NEWS

നവപ്രതീക്ഷകളോടെ അജുവിന്റെ ചുവടു മാറ്റം

News

 

അജുവർഗ്ഗീസ് മലയാളസിനിമയിലെത്തിയിട്ട് 12 വർഷങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി എല്ലാ സിനിമയിലും ഓടിനടന്ന് അഭിനയിക്കുക എന്ന പതിവ് രീതിയിൽ നിന്ന് മാറി തനിക്ക് കൂടുതൽ ഇണങ്ങുന്ന മികച്ച വേഷങ്ങളിലേയ്ക്ക് ചുവടുമാറുന്ന അജുവിനെക്കാണാം. കാണുന്ന ആർക്കും ഒന്നുപൊട്ടിക്കാൻ തോന്നുന്ന ഹെലനിലെ പോലീസുകാരനും മേപ്പടിയാനിലെ തടത്തിൽ സേവ്യറുമെല്ലാം അജുവിലെ മികച്ച പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രേക്ഷകന് കാണിച്ചുതരുന്നുണ്ട്. അത്തരം മികച്ച വേഷങ്ങളിലേയ്ക്കുള്ള അജുവിന്റെ ചുവടുമാറ്റമാണ് കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസിലെ എസ്.ഐ മനോജ് എന്ന കഥാപാത്രത്തിന് പിന്നിലുള്ളത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ആദ്യമലയാളം വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ വിശേഷങ്ങളുമായി അജുവർഗ്ഗീസ് നാനയോട് മനസ്സ് തുറക്കുന്നു.

കേരള ക്രൈം ഫയൽസിനെക്കുറിച്ച്?

പൂർണ്ണമായും ഇതൊരു ക്രൈം ത്രില്ലർ ആണ്. നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വെറും ആറുദിവസം കൊണ്ട് കേരള പോലീസ് അന്വേഷിച്ച ഒരു കേസാണിത്. ആരോരും ഇല്ലാത്ത ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ആരും ഇല്ലാത്തതുകൊണ്ട തന്നെ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ വളരെ ആത്മാർത്ഥമായി തന്നെ ആ കൊലപാതകിയെ കണ്ടുപിടിക്കാനായ ഇറങ്ങിപ്പുറപ്പെടുന്നു. കൊലപാതകത്തിന് ഇരയായ ലൈംഗിക തൊഴിലാളിയുടെ പശ്ചാത്തലം, കുടുംബം എന്നിവയോടൊപ്പം തന്നെ കൊലപാതകി ആര്. അയാളുടെ പശ്ചാത്തലം എന്നീ രണ്ട് ട്രാക്കുകളിലൂടെയാണ് ഈ സീരീസ് പറഞ്ഞുപോകുന്നത്.

പോലീസ് വേഷമാണല്ലോ? ഹെലനും മിന്നൽ മുരളിക്കും ശേഷം വീണ്ടും ഒരു പോലീസ് വേഷം ചെയ്യുന്നതിന് പിന്നിൽ?

ഹെലനിലെ എസ്.ഐയുടെ പെരുമാറ്റം കണ്ടാൽ ആർക്കും ഒന്ന് തരാൻ തോന്നും. അത്രയ്ക്ക് വില്ലൻ ഇമേജുള്ള ഒരു കഥാപാത്രമായിരുന്നു അത്. ഒരുപാട് പേർ അഭിനന്ദിച്ച ഒരു വേഷം കൂടിയായിരുന്നു. മിന്നൽ മുരളിയിലെ കോൺസ്റ്റബിൾ സിബിപോത്തനും നെഗറ്റീവായ ഒരു വേഷമായിരുന്നു. എന്നാൽ ഇത് തീർത്തും ഗൗരവസ്വഭാവത്തിലുള്ള വേഷമാണ്. ഈ കേസന്വേഷിക്കുന്ന പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്മാരിൽ ഒരാളാണ് എസ്.ഐ. മനോജ്.

സിനിമയിലെത്തിയിട്ട് ഇപ്പോൾ 13 വർഷമാകുന്നു? കഴിഞ്ഞ ഒന്നോ രണ്ടോ വർഷമായി എവിടെയൊക്കെയോ ഉൾവലിയൽ തോന്നിയിട്ടുണ്ട്? മുൻ വർഷങ്ങളിലൊക്കെ ഒരു വർഷം ഇറങ്ങുന്ന ഭൂരിഭാഗം സിനിമയിലും അജു ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഒരു അവസ്ഥ കാണുന്നില്ല?

അറിഞ്ഞുകൊണ്ട് ഒരു ഉൾവലിയൽ ഞാൻ നടത്തിയിട്ടില്ല. എന്നാൽ സ്ഥിരം ചെയ്ത വേഷങ്ങൾ വീണ്ടും വരുമ്പോൾ താൽപ്പര്യമില്ല എന്നുപറഞ്ഞിട്ടുണ്ട്. പണ്ട് അങ്ങനെയായിരുന്നില്ല. എനിക്ക് ലഭിക്കുന്ന എല്ലാ വേഷവും അഭിനയിക്കുക എന്നതായിരുന്നു എന്റെ ജോലി. ഞാൻ അഭിനയിച്ച ചില സിനിമകൾ ഇനിയും റിലീസാവാനുണ്ട്. മിക്കവയും ചെറിയ സിനിമകളാണ്. അതുകൊണ്ടുതന്നെ സാമ്പത്തികപ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് റിലീസ് വൈകുന്നത്. ചെറിയ വേഷമാണെങ്കിൽ കൂടി എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള വേഷങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുക്കാറുള്ളത്.

വീണ്ടും ഗൗരവസ്വഭാവത്തിലുള്ള ഒരു പോലീസ് വേഷം തെരഞ്ഞെടുത്തതിന് പിന്നിൽ?

കേരള ക്രൈം ഫയൽസ് ഞാൻ തെരഞ്ഞെടുത്തു എന്നതിനേക്കാൾ അവർ എന്നെ തെരഞ്ഞെടുത്തു എന്നുപറയുന്നതാവും ശരി. ജൂൺ, മധുരം എന്നീ മികച്ച ചിത്രങ്ങൾക്കുശേഷം അഹമ്മദ് കബീർ എന്ന സംവിധായകനാണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു പ്രോജക്ടിനെക്കുറിച്ച് മറ്റ് സംശയങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ഇതിന്റെ ലൈൻ പ്രൊഡ്യൂസർ രാഹുൽ റജി നായരാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള ആളാണ് രാഹുൽ. ഈ രണ്ടുപേരുകൾ മാത്രമായിരുന്നു ഞാൻ പ്രോജക്ട് തെരഞ്ഞെടുക്കാൻ കാരണം.

ഗൗരവ സ്വഭാവത്തിലുള്ള വേഷങ്ങൾ ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസത്തിന്റെ ഭാഗമാണോ കേരള ക്രൈം ഫയൽസ് പോലുള്ളവ തെരഞ്ഞെടുക്കാൻ കാരണം? അതോ പതിയെ പതിയെ ഹാസ്യത്തിൽ നിന്നുള്ള ചുവട് മാറ്റമാണോ?

ഹാസ്യത്തിൽ നിന്ന് ബോധപൂർവ്വമായ ഒരു ചുവടുമാറ്റം ഞാൻ നടത്തിയിട്ടില്ല. ഹാസ്യം വിട്ടുള്ള അത്തരം കഥാപാത്രങ്ങളൊന്നും അധികമായി ഞാൻ ചെയ്തിട്ടുമില്ല. നേരത്തെ ഹാസ്യകഥാപാത്രങ്ങൾ വന്നപ്പോൾ അത് ചെയ്തു. ഇപ്പോൾ ക്യാരക്ടർ റോളുകൾ വന്നപ്പോൾ അത് ചെയ്യുന്നു. ആത്യന്തികമായി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള ഒരു നടനാവുക എന്നതാണ് എന്റെ പ്രഥമപരിഗണന. അതിലേയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.

കോവിഡ് കാലം നൽകിയ തിരിച്ചറിവുകൾ എന്തൊക്കെ ആയിരുന്നു?

ഒരു പ്ലാനും പദ്ധതിയുമൊന്നുമില്ലാതെ മുന്നോട്ടുപോവുക എന്നതാണ് കോവിഡ് കാലം നൽകിയ ഏറ്റവും വലിയ തിരിച്ചറിവ്. ജീവിതത്തിൽ മിതത്വം പാലിക്കുക. എങ്ങോട്ടെന്നില്ലാത്ത ഈ ഓട്ടപ്പാച്ചിൽ അവസാനിപ്പിച്ച്  വേഗത കുറച്ച് ജീവിതത്തിലെ ശരിക്കുള്ള മൂല്യങ്ങളിൽ നിന്നുകൊണ്ട് ജീവിക്കുക. വരുന്ന എല്ലാ കഥാപാത്രങ്ങളും സ്വീകരിക്കില്ല എന്ന തീരുമാനവും എന്റെ അത്തരം തിരിച്ചറിവുകളിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. പൊതുവേ ഇപ്പോൾ ഹാസ്യാഭിനയത്തിന്റെ ശൈലികൾ ഒരുപാട് മാറിയിട്ടുണ്ട്. ഞാൻ ഭാഗഭാക്കായ ഹിറ്റ് സിനിമകളൊന്നും ഇന്ന് ചിലപ്പോൾ ഓടണം എന്നില്ല.അതുകൊണ്ടുതന്നെയാണ് ഒന്ന് ചുവടുമാറ്റി നോക്കാമെന്ന് വിചാരിച്ചത്. ആ ചുവട് മാറ്റം വിജയമാണോ എന്ന് തീരുമാനിക്കാൻ ഇനിയും സമയമായിട്ടില്ല.

അജുവിലെ നിർമ്മാതാവിനെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

ലവ് ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, പ്രകാശൻ പറക്കട്ടെ തുടങ്ങിയ മൂന്ന് സിനിമകൾ മാത്രമേ ശരിക്കും ഞാൻ നിർമ്മിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ എന്നിലെ നിർമ്മാതാവിനെ വിലയിരുത്താനൊന്നും ഞാനായിട്ടില്ല. നിർമ്മാതാവിനെക്കാൾ എന്തുകൊണ്ടും ഞാൻ ആസ്വദിക്കുന്ന ജോലി അഭിനയം തന്നെയാണ്. ഞാൻ ഇപ്പോൾ പൂർണ്ണമായും ഫോക്കസ് ചെയ്യുന്നത് മികച്ച വേഷങ്ങൾ അഭിനയിക്കാൻ കഴിവുള്ള ഒരു നടനാവുക എന്നതിലാണ്. എന്നാൽ ഒരു സിനിമ നിർമ്മിക്കാൻ വേണ്ട സാഹചര്യം ഒത്തുവന്നാൽ ചിലപ്പോൾ ചെയ്യും അത്രയേയുള്ളൂ. അല്ലാതെ തുടർച്ചയായി സിനിമ നിർമ്മിക്കാനുള്ള പദ്ധതിയില്ല.

ഇപ്പോൾ ഓരോ വെള്ളിയാഴ്ചയും ഇറങ്ങുന്ന സിനിമകളുടെ എണ്ണം വളരെ കൂടുതലാണ്. സിനിമകൾ ഭൂരിഭാഗവും പരാജയപ്പെടുന്നു. ഒരു 2018 നെ ഒഴിച്ച് നിർത്തിയാൽ തീയേറ്ററിലേയ്ക്ക് ആളെക്കയറ്റാൻ മിക്ക സിനിമകൾക്കും ആകുന്നില്ല. ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്തായിരിക്കാം ഇതിനുള്ള കാരണം?

നിർമ്മാതാക്കളുടെ സംഘടനകൾ പുറത്തുവിട്ട കണക്കുകൾ ഞാനും കണ്ടിരുന്നു. സത്യസന്ധമായി പറഞ്ഞാൽ എന്താണ് ഇതിന് പിന്നിൽ സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല. ജാനേമൻ, അജഗജാന്തരം, ഹൃദയം, ഭീഷ്മപർവ്വം, ജനഗണമന, തല്ലുമാല, ന്നാ താൻ കേസ് കൊട്, കടുവ, ജയജയ ഹേ, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, മാളികപ്പുറം, രോമാഞ്ചം, 2018 ഈ ഒന്നരവർഷം കൊണ്ട് ഇത്രയും സൂപ്പർ ഹിറ്റ് സിനിമകൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. എങ്ങനെയാണ് അസ്സോസിയേഷൻ പറഞ്ഞ കണക്കുകളുമായി വിശകലനം നടത്തേണ്ടത് എന്ന് അറിയില്ല. പ്രേക്ഷകനെ തീയേറ്ററിലേക്ക് വരാൻ പ്രേരിപ്പിക്കുന്ന എല്ലാ സിനിമയും ഇവിടെ വിജയിച്ചിട്ടുണ്ട്. നമുക്കൊന്നും അറിയാത്ത എന്തോ ഒരു മാജിക് ഓരോ സിനിമയിലും ഉണ്ട്. ആ മാജിക് പ്രേക്ഷകർക്കും കൂടി ബോധ്യമാകുമ്പോൾ സിനിമ കാണാൻ അവർ തിയേറ്ററിലെത്തും.

അജുവിന്റെ തനത് അഭിനയശൈലിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്ന് തോന്നിയിട്ടുണ്ടോ? അതിനുവേണ്ടി ഏതെങ്കിലും ആക്ടിംഗ് വർക്ക്‌ഷോപ്പിൽ പോയിട്ടുണ്ടോ?

ആക്ടിംഗ് വർക്ക് ഷോപ്പുകളിൽ ഇതുവരെയും പോയിട്ടില്ല. അങ്ങനെപോണം എന്ന് ആഗ്രഹിച്ചിട്ടില്ല. ഞാൻ അഭിനയിക്കുന്ന സിനിമയിലെ സംവിധായകനും തിരക്കഥാകൃത്തും ഉൾപ്പെടെ എല്ലാ ടെക്‌നീഷ്യന്മാരും എന്റെ അഭിനയത്തിൽ സ്വാധീനിക്കാറുണ്ട്. എന്നാൽ അഭിനയത്തിന്റെ ചില സങ്കേതങ്ങളൊക്കെ പഠിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത്തരം ചില സംശയങ്ങളൊക്കെ നമ്മുടെ സീനിയർ നടന്മാരോട് ഒഴിവുസമയങ്ങളിൽ ചോദിച്ച് മനസ്സിലാക്കാറുണ്ട്. വിജയരാഘവൻ ചേട്ടൻ, സിദ്ധിക്കാ, മൺമറഞ്ഞുപോയ നെടുമുടി വേണു സാർ തുടങ്ങിയവരോടൊക്കെ അഭിനയത്തെക്കുറിച്ചുള്ള എന്റെ സംശയങ്ങൾ ഞാൻ ചോദിക്കുമായിരുന്നു. എന്റെ സംശയങ്ങൾക്ക്  കൂടുതലും മറുപടി നൽകിയിട്ടുള്ളത് അതാത് സിനിമകളുടെ സംവിധായകരും എഴുത്തുകാരുമാണ്. അവർക്കാണല്ലോ അത് കൃത്യമായി പറഞ്ഞുതരാൻ കഴിയുക.

സിനിമയിലെ ലഹരി ഉപയോഗത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സിനിമാക്കാർ തന്നെ പരാതി പറയുന്ന സമയമാണല്ലോ ഇത്?

അതേ, പത്രമാധ്യമങ്ങളിലൂടെയാണ് ഞാനും അറിയുന്നത്. വളരെ ആധികാരികമായി അതിനെക്കുറിച്ച് പറയുമ്പോൾ അതിനുള്ള ഉത്തരവും അവർ തന്നെയാണ് പറയേണ്ടത്. ഞാൻ കാണാത്ത ഒരു കാര്യത്തെക്കുറിച്ച് പറയാൻ എനിക്ക് താൽപ്പര്യമില്ല. ഏത് വ്യവസായത്തിലാണെങ്കിലും ലഹരി ഉപയോഗം ഒരു നല്ല പ്രവണതയല്ല.

അഭിനയിക്കാൻ കൊതിക്കുന്ന സംവിധായകർ ഇപ്പോഴുമുണ്ടോ? ഏതെങ്കിലും സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ടോ?

തീർച്ചയായും ഉണ്ട്. എന്നാൽ പ്രത്യേകമായ ഒരാളുടെ പേരെടുത്ത് പറയാൻ കഴിയില്ല. അഭിനേതാക്കളെക്കൊണ്ട് മികച്ച രീതിയിൽ അഭിനയിപ്പിക്കുന്ന ഒരുപാട് സംവിധായകർ നമുക്കുണ്ട്.

സിനിമയിലെ ഗുരുവും സുഹൃത്തും വഴികാട്ടിയും ഒക്കെയാണ് വിനീത് ശ്രീനിവാസൻ? സിനിമകൾ തെരഞ്ഞെടുക്കുന്നതിലും മുന്നോട്ടുള്ള യാത്രയിലും വിനീത് ശ്രീനിവാസന്റെ സ്വാധീനം എത്രത്തോളമാണ്?

എന്റെ അഭിനയ ജീവിതത്തിൽ ഞാൻ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഞാൻ വിനീതിനോട് അങ്ങനെ ചോദിക്കാറില്ല. സിനിമകൾ സ്വയം തെരഞ്ഞെടുക്കാൻ വിനീത് തന്നെയായിരുന്നു എന്നോട് പണ്ട് പറഞ്ഞിരുന്നത്. അതിൽ ചിലപ്പോൾ തെറ്റും ശരികളും സംഭവിക്കാം.

സൗത്ത് ഇന്ത്യയിൽ അധികം വെബ്‌സീരീസുകൾ വന്ന് കണ്ടിട്ടില്ല. മലയാളത്തിലും ഇതര സൗത്ത് ഇന്ത്യൻ ഭാഷകളിലും വെബ് സീരീസുകളുടെ ഭാവി എങ്ങനെയായിരിക്കും?

ഒരു വെബ് സീരീസിൽ അഭിനയിച്ച അനുഭവം വച്ച് ഇതിനെക്കുറിച്ച് പറയാൻ ഞാൻ ആല്ല. എന്നിരുന്നാലും ഈ സീരീസിൽ ഒരുപാട് കഴിവുള്ള പുതിയ അഭിനേതാക്കൾ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയൊക്കെ കഴിവ് തെളിയിക്കുന്ന അനവധി പുതുമുഖങ്ങൾ ഉണ്ട്. അവർക്കെല്ലാം തങ്ങളുടെ കഴിവുകളെ പുറം ലോകത്തെത്തിക്കാൻ സഹായിക്കുന്ന ഒരു സിനിമാറ്റിക് ഫോർമാറ്റാണ് വെബ് സീരീസുകൾ. അമ്മ അസ്സോസിയേഷനിലൊക്കെ അംഗങ്ങളായുള്ള ഒരുപാട് പേർക്ക് ഇപ്പോൾ ജോലിയില്ലാത്ത അവസ്ഥയുണ്ട്. വെബ് സീരീസുകൾ വ്യാപകമായി വന്നാൽ അവർക്കെല്ലാം തൊഴിൽ ലഭിക്കും എന്നതാണ് സത്യം.

 

പി.ജി.എസ്. സൂരജ്‌


LATEST VIDEOS

Top News