മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷാചിത്രങ്ങളില്‍ ശക്തമായ സ്ഥാനം നേടിയെടുത്ത നടനാണ് അജ്മല്‍ അമീര്‍. തുടക്കകാലം മുതല്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന അജ്മല്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയോടൊപ്പം കൈകോര്‍ക്കുന്നു. തന്‍റെ അനുഭവങ്ങളുമായി അജ്മല്‍ 'നാന'യ്ക്കൊപ്പം...
'വ്യൂഹം' സിനിമ കാണാനായി മലയാളികളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഇനിയുമെത്രനാള്‍ കാത്തിരിക്കേണ്ടിവരും?
രാംഗോപാല്‍ സംവിധാനം ചെയ്ത സിനിമയാണ് വ്യൂഹം. ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതകഥയാണ് ആ സിനിമയിലൂടെ ആവിഷ്ക്കരിക്കുന്നത്. അദ്ദേഹത്തിന്‍റെ പിതാവ് മരിച്ചതിനുശേഷം അദ്ദേഹം എങ്ങനെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നും, എങ്ങനെയാണ് ആന്ധ്രാപ്രദേശിന്‍റെ മുഖ്യമന്ത്രി ആവുന്നതെന്നുമുള്ള കഥയാണിത്. ഒരുപാട് വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ റിലീസിനുശേഷം ചിത്രം പ്രേക്ഷകരിലേക്ക് കത്തിക്കയറി എന്ന് വേണമെങ്കില്‍ പറയാം. ആന്ധ്രയിലും തെലുങ്കാനയിലും ഇപ്പോള്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സന്തോഷം അറിയിക്കാനുണ്ട്.
ഏകദേശം നാലാഴ്ചയായി തീയേറ്ററുകള്‍ ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നു. ഏറ്റവും വലിയ സന്തോഷമാണിത്. പക്ഷേ അതിന്‍റെ കൂട്ടത്തില്‍ മലയാളികള്‍ കൂടി ഈ സിനിമ കാണുക എന്നുള്ളത് ഒരു ആവശ്യമാണ്. ഒരു മലയാള നടനായ ഞാന്‍ തെലുങ്കിലും തമിഴിലും ഒക്കെ പോയി വലിയ സിനിമകള്‍ ചെയ്തിട്ട് അത് നമ്മുടെ സ്വന്തം പ്രേക്ഷകര്‍ കണ്ടില്ലെങ്കില്‍ സങ്കടമല്ലേ. ഉടനേതന്നെ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ മലയാളികള്‍ എല്ലാരും കാണണം, അഭിപ്രായം പറയണം എന്നാണ് പറയാനുള്ളത്.
രാം ഗോപാല്‍ സാറിന്‍റെ കൂടെയുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?
സാറിന്‍റെ കൂടെ ഒരു സിനിമ ചെയ്യണം എന്നത് എന്‍റെ ചെറുപ്പം മുതല്‍ ഉള്ള ആഗ്രഹമാണ് എന്നുതന്നെ പറയാം. അദ്ദേഹത്തിന്‍റെ സിനിമകള്‍ ഒക്കെ കുറെ കണ്ടിട്ടുണ്ട്. അമിതാഭ് ബച്ചന്‍ സാര്‍ അഭിനയിച്ച സര്‍ക്കാര്‍ എന്ന സിനിമയെല്ലാം ഞാന്‍ കുറെ ഇഷ്ടപ്പെടുന്ന സിനിമയാണ്. എന്നോട് പറയുമ്പോഴും സര്‍ക്കാര്‍ പോലെയുള്ള ഒരു സിനിമയാണ് എന്ന രീതിയിലാണ് വ്യൂഹത്തിന്‍റെ കഥ അവതരിപ്പിച്ചത്. അപ്പോള്‍തന്നെ ഞാന്‍ ത്രില്ലടിച്ചു. പിന്നെ നമ്മുടെ സ്വന്തം മമ്മൂക്ക ചെയ്ത കഥാപാത്രത്തിന്‍റെ മകന്‍റെ വേഷമാണ് ഞാന്‍ ചെയ്യുന്നത്.
മമ്മൂക്കയെപ്പോലെ തന്നെ അജ്മലും യുവത്വം നിലനിര്‍ത്തുന്ന കൂട്ടത്തിലാണ്. എങ്ങനെയാണ് എപ്പോഴും ഒരേ പോലെയിരിക്കുന്നത്?
നല്ല കാര്യങ്ങള്‍ ചെയ്യുക, ആരെയും ഉപദ്രവിക്കാതിരിക്കുക, ഉള്ളില്‍ നല്ലത് മാത്രം കാത്തുസൂക്ഷിക്കുക ഇതൊക്കെത്തന്നെ ചെയ്താല്‍ മതി ഒരു തേജസ് താനേകിട്ടിക്കോളും. പിന്നെ നന്നായി വ്യായാമം ചെയ്യുക. ഞാന്‍ സിഗററ്റ് വലിക്കില്ല. മദ്യപിക്കില്ല. അതൊക്കെ കൊണ്ടാവാം ചിലപ്പോള്‍ നല്ല ആരോഗ്യം നിലനില്‍ക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കോളേജുകാലത്ത് കുറെ ലവ് ലെറ്റര്‍ ഒക്കെ കിട്ടിക്കാണുമല്ലോ...?
അതൊക്കെ കിട്ടിയിട്ടുണ്ട്. പക്ഷേ ആ സമയത്ത് ഞാന്‍ വേറൊരു മൂഡിലായിരുന്നു. റിലേഷന്‍ഷിപ്പ് പോലും ഉണ്ടായിട്ടില്ല.
അജ്മലിനെ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് പ്രണയകാലം എന്ന സിനിമയാണ്. കരിയറിന്‍റെ തുടക്കത്തില്‍ ഒരുപാട് നല്ല ആര്‍ട്ടിസ്റ്റുകളുടെ ഒപ്പമാണ് ആ കഥാപാത്രം ചെയ്തത്. ആ അനുഭവങ്ങള്‍...?
തിലകന്‍ സര്‍, മുരളി സര്‍, ബാലചന്ദ്രമേനോന്‍ സര്‍, സീമ ചേച്ചി തുടങ്ങി നിരവധി നല്ല അഭിനേതാക്കള്‍ ഉള്ള സിനിമയായിരുന്നു പ്രണയകാലം. തുടക്കത്തില്‍ തന്നെ അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. പിന്നെ എനിക്ക് ആദ്യം മുതല്‍ തന്നെ നല്ല സിനിമകള്‍ കിട്ടി. സിനിമയില്‍ ഞാന്‍ ധരിച്ചിരുന്ന പല കോസ്റ്റ്യൂമുകളും എന്നോട് തന്നെ സെലക്ട് ചെയ്യാന്‍ പറഞ്ഞിരുന്നു. എന്‍റെ തന്നെ കുറച്ച് ഡ്രസ് ഞാന്‍ സിനിമയില്‍ ഇട്ടിരുന്നു. എനിക്ക് ആ ലൊക്കേഷനില്‍ വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പ്രണയകാലം എന്ന സിനിമയും വേനല്‍പ്പുഴയില്‍ എന്ന ഗാനവും പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു എന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
സിനിമയില്‍ വില്ലന്‍റോളുകള്‍ ചെയ്തുമടുത്തുവെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ റൊമാന്‍റിക് ഹീറോയായി അഭിനയിക്കാനുള്ള സ്പേസ് കിട്ടിയില്ല എന്ന് തോന്നിയിട്ടുണ്ടോ?
ആദ്യം ഞാന്‍ റൊമാന്‍റിക് സിനിമകളില്‍ അഭിനയിച്ചു. അതിനുശേഷം ഒരേ ജോണര്‍ സിനിമ തന്നെ കിട്ടിക്കൊണ്ടിരുന്നു. അതിന് പിറകെ വില്ലന്‍കഥാപാത്രങ്ങളും. സെക്കന്‍റ് ഇന്നിംഗ്സില്‍ ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ ഞാന്‍ ചെയ്തതെല്ലാം വില്ലന്‍റോളുകള്‍ ആയിരുന്നു. അതാണ് ആളുകള്‍ക്ക് കൂടുതല്‍ ഓര്‍മ്മയുണ്ടായത്. അതിനുശേഷം പിന്നെ വില്ലന്‍റോളുകള്‍ ആയിരുന്നു കൂടുതല്‍ വന്നിരുന്നത്. ഇപ്പോള്‍ കൂടുതല്‍ നല്ല റോളുകള്‍ ആണ് ചെയ്യുന്നത്.