NEWS

പഠിച്ചതും വളര്‍ന്നതും ബാംഗ്ലൂരിലാണെങ്കിലും ജന്മനാടായ കണ്ണൂരിനോടാണ് ഇഷ്ടം

News

തന്‍വിറാം എന്ന പേര് സ്വീകരിക്കാനുള്ള കാരണമെന്തായിരുന്നു...?

ആദ്യചിത്രമായ അമ്പിളിയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് സംവിധായകന്‍ പേരിനെക്കുറിച്ച് ചോദിച്ചത്. ശ്രുതി രാമചന്ദ്രനെന്ന ഞാന്‍ ശ്രുതിറാം എന്ന് പേര് മാറ്റാന്‍ തീരുമാനിച്ചു. അപ്പോഴാണ് സിനിമയില്‍ ശ്രുതിയെന്ന പേരില്‍ ഒരുപാട് പേരുണ്ടെന്ന് സംവിധായകന്‍ ഓര്‍മ്മപ്പെടുത്തിയത്. ഞാന്‍ ഗൂഗിളില്‍ വ്യത്യസ്തമായ പേരിന് വേണ്ടി സെര്‍ച്ച് ചെയ്തു. അങ്ങനെയാണ് തന്‍വിയെന്ന പേര് കിട്ടിയത്. അര്‍ത്ഥമൊന്നും എനിക്കറിയില്ല. അച്ഛന്‍റെ പേര് കൂടിച്ചേര്‍ത്ത് തന്‍വിറാം എന്നാക്കി. 

2018 ന് ശേഷമുള്ള തന്‍വിറാമിന്‍റെ ശ്രദ്ധേയമായ സിനിമകളെക്കുറിച്ച് സൂചിപ്പിക്കാമോ...?

കപ്പേള, കാലി, പേഴ്സ്, മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്, കുമാരി, എങ്കിലും ചന്ദ്രികേ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു.

മലയാളത്തിന് പുറമെ മറ്റ് ഭാഷാചിത്രങ്ങളിലും അവസരം ലഭിച്ചിരുന്നുവോ...?

തെലുങ്കില്‍ അണ്‍ടേ സുന്ദരാ, നഗി, കിരണ്‍ അബ്ബാ വാത തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തെലുങ്കിന് പുറമെ തമിഴില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്. നല്ല കഥാപാത്രങ്ങളാണെങ്കില്‍ സ്വീകരിക്കും.

പഠിച്ചതും വളര്‍ന്നതും ബാംഗ്ലൂരിലാണെങ്കിലും ജന്മനാടായ കണ്ണൂരിനോടുള്ള ഇഷ്ടം...?

എന്‍റെ നാട് കണ്ണൂരിലെ കല്യാശ്ശേരിയിലാണ്. എത്ര തിരക്കാണെങ്കിലും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ നാട്ടിലെത്തും. മറ്റൊരു ഭാഗ്യമെന്ന് പറയുന്നത് എന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നത് ജന്മനാടായ കല്യാശ്ശേരിയിലാണ്. എന്‍റെ നാട്ടിലെ നൂറിലധികം നാടകപ്രവര്‍ത്തകരും പുതിയ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍ കണ്ണൂരിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നി. നമ്മുടെ നാട്ടിലെ സ്ക്കൂള്‍ യുവജനോത്സവം എനിക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഓപ്പണ്‍ സ്പെയ്സില്‍ കലാമത്സരങ്ങള്‍ നടക്കുകയെന്നത് മറ്റൊരിടത്തും കാണാനാവില്ല.

തന്‍വിറാം കഥകള്‍ കേള്‍ക്കാറുണ്ടോ.. കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സെലക്ടീവാണോ...?

തീര്‍ച്ചയായും, ഞാന്‍ വളരെയധികം സെലക്ടീവാണ്. ധാരാളം കഥകള്‍ കേള്‍ക്കാറുണ്ട്. കഥ പറയാന്‍ വരുന്നവരെ നിരാശപ്പെടുത്താറില്ല. സിനിമയില്‍ വന്നതിനുശേഷം 98 കഥകളാണ് ഞാന്‍ കേട്ടത്. എനിക്കിഷ്ടമായില്ലെങ്കില്‍ അക്കാര്യം തുറന്നുപറയാറുണ്ട്. കഥകള്‍ ഒരുപാട് കേട്ടെങ്കിലും പതിമൂന്ന് സിനിമകളിലാണ് ഞാന്‍ അഭിനയിച്ചത്. സ്ക്രിപ്റ്റ് പൂര്‍ണ്ണമായും വായിച്ച ശേഷമാണ് ഞാന്‍ ഡേറ്റ് നല്‍കാറുള്ളത്. കുമാരിയെന്ന ചിത്രത്തിലെ നങ്ങേമക്കുട്ടിയെന്ന കഥാപാത്രം ഏറെ ഇഷ്ടത്തോടെ ചെയ്തതാണ്. 

സംവിധായകന്‍ കഥ പറയുമ്പോള്‍ ഇഷ്ടം തോന്നിയ കഥാപാത്രത്തെ ക്യാമറയുടെ മുന്നില്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്ന ഘട്ടത്തില്‍ നിരാശ തോന്നിയിട്ടുണ്ടോ?

ഞാന്‍ അഭിനയിച്ച ഒന്നുരണ്ട് സിനിമകളില്‍ ഇത്തരത്തില്‍ നിരാശ തോന്നിയിട്ടുണ്ട്. കഥ കേള്‍ക്കുമ്പോള്‍ ഇഷ്ടം തോന്നിയ കഥാപാത്രത്തിന്‍റെ കരുത്ത് സംവിധായകന്‍റെ നിര്‍ദ്ദേശത്തിനനുസരിച്ച് ക്യാമറയുടെ മുന്നില്‍ അഭിനയിക്കുമ്പോള്‍ പ്രതീക്ഷിച്ചതുപോലെ നന്നാവുന്നില്ലല്ലോയെന്ന് നിരാശ തോന്നിയിട്ടുണ്ട്. കഥ പറയുന്നതും, ഫിലിം മേക്കിംഗും രണ്ടാണെന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അത്.

മനസ്സിലുള്ള കഥാപാത്രങ്ങള്‍...?

ഡാന്‍സുമായി റിലേറ്റഡായ ക്യാരക്ടര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ ഫൈറ്റ് ചെയ്യുന്ന കഥാപാത്രമാവണമെന്നും മോഹമുണ്ട്. ഇതൊക്കെ ഭാവിയില്‍ ചിലപ്പോള്‍ സംഭവിക്കുമായിരിക്കാം.

അഭിനയത്തിന്‍റെ കാര്യത്തില്‍ ആരാധനതോന്നിയ അഭിനേത്രി...?

സിനിമയില്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ എനിക്കേറെയിഷ്ടം ഹിന്ദിയിലെ അഭിനേത്രി ദീപിക പദുക്കോണിനെയാണ്. 

കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ?

തീര്‍ച്ചയായും, ഏത് കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ബോഡി ഫിറ്റായിരിക്കണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. ജിമ്മില്‍ പോവാറുണ്ട്. 

മനസ്സിലെ ആഗ്രഹം..?

പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങള്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.

എം.എസ്. ദാസ് മാട്ടുമന്ത
 


LATEST VIDEOS

Interviews