NEWS

ആലീസ് മിറക്കിൾ പോലെ മദനോത്സവത്തിലൂടെ സുരാജിന്റെ നായികയായി സിനിമാ അരങ്ങേറ്റം കുറിച്ച ഭാമ അരുൺ

News

 മദനോത്സവത്തിലൂടെ സുരാജിന്റെ നായികയായി സിനിമാ അരങ്ങേറ്റം കുറിച്ച  ഭാമ അരുൺ

 

മദനോത്സവത്തിലൂടെ സുരാജിന്റെ നായികയായി സിനിമാ അരങ്ങേറ്റം കുറിച്ച  ഭാമ അരുൺ

പ്ലസ്ടു പഠനം പൂർത്തിയാക്കി ഒപ്പമുളളവരെല്ലാം തങ്ങളുടെ പ്രൊഫഷൺ എന്തായിരിക്കണമെന്ന തിരഞ്ഞെടുപ്പിന്റെ സമയത്ത് ഭാമയ്ക്ക് സിനിമയല്ലാതെ മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല. തന്റെ സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒരു ഫാമിലിയായിരുന്നു ഭാമയുടെ കരുത്ത്. മോള് പഠനകാര്യത്തിൽ ഒരിക്കലും ഉഴപ്പരുതെന്ന് മാത്രമാണ് അമ്മ ആഗ്രഹിച്ചത്. ചെറുപ്പം മുതൽ സിനിമ കാണുകയും അത് ആസ്വദിക്കുകയും ചെയ്ത ഭാമയ്ക്ക് ഭാവിയിൽ ആരായിരിക്കണമെന്ന ചോദ്യത്തിന് അഭിനേത്രിയാവുക എന്നല്ലാതെ മറ്റൊരു ഓപ്ഷൻ പോലും  മനസ്സിലുണ്ടായിരുന്നില്ല.തിയേറ്ററുകളിൽ നിറഞ്ഞ സ്വീകാര്യതയോടെ പ്രേക്ഷകർ ഏറ്റെടുത്ത മദനോത്സവം എന്ന ചിത്രത്തിലൂടെ നായികയായി ഭാമ സിനിമയുടെ ഓരം ചേർന്നു. സുരാജ് വെഞ്ഞാറമൂട് എന്ന അതുല്യ പ്രതിഭയുടെ നായികയായി തുടക്കം കുറിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഭാമ അരുൺ സംസാരിച്ചു തുടങ്ങി.

ഭാഗ്യത്തുടക്കമാണല്ലോ..?

മദനോത്സവത്തിലെ ആലീസ് എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു മിറക്കിളാണ്. സിനിമ ഒരുപാട് സ്വപ്നം കാണുന്ന ഒരാളാണെങ്കിൽ ഒരിക്കൽ പോലും ഇത്രയും വലിയ ടീമിനൊപ്പം ഇങ്ങനെയൊരു തുടക്കം ഒരിക്കലും പ്രതീക്ഷിച്ചതല്ല. പ്ലസ്ടു മുതൽ ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെ നിന്നുണ്ടായ റിജക്ഷനൊന്നും ഒരിക്കൽ പോലും എന്നെ പിറകിലേക്ക് വലിച്ചിട്ടില്ല. എപ്പോഴും എല്ലാം നല്ലതിനായിരിക്കും എന്ന ശുഭാപ്തി വിശ്വാസം ഉളളിൽ കൊണ്ടുനടക്കുന്ന ഒരാളാണ്. ആലീസ് എന്നെ പോലെയൊരു തുടക്കക്കാരിയെ സംബന്ധിച്ച് ഭാഗ്യമാണ്. എനിക്ക് കിട്ടിയ ആ വലിയ അവസരം നല്ലരീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇനി ഏതൊക്കെ കഥാപാത്രങ്ങൾ ചെയ്താലും ആലീസ് എപ്പോഴും സ്‌പെഷ്യലായിരിക്കും.

സുരാജേട്ടന്റെ ഭാര്യ വേഷം എങ്ങനുണ്ട്...?

നമ്മുടെ പ്രായത്തിൽ കൂടുതലുളള ഒരു കഥാപാത്രം ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുളള കാര്യമായിരുന്നു. സുരാജേട്ടന്റെ ഭാര്യയായ ആലീസ് മുപ്പത് വയസ്സുളള ഒരു അമ്മ കൂടിയാണ്. വ്യത്യസ്തമായ ഒരുപാട് ഇമോഷനുകളിലൂടെ കടന്നുപോകുന്ന ഒരാളാണ് ആലീസ്. സുരാജേട്ടനെപ്പോലെ നാഷണൽ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ഒരു നടനൊപ്പം ഓപ്പോസിറ്റ് നിന്ന് അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. ആലീസിന് വേണ്ടി ശരീരഭാരം വർദ്ധിപ്പിച്ചു. ഒപ്പം കഥാപാത്രത്തിന് അനുസരിച്ച് ടാൻ അടിപ്പിച്ചിരുന്നു. ഇത് മാത്രമാണ് ആലീസിന് വേണ്ടി ഫിസിക്കലി ചെയ്തത്. മെന്റലി ആലീസിനെ കൂടുതൽ അറിയാനാണ് ശ്രമിച്ചത്. സംവിധായകൻ സുധി ചേട്ടനും ബാക്കി ടീം എല്ലാം ആലീസിലേക്ക് വേഷപ്പകർച്ച നടത്താൻ സഹായിച്ചിരുന്നു. സുരാജേട്ടനൊപ്പം അഭിനയിക്കുക എന്നത് കുറച്ച് ടെൻഷനുളള കാര്യമായിരുന്നു. പക്ഷേ ആദ്യം തന്നെ സുരാജേട്ടൻ കംഫർട്ടാക്കിയിരുന്നു. അപ്പോൾ കൂൾ ആയി അഭിനയിക്കാൻ സാധിച്ചു. ഓഡിഷൻ വഴിയാണ് മദനോത്സവത്തിന്റെ ഭാഗമാവുന്നത്. എന്റെ കഥാപാത്രത്തെ കുറിച്ച് അറിയാമെന്നല്ലാതെ സുരാജേട്ടനാണ് എന്റെ ഭർത്താവായി അഭിനയിക്കുന്നതൊന്നും അറിയില്ലായിരുന്നു. അതുപോലെ ഇത്ര വലിയ സ്റ്റാർ കാസ്റ്റുളള മൂവിയാണെന്നും അറിയില്ലായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് കുറച്ചു മുൻപാണ് സുരാജേട്ടനാണ് ആലീസിന്റെ ഭർത്താവായി അഭിനയിക്കുന്നതെന്ന് അറിയുന്നത്. അത്രയും എക്‌സ്പീരിയൻസ്ഡായ ഒരു ടീമിനോപ്പം വർക്ക് ചെയ്തപ്പോൾ ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ട്. നമ്മൾ ഓരോ കാര്യങ്ങളും എത്രത്തോളം ഒബ്‌സെർവ് ചെയ്യണമെന്ന് സുധി ചേട്ടന്റെ അടുത്ത് നിന്ന് പഠിക്കാൻ സാധിച്ചു. അതുപോലെ കഥാപാത്രത്തെ പ്രെസന്റ് ചെയ്യുന്ന രീതി സുരാജേട്ടനിൽ നിന്ന് പഠിക്കാൻ സാധിച്ചിട്ടുണ്ട്. അങ്ങനെ മദനോത്സവം സെറ്റ് കംപ്ലീറ്റ് ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാൻ സാധിച്ച ഒരിടമാണ്. തുടക്കക്കാരിയാണെന്നുളള യാതൊരുവിധ മാറ്റിനിർത്തലുകളും ഉണ്ടായിട്ടില്ല. അവർക്കൊപ്പം എനിക്കും നല്ലൊരു സ്‌പേസ് തന്നു. അങ്ങനെയൊരു അന്തരീക്ഷമായത് കൊണ്ടായിരിക്കണം എനിക്കും നല്ലരീതിയിൽ ആലീസിനെ അവതരിപ്പിക്കാൻ സാധിച്ചത്.

മോഡലിംഗിൽ നിന്നാണോ സിനിമയിലെത്തിയത്..?

ചെറുപ്പം മുതൽ ഏറ്റവും സന്തോഷം നൽകുന്നത് സിനിമ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ എവിടെ എത്തിപ്പെടണമെന്ന് അന്നേ എന്റെ ഉളളിലുണ്ടായിരുന്നു. നമ്മൾ ഒരു കാര്യത്തിൽ കൂടുതൽ ഇൻവോൾവ് ആവുമ്പോൾ ഓട്ടോമാറ്റിക്കലി അത് നമുക്കൊപ്പം കൂടും എന്ന് പറയുന്ന പോലെയാണ് സിനിമ എന്റെയൊപ്പം കൂടിയത്. പ്ലസ്ടു കഴിഞ്ഞു സുഹൃത്തുക്കൾ എല്ലാം ഓരോ പ്രൊഫഷൻ തിരഞ്ഞെടുത്ത് മാറിയപ്പോൾ സിനിമയാണ് എന്റെ പ്രൊഫഷൻ എന്ന് ചിന്തിക്കാൻ യാതൊരുവിധ കൺഫ്യൂഷനും ഉണ്ടായിരുന്നില്ല.

കുടുംബത്തിന്റെ പിന്തുണ എത്രമാത്രമുണ്ട്..?

നേരത്തെ പറഞ്ഞപോലെ ഫാമിലി എന്റെ എല്ലാ ഇഷ്ടങ്ങൾക്കുമൊപ്പം നിന്നവരാണ്. സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരായിട്ടും അവർ എനിക്ക് പൂർണ പിന്തുണ നൽകി. അച്ഛൻ അരുൺ സൗദിയിൽ ബിസിനസ് ചെയ്യുകയാണ്. അമ്മ ലീന വീട്ടമ്മയാണ്. ചേച്ചി ഗാഥ ദന്തഡോക്ടറാണ്.

               


LATEST VIDEOS

Interviews