ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിൻ്റെയും രൺബീർ കപൂറിൻ്റെയും വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടിയുടെ വിവാഹം. കൂടാതെ ഇവർക്ക് ഒരു മകളും ജനിച്ചു. ഇപ്പോഴിതാ അഭിനയത്തിലേക്ക് തിരികെ വരാൻ തയാറെടുക്കുകയാണ് ആലിയ.
വിവാഹത്തോടെ നടിമാരുടെ കരിയർ അവസാനിച്ചുവെന്നാണ് അധികം പേരുടേയും ധാരണ. എന്നാൽ വിവാഹവും കുടുംബജീവിതവും കരിയറിനെ ബാധിക്കില്ലെന്ന് പറയുകയാണ് ആലിയ ഭട്ട്. ഒരു അഭിമുഖത്തിലാണ് നടിയുടെ നിലപാട് വ്യക്തമാക്കിയത്.
വിവാഹവും അമ്മയാവുന്നതും അഭിനയത്തെ ബാധിക്കില്ലെന്നും തന്റെ നല്ല സമയത്താണ് വിവാഹം കഴിക്കാനും അമ്മയാവാനും തീരുമാനിച്ചതെന്നാണ് ആലിയ പറയുന്നത്. കഠിനാധ്വാനം ചെയ്താൽ തീർച്ചയായും നല്ല സിനിമകൾ ഉണ്ടാകുമെന്നും നടി കൂട്ടിച്ചേർത്തു.
'ജീവിതത്തിൽ ശരിയും തെറ്റും എന്നൊന്നുമില്ല. എപ്പോഴും മനസ് പറയുന്നത് കേൾക്കുന്നയാളാണ്. ഒരിക്കലും ജീവിതം പ്ലാൻ ചെയ്യാൻ കഴിയില്ല. അതിനൊപ്പം സഞ്ചരിക്കാനെ നമുക്ക് കഴിയുകയുള്ളൂ. അത് സിനിമ ആയാലും മറ്റെന്തായാലും. ഞാൻ എപ്പോഴും എന്റെ ഹൃദയം പറയുന്നത് പിന്തുടരുകയാണ് ചെയ്യുന്നത്.
കരിയറിലെ ഏറ്റവും ഉയർന്ന സമയത്താണ് വിവാഹം കഴിക്കാനും കുഞ്ഞിന് ജന്മം നൽകാനും തീരുമാനിച്ചത്. ആരാണ് ഇതു രണ്ടും എന്റെ ജോലിയെ ബാധിക്കുമെന്ന് പറയുന്നത്. ഇനി അങ്ങനെയാണെങ്കിൽ അങ്ങനെയാകട്ടെ. അത് കാര്യമാക്കുന്നില്ല. ഞാൻ എടുത്തിട്ടുള്ളതിൽ ഏറ്റവും മികച്ച തീരുമാനമാണ് അമ്മയാവുക എന്നത്. അതിൽ ഖേദിക്കുന്നില്ല.
ഒരു അഭിനേത്രി എന്ന നിലയിൽ എന്നിൽ പൂർണ്ണ വിശ്വാസമുണ്ട്. നമ്മൾ കഠിനാധ്വാനം ചെയ്താൽ തീർച്ചയായും നല്ല സിനിമകൾ ഉണ്ടാകും'- ആലിയ വ്യക്തമാക്കി.