NEWS

അജിത്തും, സിരുത്തൈ ശിവയും വീണ്ടും ഒന്നിക്കുന്നു, ഇത് അഞ്ചാം തവണ

News

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് ഇപ്പോൾ മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി', ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്നിങ്ങനെ രണ്ട് ചിത്രങ്ങളിലാണ് മാറിമാറി അഭിനയിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം ഈ വർഷത്തോടെ പൂർത്തിയാകും എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ രണ്ട് ചിത്രങ്ങളിൽ ഏതാണ് ആദ്യം റിലീസ് ചെയ്യുക എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. എന്നാൽ ആദ്യം തുടങ്ങിയ സിനിമ എന്ന നിലയിൽ 'വിടാമുയർച്ചി', ആദ്യം വരാനാണ് അധിക സാധ്യത. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതിന് ശേഷമേ റിലീസ് വിവരം കൃത്യമായി അറിയാൻ കഴിയുകയുള്ളൂ. അതേ സമയം, 'ഗുഡ് ബാഡ് അഗ്ലി' 2025 പൊങ്കൽ റിലീസായി പുറത്തുവരുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനാൽ 'വിടാമുയർച്ചി' നവംബർ മാസത്തിലോ അല്ലെങ്കിൽ ഡിസംബർ മാസത്തിലോ റിലീസ് ചെയ്യേണ്ടി വരും. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് അജിത്തിൻ്റെ അറുപത്തിനാലാമത്തെ ചിത്രത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ സിരുത്തൈ ശിവ സൂര്യയെ നായകനാക്കി സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'കങ്കുവ'. ഈ ചിത്രം നിർമ്മിക്കുന്നത് 'സ്റ്റുഡിയോ ഗ്രീൻ' ജ്ഞാനവേൽ രാജയാണ്. അജിത്തിന്റെ 64-മത്തെ ചിത്രം നിർമ്മിക്കാൻ ജ്ഞാനവേൽ രാജയും, സിരുത്തൈ ശിവയും അജിത്തുമായി ചർച്ച നടത്തി എന്നും, അജിത്ത് അതിന് ഗ്രീൻ സിഗ്നൽ നൽകി എന്നുമാണ് റിപ്പോർട്ട്. 'വീരം', 'വേതാളം', 'വിവേകം', 'വിശ്വാസം' എന്നിങ്ങനെ നാല് സിനിമകൾ അജിത്ത്, സിരുത്തൈ ശിവ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുണ്ട്. അതേ സമയം രണ്ടു പേരും ഉറ്റ സുഹൃത്തുക്കളുമാണ്. അതിനാൽ ശിവയ്ക്ക് വേണ്ടി അജിത്ത് ഈ പ്രോജെക്ടിൽ ജോയിൻ ചെയ്യുമെന്ന് തന്നെയാണ് പറയപ്പെടുന്നത്. അതെ നേരം 'സ്റ്റുഡിയോ ഗ്രീൻ' ജ്ഞാനവേൽ രാജ ഈയിടെ പുറത്തുവന്ന തങ്കലാൻ എന്ന ചിത്രം ഉൾപ്പെടെ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നൽകിയ നിർമ്മാതാവുമാണ്. അതിനാൽ അജിത്തും, സിരുത്തൈ ശിവയും അഞ്ചാം തവണയായി ഒന്നിക്കുന്ന ചിത്രം 'സ്റ്റുഡിയോ ഗ്രീൻ' ജ്ഞാനവേൽ രാജയുടെ നിർമ്മാണത്തിൽ ഒരുങ്ങും എന്ന് പ്രതീക്ഷിക്കാം!


LATEST VIDEOS

Top News