മൂന്ന് വയസ്സുള്ളപ്പോൾ മാള അരവിന്ദൻ സാറിന്റെ മകളായി ഒരു ടെലിപരമ്പരയിൽ അഭിനയിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ എനിക്ക് ആ ഓർമ്മകളൊന്നും അത്ര വ്യക്തമല്ലെങ്കിലും ചെറുപ്പം മുതൽ സ്‌ക്കൂളിലെ സുഹൃത്തുക്കളോടൊപ്പം ഞാൻ പറഞ്ഞുനടക്കാറുണ്ടായിരുന്നു. പണ്ട് ടി.വിയിൽ സീരിയലുകളും സിനിമകളും കാണുമ്പോൾ എനിക്കും അവരുടെ അടുത്തുപോകണം അഭിനയിക്കണമെന്നൊക്കെ പറഞ്ഞ് ഞാൻ വീട്ടിൽ ഒരേ ബഹളമുണ്ടാക്കാറുണ്ടായിരുന്നത്രേ. അതുകൊണ്ടുതന്നെ ഞാൻ സിനിമാ മേഖലയിൽ എത്തിപ്പെട്ടപ്പോൾ എന്നെ അടുത്ത് അറിയുന്നവർക്ക് ആർക്കും വലിയ അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതൽ വളരെ ആക്ടീവായ ഒരാളായിരുന്നു ഞാൻ. ഇവിടെയാണ് എന്റെ ഇടമെന്ന് ഞാൻ തിരിച്ചറിയേണ്ട ഒരു കാര്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ചൈൽഡ്‌വുഡ് ആർട്ടിസ്റ്റായി അഭിനയലോകത്ത് തുടക്കം കുറിച്ച അമല റോസ് കുര്യനെ മലയാളി പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രം തീവ്രത്തിൽ വില്ലനായി വേഷമിട്ട അനുമോഹന്റെ ഭാര്യയായി എത്തിയപ്പോഴാണ്. ഒമ്പതുവർഷങ്ങൾക്കുശേഷം അമൽനീരദ് ചിത്രം ഭീഷ്മപർവ്വത്തിലും മലയാളികൾ കണ്ടു. ഇപ്പോളിതാ നെയ്മറിലെ സെലിനായി വീണ്ടും തിളങ്ങുമ്പോൾ അമല റോസ് ഫുൾ ഓൺ വൈബിലാണ്.
Believe you
നമുക്ക് നമ്മളായിരിക്കാൻ കഴിയണം. ഞാൻ പല സാഹചര്യങ്ങളിലും എന്നോടുതന്നെ സംസാരിക്കാറുണ്ട്. തളർന്നുപോകുന്ന സമയങ്ങളിൽ എന്റെ തോളിൽ ഞാൻ തന്നെ തട്ടിപ്പറഞ്ഞിട്ടുണ്ട്. അമല നീ അടിപൊളിയാണ്. നീ കുറച്ചുകൂടെ വെയിറ്റ് ചെയ്യ്.. നമ്മുടെ സമയം വരും ദാസാ എന്നൊക്കെ. ഇത് പുറത്തുനിന്നു കേൾക്കുന്നവർ അവരുടേതായ കാഴ്ചപ്പാടിൽ എടുക്കുമായിരിക്കും. പക്ഷേ എനിക്കാരേക്കാൾ വലുത് ഞാൻ തന്നെയാണ്. എനിക്ക് എന്നോടാണ് ആദ്യം ഉത്തരം നൽകേണ്ടത്. നമുക്ക് നമ്മളെ വിശ്വാസമില്ലെങ്കിൽ പുറത്തുള്ളവർ നമ്മളെയെങ്ങനെ വിശ്വസിക്കും. ചെറുപ്പം മുതൽ സ്റ്റേജാണ് എന്റെ പവർ. സ്‌ക്കൂൾ, കോളേജ് കാലഘട്ടം കഴിഞ്ഞപ്പോൾ ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും ആ സ്റ്റേജുകളായിരുന്നു. പെർഫോം ചെയ്യുക... ചെയ്തുകൊണ്ടേയിരിക്കുക.. അതിലാണ് എന്റെ സന്തോഷമെന്ന് ഞാൻ ചെറിയ പ്രായത്തിൽ തിരിച്ചറിഞ്ഞതാണ്.
Our Time Will Come
എന്റെ പതിനാറാമത്തെ വയസ്സിലാണ് ഞാൻ അഭിനേത്രിയെ തേടുന്ന റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. റിയാലിറ്റി ഷോ വഴിയുണ്ടായ ഒരു കോൺടാക്ട് മൂലമാണ് രൂപേഷേട്ടൻ സംവിധാനം ചെയ്ത ദുൽഖർ നായകനായി അഭിനയിച്ച തീവ്രത്തിലേക്ക് അവസരം ലഭിക്കുന്നത്. എന്നെ സംബന്ധിച്ച് ആ പ്രോജക്ട് ലോട്ടറി പോലെയായിരുന്നു. ആ ചെറിയ പ്രായത്തിൽ തീവ്രത്തിലെ രാഘവന്റെ ഭാര്യ വികലാംഗയായ മൈനയുടെ വേഷം ചെയ്യുമ്പോൾ അന്ന് അതിന്റെ ആഴത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഒരുപക്ഷേ ആ അറിവില്ലായ്മ കൊണ്ടുമാത്രമായിരിക്കും എനിക്ക് മൈനയെ മനോഹരമായി ചെയ്യാൻ കഴിഞ്ഞത്.അത്രയും നല്ലൊരു ടീമിന്റെ കൂടെ വർക്ക് ചെയ്തു തുടങ്ങിയ കരിയർ പിന്നീട് പിറകിലേക്ക് നോക്കേണ്ടി വരില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ നമ്മൾ പ്ലാൻ ചെയ്യുന്നപോലെയല്ലല്ലോ കാര്യങ്ങൾ നടക്കുക. അതുകൊണ്ട് ഒമ്പതുവർഷം കാത്തിരിക്കേണ്ടി വന്നു മറ്റൊരു മലയാളസിനിമ ചെയ്യാൻ. ഇതിനിടയ്ക്ക് കടന്നുപോയ എല്ലാ സാഹചര്യങ്ങളെയും വളരെ പോസിറ്റീവായി എടുക്കാൻ കഴിഞ്ഞു. ആ ഒമ്പത് വർഷങ്ങൾക്കിടയിൽ തമിഴിൽ രണ്ട് സിനിമകൾ, നിരവധി ചാനലുകളിൽ ആങ്കർ അങ്ങനെ എന്റെ പല സാധ്യതകളെയും ഉപയോഗപ്പെടുത്തി. അതിലൂടെയെല്ലാം എന്റെ സന്തോഷങ്ങൾ കണ്ടെത്തുകയായിരുന്നു. കൂടെയുള്ളവർ സെറ്റിൽഡ് ആവുമ്പോഴും പുറത്തുപോയി ഹയർസ്റ്റഡീസ് പോവാൻ ചുറ്റുമുള്ളവർ നിർബന്ധിക്കുമ്പോഴും ഞാൻ ചിന്തിച്ചിരുന്നത് എനിക്ക് ഇഷ്ടമില്ലാത്ത പ്രൊഫഷനിൽ പോയി എന്റെ ടൈം ഇൻവെസ്റ്റ് ചെയ്ത് മെന്റൽ ഹെൽത്ത് ഇല്ലാതാക്കുന്നതിനേക്കാൾ നല്ലത് എന്റെ സന്തോഷത്തിനൊപ്പം നിൽക്കുക എന്നുമാത്രമായിരുന്നു. നമുക്ക് തീക്ഷ്ണമായ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അതിനുവേണ്ടി നമ്മൾ പണിയെടുത്താൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും യൂണിവേഴ്‌സ് അത് നമ്മുടെ മുന്നിൽ എത്തിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്റെ ജീവിതം വലിയൊരു ഉദാഹരണമാണ്.
Something Special for me
ഒമ്പതുവർഷങ്ങൾ ജീവിതത്തിലെ കടന്നുപോകുമ്പോൾ ഇനിയൊരു സിനിമ ചെയ്യുമ്പോൾ നല്ലൊരു ടീമിനൊപ്പം എല്ലാവരും നോട്ടീസ് ചെയ്യുന്ന ഒരു കഥാപാത്രമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് മറ്റാർക്കും വേണ്ടിയിട്ടില്ലായിരുന്നില്ല. എനിക്ക് വേണ്ടിയായിരുന്നു. അതേപോലെ എന്നിലേക്ക് വന്നതായിരുന്നു ഭീഷ്മപർവ്വത്തിലെ സ്റ്റെഫി. ഒറ്റ സീനിൽ വന്നുപോകുന്ന കഥാപാത്രമാണെങ്കിലും സിനിമ കണ്ടിറങ്ങുന്നവർ സ്റ്റെഫിയെ ഓർക്കും. അമൽ സാർ ധൈര്യപൂർവ്വം ആ കഥാപാത്രം എനിക്ക് നൽകി. സാറിന്റെ നിർദ്ദേശപ്രകാരം എനിക്ക് സ്റ്റെഫിയെ മനോഹരമാക്കാൻ കഴിഞ്ഞു. ഭീഷ്മപർവ്വം പോലുള്ള വലിയ സ്റ്റാർ കാസ്റ്റുള്ള ചിത്രത്തിൽ ട്രോളുകൾ വാരിക്കൂട്ടിയ ഒരേയൊരു ഫീമെയിൽ ക്യാരക്ടർ അത് സ്റ്റെഫിയായിരിക്കും. എല്ലാവരേയും വിറപ്പിക്കുന്ന പോൾ സ്റ്റെഫിക്ക് മുന്നിൽ പൂച്ചക്കുട്ടിയായി നിൽക്കുമ്പോൾ തന്നെ ആ ക്യാരക്ടറിന്റെ പവർ മനസ്സിലാക്കാൻ കഴിയും. സ്റ്റെഫി തന്ന ഇമ്പാക്ട് വളരെ വലുതാണ്. അതുകൊണ്ടുതന്നെ സ്റ്റെഫിയും ഭീഷ്മപർവ്വം ടീമും എന്നെ സംബന്ധിച്ച് സ്‌പെഷ്യലാണ്.
Neymar days
നെയ്മറാണ് ഏറ്റവും വലിയ വിശേഷം. നെയ്മറിന്റെ തിരക്കഥാകൃത്ത് ആദർശ് എന്റെ സുഹൃത്താണ്. ഭീഷ്മപർവ്വത്തിലെ എന്റെ പെർഫോമൻസ് കണ്ടാണ് നെയ്മറിൽ സെലിനായി എന്നെ കാസ്റ്റ് ചെയ്യുന്നത്. പൊടിമോൾ എന്നാണ് എല്ലാവരും വിളിക്കുന്ന പേര്. ഇതുവരെ വർക്ക് ചെയ്തതിൽ നിന്ന് വ്യത്യസ്തമായി എല്ലാവരും സമപ്രായക്കാരായിരുന്നു നെയ്മർ ടീം. സംവിധായകനായാലും എ.ഡിമാരായാലും സെറ്റിൽ എല്ലാവരും യൂത്ത് ആയിരുന്നു. സംവിധായകൻ സുധി ചേട്ടനും പ്രൊഡ്യൂസർ പദ്മ ആന്റിയും നൽകിയ പിന്തുണയും സ്‌നേഹവും പറയാതിരിക്കാൻ സാധിക്കില്ല. നെയ്മർ സെറ്റിൽ കമ്മ്യൂണിക്കേഷൻ വളരെ എളുപ്പമായിരുന്നു. സെലിനയ്ക്ക് വേണ്ടി ശരീരഭാരം ചെറിയ രീതിയിൽ കുറയ്‌ക്കേണ്ടി വന്നു. മാത്യുവും നസ്‌ലനും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ബാല്യകാല സുഹൃത്താണ് സെലിന. വളെര കൂളായി ഫണായി ചെയ്തുതീർത്ത സിനിമയായിരുന്നു നെയ്മർ. അതുപോലെ ജോണി ആന്റണി ചേട്ടൻ, കുട്ടൻ ചേട്ടൻ(വിജയരാഘവൻ) ഷമ്മി ചേട്ടൻ തുടങ്ങി ഒരുപാട് സീനിയർ ആർട്ടിസ്റ്റുമാരുമുള്ള ചിത്രമായതുകൊണ്ട് ഷമ്മി ചേട്ടൻ തുടങ്ങി ഒരുപാട് സീനിയർ ആർട്ടിസ്റ്റുമാരുമുള്ള ചിത്രമായതുകൊണ്ട് അവരിൽ നിന്നെല്ലാം പല കാര്യങ്ങളും പഠിക്കാൻ സാധിച്ചു. ചങ്ങനാശ്ശേരിയിലെ എന്റെ വീട്ടിൽ ഒരുപാട് പൂച്ചകളും പട്ടികളുമെല്ലാം ഉണ്ടായതുകൊണ്ട് ചിത്രത്തിൽ നെയ്മറായി വേഷമിട്ട പട്ടിയുമായി മിംഗിളാവാൻ ഈസിയായിരുന്നു. ട്രെയിൻഡ് പട്ടിയായിരുന്ന നെയ്മറുമായി ആദ്യം ഒന്ന് സെറ്റാവാൻ ട്രെയിനർ പാർത്ഥൻ ഹെൽപ് ചെയ്തിരുന്നു.
ബിന്ദു പി.പി