മലയാളത്തില്‍ മാത്രം ഉള്ള ഒരു അവസ്ഥയാണിത്. മറ്റ് ഇന്‍ഡസ്ട്രികളില്‍ നായികമാര്‍ വിവാഹം കഴിഞ്ഞാലും നായികമാരായിത്തന്നെ തുടരും. ശരിക്കും അത് മലയാളം ഇന്‍ഡസ്ട്രിയില്‍ ഉള്ള ഒരു ക്ലീഷെ ചിന്തയാണ്. എന്‍റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു ബ്രേക്കിനുശേഷം ഞാന്‍ തിരികെ വന്നത് 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഒരിടവേള'യിലാണ്. അതില്‍ ഞാനാണ് കേന്ദ്ര കഥാപാത്രം. പക്ഷേ ഹീറോയിന്‍ അവാര്‍ഡ് എനിക്കല്ല കിട്ടിയയത്.
ബ്രേക്ക് എടുക്കാന്‍ എന്തെങ്കിലും കാരണം...?
ശരിക്കും എന്‍റെ ജീവിതത്തില്‍ ബ്രേക്ക് ഒക്കെ താനേ സംഭവിച്ചതാണ്. എണ്‍പതുകളില്‍ ഞാന്‍ തിരക്കുള്ള ഒരു നായിക തന്നെയായിരുന്നു. 1984 ല്‍ വിവാഹത്തിനുശേഷം ബ്രേക്ക് ആയി. പിന്നെ 1991 ല്‍ തിരിച്ചുവന്നു. പിന്നെയും ബ്രേക്ക് എടുത്തു.
അമ്മ കഴിഞ്ഞാല്‍ പിന്നെ പുസ്തകങ്ങളാണ് താങ്കളുടെ ബെസ്റ്റ് ഫ്രണ്ട്. ജീവിതത്തില്‍
ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് പുസ്തകവായന ഏത് രീതിയില്‍ ആണ് സഹായിച്ചിട്ടുള്ളത്?
ഞാന്‍ ഇതുവരെ എന്‍റെ ജീവിതത്തില്‍ ഒറ്റയ്ക്ക് ഒരു തീരുമാനം എടുത്തിട്ടില്ല. ബുദ്ധി കൊണ്ടല്ല, ഹൃദയം കൊണ്ടാണ് എപ്പോഴും ഞാനത് ചെയ്യാറുള്ളത്. ചെറുപ്പത്തില്‍ തന്നെ പുസ്തകവായന ഉണ്ടായിരുന്നു. റൊമാന്‍റിക് നോവലുകളാണ് കൗമാരത്തില്‍ വായിച്ചത്. അതുകൊണ്ടുതന്നെ ഞാന്‍ ഭയങ്കര റൊമാന്‍റിക് ആണ്. ഇരുപതുകളില്‍ ഒക്കെ ഞാന്‍ ഒരു സ്വപ്നലോകത്തായിരുന്നു. പുസ്തകവായന എന്നെ നല്ലോണം പരുവപ്പെടുത്തിയിട്ടുണ്ട്.
ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രശംസ ഏതാണ്?
'സവിധം' എന്ന സിനിമയ്ക്കുള്ള അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ വേദിയില്‍ മാധവിക്കുട്ടി ഉണ്ടായിരുന്നു. സിനിമയിലെ എന്‍റെ വേഷം കണ്ടിട്ട് നേരില്‍ എന്നെ ലഹംഗ ഇട്ടുകാണുകയും ചെയ്തപ്പോള്‍ രണ്ടും ഒരാളാണെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. 'അമേസിങ്' എന്നാണ് അവര്‍ പറഞ്ഞത്.
സിനിമയില്‍ വളരെ മുന്‍നിരയില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു മറ്റ് ക്യാരക്ടര്‍ റോളുകളും ചെയ്യുന്നത്. അതെങ്ങനെയാണ് സാധിച്ചത്?
ഒരു നടി എന്ന നിലയില്‍ എല്ലാ റോളുകളും ചെയ്യാന്‍ നമ്മള്‍ തയ്യാറാകണം. പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രം ആയിരിക്കണം.
സിനിമാ അഭിനേത്രി ആയിരുന്ന സമയത്ത് തന്നെ നല്ല നര്‍ത്തകി കൂടെയായിരുന്നു. അതിന് ഒരുപാട് കയ്യടികള്‍ നേടിയിരുന്നു. പിന്നെ എന്തുകൊണ്ട് നൃത്തം തുടര്‍ന്നില്ല?
ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഒരു മൂന്ന് വര്‍ഷം മുന്‍പ് എനിക്ക് സെറ്റില്‍ വച്ച് ഒരു അപകടം പറ്റി. അതിനുശേഷം കാല്‍ നിലത്ത് അമര്‍ത്തി ച്ചവിട്ടരുത് എന്ന് ഡോക്ടര്‍ പറഞ്ഞു. അതിനുശേഷം എനിക്ക് ഒരു പേടിയാണ്. പക്ഷേ എനിക്ക് ചുറ്റില്‍ നിന്നും വീണ്ടും ഡാന്‍സ് തുടങ്ങാനായി പ്രചോദനമുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
കൗമാരപ്രായത്തില്‍ ആണ് ഭരതനെപ്പോലുള്ള വലിയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. അന്ന് അതിന്‍റെ ഗൗരവത്തെക്കുറിച്ച് ബോധവതിയായിരുന്നോ?
ഞാന്‍ അന്ന് ബോംബെയില്‍ പഠിക്കുകയായിരുന്നു. സഹോദരന്‍ സുരേഷ്കൃഷ്ണ വഴിയാണ് 'നിദ്ര'യിലേക്ക് വിളിക്കുന്നത്. ഞാന്‍ അന്ന് കലാമേഖലയില്‍ നല്ല ആക്ടീവ് ആയിരുന്നു. അതിനിടയ്ക്ക് സിനിമ കൂടി വന്നപ്പോള്‍ ഏറ്റെടുക്കുകയായിരുന്നു. അല്ലാതെ കരിയര്‍ പ്ലാന്‍ ഒന്നുമായിരുന്നില്ല എനിക്ക് സിനിമ. ആദ്യ സിനിമ കഴിഞ്ഞ് പിന്നെ തുടരെ വന്നുകൊണ്ടിരുന്നു. പിന്നെ 'നിദ്ര'യില്‍ എനിക്ക് കിട്ടിയ അശ്വതി എന്ന റോള്‍ ആ ഒരു പ്രായത്തില്‍ എനിക്ക് വലിയ ചാലഞ്ചിംഗായി ആയിരുന്നു. എപ്പോഴും ഓര്‍ത്ത് വയ്ക്കാന്‍ പറ്റുന്ന ഒരു കഥാപാത്രം തന്നെയാണത്.