തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്ത് ഇപ്പോൾ 'വിടാമുയർച്ചി' എന്ന സിനിമയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമക്ക് ശേഷം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്ന ഈ ചിത്രത്തിൽ ഒരു പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കാൻ പ്രശസ്ത ബോളിവുഡ് നടനായ ബോബി ഡിയോൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'അനിമൽ' എന്ന ചിത്രത്തിലൂടെയാണ് ബോബി ഡിയോൾ ഒരു തിരിച്ചു വരവ് നടത്തിയത്. അതുപോലെ സൂര്യ നായകനാകുന്ന ‘കങ്കുവ’ എന്ന തമിഴ് ചിത്രത്തിലും വില്ലൻ വേഷം അവതരിപ്പിക്കുന്നത് ബോബി ഡിയോൾ തന്നെയാണ്. തെലുങ്ക് നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇത് അജിത്ത് അഭിനയിക്കുന്ന 63-മത്തെ ചിത്രമാണ്.