോഡി വീണ്ടും കൈകോർക്കാനിരിക്കുകയാണ് എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ, ശരൺ അജിത്തിനെ കണ്ടുമുട്ടി ഒരു കഥ പറഞ്ഞു. അത് അജിത്തിന് ഇഷ്ടപ്പെട്ടു. അതിനാൽ ശരണിന് വീണ്ടും ഒരു വിജയം നൽകുന്നതിനായി ഈ ചിത്രത്തിൽ അഭിനയിക്കാൻ അജിത്ത് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.
അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത ആദിക് രവിചന്ദ്രൻ തന്നെയാണ് അജിത്തിന്റെ അടുത്ത ചിത്രവും സംവിധാനം ചെയ്യുന്നത്. ഇത് അജിത്തിന്റെ 64-ാമത്തെ ചിത്രമാണ്. ഇതിന് ശേഷം അജിത്തിന്റെ 65-ാമത്തെ ചിത്രമായിരിക്കും ശരൺ സംവിധാനം ചെയ്യുക എന്നാണ് പറയപ്പെടുന്നത്. ശരൺ ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. അതിനാൽ സിനിമയിൽ തന്റെ വളർച്ചക്ക് കാരണമായി സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ ശരണിന് സഹായം ചെയ്യാൻ തീരുമാനിച്ചതാണ് അജിത്ത് ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.