NEWS

GOAT'--ൽ വിജയ്‌യുടെ മൂന്ന് കഥാപാത്രങ്ങളും.. രണ്ടു പാട്ടും...

News

വെങ്കട്ട്പ്രഭു  സംവിധാനം ചെയ്യുന്ന  'ദളപതി' വിജയ് നായകനാകുന്ന ചിത്രമാണ് 'GOAT'. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം നായകിയായി  മീനാക്ഷി ചൗദരി, മറ്റൊരു നായകിയായി സ്നേഹ തുടങ്ങിയവർക്കൊപ്പം ജയറാം, പ്രഭുദേവ, പ്രശാന്ത്, മോഹൻ, അജ്മൽ, വൈഭവ് തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിൽ എത്തിയിട്ടുണ്ട്. ചിത്രീകരണത്തിനോടൊപ്പം തന്നെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും വളരെ വേഗത്തിൽ നടന്നു വരികയാണ്. ചിത്രം സെപ്‌റ്റംബർ 5-ന് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നതിനാൽ അടുത്ത് തന്നെ ചിത്രത്തിന്റെ ഓഡിയോ റിലീസും നടക്കാനിരിക്കുകയാണ്.
  ഈ സാഹചര്യത്തിലാണ് 'GOAT' സംബന്ധമായി ഒന്ന്, രണ്ട് പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അതായത് ഈ ചിത്രത്തിൽ വിജയ് രണ്ടു ഗാനങ്ങൾ ആലപിച്ചിട്ടുണ്ടത്രെ. ഈ വിവരം ചിത്രത്തിന് സംഗീതം നൽകുന്ന യുവൻ ശങ്കർരാജ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയകാന്തിനെയും, സൂര്യയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിജയ്‌യുടെ പിതാവ്  എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത 'പെരിയണ്ണ' എന്ന ചിത്രത്തിലാണ് വിജയ് മൂന്ന് ഗാനങ്ങൾ ആലപിച്ചത്. അതിനുശേഷം ഏകദേശം 25 വർഷങ്ങൾക്ക് ശേഷം ഒരു സിനിമക്കു വേണ്ടി വിജയ് രണ്ട് ഗാനങ്ങൾ ആലപിക്കുന്നത് 'GOAT'-ന് വേണ്ടിയാണ്. ഈ വാർത്ത പുറത്തു വന്നതിനെ തുടർന്ന് വിജയ്‌യുടെ ആരാധകർ വളരെ ആവേശത്തിലാണ്. 
  അതുപോലെ ഈ ചിത്രം സംബന്ധമായി ലഭിച്ചിരിക്കുന്ന മറ്റൊരു വിവരം ഈ ചിത്രത്തിൽ വിജയ്‌  മൂന്ന് കഥാപാത്രങ്ങളിൽ വരുമത്രെ! പിതാവായും, മകനായും വരുന്നതോടൊപ്പം മൂന്നാമതായി  ആരും പ്രതീക്ഷിക്കാത്ത ഒരു വ്യത്യസ്ത കഥാപാത്രത്തിലും വരുമെന്നാണ് ആ പുതിയ വാർത്ത. ചിത്രത്തിന്റെ അണിയറപ്രവർത്തകർ വളരെ രഹസ്യമായി വച്ചിരുന്ന ഈ വിവരം ഇപ്പോൾ കോളിവുഡിൽ വലിയ വാർത്തയായിരിക്കുകയാണ്


LATEST VIDEOS

Top News