NEWS

മോഹന്‍ലാല്‍ സാറിന്‍റെ കൂടെയുള്ള ആ വിഷു ആഘോഷങ്ങള്‍ളെല്ലാം മറക്കാന്‍ കഴിയാത്തതാണ് -രമ്യാ പണിക്കര്‍

News

ബിഗ് ബോസിന്‍റെ സെറ്റിലെ പായസവും കൈനീട്ടമായിക്കിട്ടിയ സ്വര്‍ണ്ണക്കോയിനുമായി രമ്യാ പണിക്കര്‍

മോഹന്‍ലാല്‍ അവതാരകനായി വരികയും ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിട്ടുള്ള ടെലിവിഷന്‍ പ്രോഗ്രാമായ 'ബിഗ് ബോസി'ല്‍ പങ്കെടുത്തിട്ടുള്ള ഒരാര്‍ട്ടിസ്റ്റാണ് രമ്യാ പണിക്കര്‍. വിഷുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ രമ്യയ്ക്ക് മറക്കാന്‍ കഴിയാതെ ഒരു വര്‍ഷത്തെ വിഷു ആഘോഷമുണ്ട്. അത് ബിഗ് ബോസ്സിന്‍റെ സെറ്റില്‍ ആഘോഷിച്ചതായിരുന്നുവത്രേ. ചിരിയോടെ രമ്യ പറഞ്ഞു.

'ഒരു സ്വര്‍ണ്ണക്കോയിനാണ് എനിക്കും മറ്റുപലര്‍ക്കും അന്ന് വിഷുക്കൈനീട്ടമായി ലഭിച്ചത്. മോഹന്‍ലാല്‍ സാറിന്‍റെ കൂടെയുള്ള ആ വിഷു ആഘോഷങ്ങള്‍ളെല്ലാം മറക്കാന്‍ കഴിയാത്തതാണ്. ഞങ്ങളന്ന് രണ്ട് ടീമായി തിരിഞ്ഞ് പായസമുണ്ടാക്കിയിരുന്നു. രണ്ടുതരത്തിലുള്ള പായസം. അത് രണ്ടും ലാല്‍ സാര്‍ കഴിക്കുകയും നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ അന്നത്തെ വിഷുദിനത്തിന് മധുരം കൂടി. ഒരു പ്രത്യേകവൈബായിരുന്നു അത്.'- രമ്യാ പണിക്കര്‍ പറഞ്ഞു.

രമ്യയുടെ ഏറ്റവും പുതിയ സിനിമകള്‍ ഈയടുത്ത് റിലീസായ തങ്കമണിയും കുരുവി പാപ്പയുമാണ്. തങ്കമണിയിലെ അഭിനയം ഭയങ്കര എക്സ്പീരിയെന്‍സ് തന്നെയായിരുന്നു. കാരണം ഞാന്‍ ആ സിനിമയില്‍ ഒരു പോലീസ് ഓഫീസറായിട്ടാണ് അഭിനയിച്ചത്. ദിലീപേട്ടന്‍റെ കൂടെ ഒരു ഫൈറ്റ് സീനുണ്ടായിരുന്നു. എനിക്ക് ആ ഫൈറ്റ് രംഗത്ത് അഭിനയിക്കാന്‍ വരുമ്പോള്‍ ഭയങ്കര ടെന്‍ഷനും ഉണ്ടായിരുന്നു. ടൈമിംഗ് തെറ്റിയാല്‍ ഫൈറ്റിന്‍റെ പിഴകള്‍ ഉണ്ടാകും. ദിലീപേട്ടനെപ്പോലെ സീനിയറായ എക്സ്പീരിയെന്‍സായ ഒരാര്‍ട്ടിസ്റ്റിന്‍റെ കൂടെ ആ സീനില്‍ അഭിനയിക്കാന്‍ ടെന്‍ഷന്‍ തന്നെയായിരുന്നു. എന്‍റെ ടെന്‍ഷന്‍ മനസ്സിലാക്കിയിട്ടായിരുന്നുവെന്ന് തോന്നുന്നു, രമ്യാ.. ധൈര്യമായി ചെയ്തോളൂ എന്നെല്ലാം പറഞ്ഞിരുന്നു. എന്നിട്ടും എന്‍റെ രണ്ടുമൂന്ന് ചവിട്ടൊക്കെ ദിലീപേട്ടന്‍റെ ദേഹത്ത് കിട്ടിയെന്ന് തോന്നുന്നു.

നമ്മള്‍ ടെന്‍ഷനോടെ ഇരിക്കുന്നത് കാണുമ്പോള്‍ ദിലീപേട്ടന്‍ എന്തെങ്കിലും കോമഡിയൊക്കെ അവതരിപ്പിച്ച് നമ്മുടെ ടെന്‍ഷന്‍ അകറ്റുകയും നമ്മളെ കംഫര്‍ട്ടാക്കുകയും ചെയ്യും. കോ-ആര്‍ട്ടിസ്റ്റിനെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് ദിലീപേട്ടന്‍. ദിലീപേട്ടന്‍റെ തമാശകളൊക്കെ കേട്ടുകഴിയുമ്പോള്‍ നമ്മുടെ മനസ്സ് ഒന്ന് റിലാക്സാകും. അതോടെ അടുത്ത സീനില്‍ അഭിനയിക്കാനുള്ള ഊര്‍ജ്ജം കിട്ടുകയും ചെയ്യും.  ഞാനെന്നല്ല,  ആ സെറ്റിലുണ്ടായിരുന്ന ഫുള്‍ ക്രൂവിനും ദിലീപേട്ടന്‍ ഫുള്‍ സപ്പോര്‍ട്ടായിരുന്നു. എല്ലാവരും വളരെ കംഫര്‍ട്ടായി നിന്നു- ചിരിയോടെ രമ്യ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം സ്വദേശിയായ രമ്യാപണിക്കര്‍ ഇപ്പോള്‍ എറണാകുളത്ത് വെണ്ണലയ്ക്കടുത്തുള്ള പാലച്ചുവട്ടില്‍ സെറ്റിലായിരിക്കുന്നു. ചേച്ചി സൗമ്യാ പണിക്കര്‍ വിവാഹിതയാണ്. മുംബൈയില്‍ സെറ്റിലാണ്. രമ്യയ്ക്ക് ഉടനെ വിവാഹമുണ്ടോയെന്ന് ചോദിക്കുമ്പോള്‍ ചിരിയുമായി രമ്യ പറഞ്ഞതിങ്ങനെ.

'വിവാഹമൊന്നും ഉടനെയുണ്ടാവില്ല. ഇപ്പോള്‍  കരിയറാണ് എന്‍റെ വരന്‍.'
രമ്യ തികഞ്ഞ ഒരു ഈശ്വരവിശ്വാസിയാണ്. ഒഴിവുവേളകളിലെല്ലാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് താല്‍പ്പര്യം. കേരളത്തിലും തമിഴ്നാട്ടിലുമുള്ള മിക്കവാറും ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ട്. 'എവിടെ ഏത് രാജ്യത്ത് പോയാലും അവിടെയുള്ള ക്ഷേത്രങ്ങളില്‍ പോകുക പതിവാണ്. ഈയടുത്ത് ദുബായില്‍ ചെന്നപ്പോഴും ഞാന്‍ ക്ഷേത്രത്തില്‍ പോയിരുന്നു. മൈന്‍ഡ് പോസിറ്റീവായി നില്‍ക്കാന്‍ ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനയും കൂടിയെ തീരൂ. അടുത്തുതന്നെ അയോദ്ധ്യ ക്ഷേത്രത്തില്‍ ഒന്നുപോകാനുള്ള ഒരുക്കത്തിലാണ് ഞാന്‍' - രമ്യാ പണിക്കര്‍ പറഞ്ഞു.


ഫോട്ടോ: അന്‍സല്‍ ഓറഞ്ച്


LATEST VIDEOS

Top News