നവാഗതനായ സലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന മലയാളം കോമഡി ഡ്രാമയാണ് 'പടക്കുതിര.' മാബിന്‍സ് പ്രൊഡക്ഷന്‍സിന്റെയും ഫീല്‍ ഫ്‌ളയിംഗ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ബിനി ശ്രീജിത്ത്, മഞ്ജു ഐ. ശിവാനന്ദന്‍, സായ് ശരവണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. മുഴുനീള എന്റര്‍ടൈനിംഗ് സിനിമയായ പടക്കുതിരയില്‍ സിദ്ധിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സിജ റോസ്, ഇന്ദ്രന്‍സ് തുടങ്ങിയ കഥാപാത്രങ്ങള്‍ അഭിനയിക്കുന്നു. സിനിമയുടെ വിശേഷങ്ങളുമായി അജുവര്‍ഗ്ഗീസ്, സംവിധായകന്‍ സലോണ്‍ സൈമണ്‍, നായിക സിജ റോസ്, ഷമീര്‍, മറ്റ് അഭിനേതാക്കള്‍.
പടക്കുതിര സിനിമയുടെ റിലീസിന് ഇത്രയും വലിയൊരു കാത്തിരിപ്പ് എന്തിനായിരുന്നു?
അജുവര്‍ഗ്ഗീസ്: അത് മനഃപൂര്‍വ്വമാണ്. പടക്കുതിര റിലീസ് പ്ലാന്‍ ചെയ്തിരുന്ന സമയത്തുതന്നെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ സിനിമകള്‍ റിലീസിംഗിന് ഉണ്ടായിരുന്നു. ഒന്ന് തരുണ്‍ മൂര്‍ത്തിയുടെ തുടരും, രണ്ടാമത് പൃഥ്വിരാജിന്റെ എമ്പുരാന്‍, രണ്ടും ലാലേട്ടന്റെ സിനിമകള്‍. പിന്നെ ഇത് രണ്ടിലും വച്ച് താരതമ്യേന ഹൈപ്പ് കുറഞ്ഞ സിനിമയായ 'പടക്കുതിര' തിയേറ്ററില്‍ ക്ലാഷ് ആവണ്ട എന്ന് കരുതി പ്രൊഡ്യൂസര്‍മാരുടെ തീരുമാനത്തില്‍ വൈകിപ്പിക്കുകയായിരുന്നു.
സിനിമയുടെ പേര് പടക്കുതിര എന്നാണല്ലോ. അപ്പോള്‍ സിനിമയില്‍ കുതിര അഭിനയിച്ചിട്ടുണ്ടോ?
അജുവര്‍ഗ്ഗീസ്: ഏയ്.. സിനിമയില്‍ കുതിര ഒന്നുമില്ല. പടക്കുതിര എന്നത് സിനിമയിലെ ഒരു മാഗസിന്റെ പേരാണ്. സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് നന്ദകുമാര്‍ എന്നാണ്. നന്ദകുമാറിന്റെ അച്ഛന്‍ സത്യസന്ധമായ വളരെ സുതാര്യമായ ഒരു മാധ്യമസ്ഥാപനം പടുത്തുയര്‍ത്തുകയായിരുന്നു. അതിനാണ് പടക്കുതിര എന്ന പേര്. അച്ഛന്റെ മരണശേഷം മകന്‍ വളരെ ലാഘവത്തോടുകൂടിയാണ് അച്ഛന്റെ മാധ്യമ സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. തോന്നിയതുപോലെ പ്രവര്‍ത്തിക്കുക എന്നതാണ് മകന്റെ രീതി.
സിനിമയില്‍ സിജാറോസിന്റെ കഥാപാത്രത്തെക്കുറിച്ച്?
സിജാറോസ്: ഞാന്‍ അജുവിന്റെ കാമുകി വേഷമാണ് ചെയ്യുന്നത്. പക്ഷേ ഞാന്‍ അജുവിനെപ്പോലെ മഞ്ഞവാരികയുടെ മാധ്യമപ്രവര്‍ത്തകയല്ല കേട്ടോ. വളരെ നല്ലൊരു ജേര്‍ണലിസ്റ്റാണ് എന്റെ കഥാപാത്രം. അജുവിനെ ചെറുപ്പം മുതലെ ഇഷ്ടപ്പെടുന്ന, അജുവിന്റെ എല്ലാ തോന്ന്യാസങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന ഒരു വ്യക്തി.
ഈ കഥാപാത്രങ്ങള്‍ തന്നെ തന്റെ ആദ്യസിനിമയ്ക്ക് വേണമെന്ന് തീരുമാനിച്ചത് എങ്ങനെയായിരുന്നു? എങ്ങനെയായിരുന്നു കാസ്റ്റിംഗ് നടത്തിയത്?
എനിക്ക് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ നായകകഥാപാത്രത്തിന്റെ വേഷം ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സില്‍ വന്ന മുഖം അജുവര്‍ഗ്ഗീസിന്റേതാണ്. പഴയ അജുവര്‍ഗ്ഗീസിനെ തിരികെ കൊണ്ടുവരാനുള്ള ഒരു ശ്രമം ആണ് ഇത്. പിന്നെ ഞാന്‍ പടം തുടങ്ങാന്‍ നേരം ഇതില്‍ ഇപ്പോള്‍ അഭിനയിച്ചിരുന്ന എല്ലാ ആര്‍ട്ടിസ്റ്റുകളും തിരക്കിലായിരുന്നു. മറ്റൊരു സിനിമയുടെ സെറ്റില്‍ നിന്നാണ് എല്ലാവരും വന്നത്.
ഷമീര്‍ എങ്ങനെയാണ് ഈ സിനിമയില്‍ എത്തപ്പെട്ടത്?
ഷമീര്‍: ഞാന്‍ ഒരു ദിവസം തീയേറ്ററിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അറിയാത്ത നമ്പറില്‍ നിന്നും ഒരു കോള്‍ വന്നു. അത് അജുവര്‍ഗ്ഗീസ് ചേട്ടനായിരുന്നു. പേര് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് പകച്ചു. തിയേറ്ററില്‍ ആണെന്നും സിനിമ കഴിഞ്ഞിറങ്ങി തിരിച്ചുവിളിക്കാമെന്നും പറഞ്ഞ് ഫോണ്‍ വച്ചു. പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ ആണ് പുതിയൊരു സിനിമ വരുന്നുണ്ടെന്നും അത് ഒരുമിച്ച് ചെയ്യാമെന്നും പറഞ്ഞത്.
അജുവര്‍ഗ്ഗീസ്: ശരിക്കും ഞാന്‍ ഷമീര്‍ ചെയ്ത സോഷ്യല്‍മീഡിയ കണ്ടന്റുകള്‍ ഒന്നും തന്നെ മുന്നേ കണ്ടിട്ടില്ലായിരുന്നു. പക്ഷേ എനിക്ക് 'പ്രേമലു'വിലെ ഷമീര്‍ ചെയ്ത കഥാപാത്രം ഭയങ്കര ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഷമീറിനെ ഈ സിനിമയിലേക്ക് ആലോചിക്കുന്നത്. ഉടന്‍തന്നെ നമ്പര്‍ ഒപ്പിച്ച് വിളിക്കുകയായിരുന്നു.
അപ്പൂസ് കെ.എസ്