NEWS

വിസ്മയമീ പ്രതികരണങ്ങള്‍ - പി. സുകുമാര്‍ (Cinematographer)

News

 

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതാവും നടനുമായ പി. സുകുമാര്‍  'നാന'യ്ക്കൊപ്പം...

40 വര്‍ഷത്തോളമായി സിനിമാരംഗത്തുണ്ട്. ഒട്ടേറെ പ്രമുഖ അഭിനേതാക്കളുമായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരുപാട്  മികച്ച രംഗങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹൃദയത്തോട് ഏറ്റവും കൂടുതല്‍ ചേര്‍ത്തുവയ്ക്കാന്‍ ആകുന്ന ഒരു സീന്‍ ഏതാണെന്ന് ചോദിച്ചാല്‍ എന്താണ് ഉത്തരം? 

അച്ഛനമ്മമാരോട് ഏത് മക്കളെയാണ് കൂടുതല്‍ ഇഷ്ടം എന്ന് ചോദിക്കുന്നപോലെ ആണത്. ആ രീതിക്ക് തന്നെ അതിന് ക്ലീഷെ ആയ ഒരു മറുപടി തരികയും ചെയ്യാം. ഒരുപാട് നല്ല മൊമെന്‍റുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി എന്നുള്ളതാണ് ഏറ്റവും നല്ല കാര്യം. അതില്‍ ഏതെങ്കിലും ഒന്നിനെ കൂടുതല്‍ മികച്ചതാണ് എന്നുപറയാന്‍ എനിക്ക് കഴിയില്ല.

എക്സ്പെക്ടേഷനുകള്‍ക്കപ്പുറം പോയ രംഗങ്ങള്‍ ഏതെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടോ?

നമ്മള്‍ കൊടുത്ത എഫേര്‍ട്ടിന് 100% കിട്ടി എന്ന് ഒരിക്കലും തോന്നാറില്ല. ആളുകള്‍ അഭിനന്ദിച്ച ഒരുപാട് ഷോട്ട്സുണ്ട്. രാവണപ്രഭുവിലെ ലാലേട്ടന്‍റെ എന്‍ട്രി, ട്വന്‍റി ട്വന്‍റി ഒക്കെ അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഷോട്ട്സുകളാണ്.

ട്വന്‍റി ട്വന്‍റി പോലുള്ള സിനിമകള്‍ ഇനിയുള്ള കാലത്ത് ഉണ്ടാവുക എന്നുള്ളത് ശ്രമകരമാണല്ലോ. അതില്‍ ഒരുപാട് നായകനടന്മാര്‍ ഉണ്ടായിരുന്നല്ലോ. എല്ലാവരെയും ഒരേ പ്രാധാന്യത്തോടെ ക്യാമറയില്‍ പതിപ്പിക്കാന്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നില്ലേ?

തീര്‍ച്ചയായും. ഇവര്‍ താരങ്ങള്‍ എന്നതിലുപരി നല്ല അഭിനേതാക്കള്‍ ആണ്. ക്യാമറയുടെ ആംഗിള്‍, ഉപയോഗിക്കുന്ന ലെന്‍സ് എന്നിവയെല്ലാം ഒരു അഭിനേതാവിനെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിക്കുന്ന ഘടകങ്ങള്‍ ആണ്. ക്യാമറയുടെ ആംഗിള്‍ പ്രത്യേകം തന്നെ ശ്രദ്ധിക്കണം.

കഥ പറയുമ്പോള്‍ സിനിമയിലെ സ്പീച്ച് സീന്‍ ഒറ്റടേക്കില്‍ ആണ് എടുത്തത് എന്ന് കേട്ടിട്ടുണ്ട്?

അതെ. അവിടെ രണ്ട് ക്യാമറ സെറ്റ് ചെയ്തു. ഒരുഘട്ടം എത്തിയപ്പോള്‍ മമ്മൂക്കയ്ക്ക് തൊണ്ടയിലെ വെള്ളം വറ്റി. ഞാന്‍ അപ്പോള്‍ സഹ ക്യാമറാമാനെ നോക്കി. അദ്ദേഹം എന്നോട് കട്ട് ചെയ്യണോ എന്നുചോദിച്ചു. ഞാന്‍ വേണ്ട എന്നുപറഞ്ഞു. പക്ഷേ അത് വളരെ നാച്ചുറല്‍ ആയിവന്നു. ഇപ്പോഴും ഹിറ്റ് ആണ് ഇത്.

അതുപോലെ അഴകിയ രാവണന്‍ എന്ന സിനിമയിലെ പ്രേക്ഷകരെ ചിരിപ്പിച്ച ഒരുപാട് രംഗങ്ങള്‍ ഉണ്ട്. മമ്മൂക്കയുടെ നോട്ടവും ഭാവവും ഒക്കെ ചിരിപ്പിക്കും. ഷൂട്ട് ചെയ്യുന്ന സമയത്ത് താങ്കള്‍ എങ്ങനെ ചിരിക്കാതെ പിടിച്ചുനില്‍ക്കും?

ചിരിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. പക്ഷേ സീനിന്‍റെ ഇടയ്ക്ക് കയറി ചിരിക്കില്ല എന്നേയുള്ളൂ. ഞാന്‍ ചിരിച്ചാല്‍ ക്യാമറ ചലിക്കും. പലവട്ടം ഞാന്‍ ക്യാമറ സെറ്റ് ചെയ്ത് വച്ച് മാറിനിന്ന് ചിരിച്ചിട്ടുണ്ട്. ഡ്രീംസ് എന്ന സിനിമ അതുപോലെ ഉദാഹരണമാണ്. ക്യാമറവച്ച് ഞാന്‍ പുറത്തേക്ക് ഓടിച്ചെന്ന് ചിരിച്ചിട്ടുണ്ട്. നമ്മള്‍ അവിടെ നിന്ന് ചിരിച്ചാല്‍ അവരെ ഇന്‍സള്‍ട്ട് ചെയ്യുന്നപോലെ അല്ലെ. നല്ല അനുഭവങ്ങള്‍ ആണത്.

മമ്മൂക്ക, മോഹന്‍ലാല്‍ പോലെയുള്ള നടന്മാര്‍ സ്വന്തം കയ്യില്‍ നിന്നും ഇടുന്ന ചില റിയാക്ഷന്‍സ് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ടല്ലോ? അതൊക്കെ ആദ്യമായി ലൈവായി കണ്ട ആളാണ് താങ്കള്‍...?

അതെ. അങ്ങനെ ഉണ്ടായിട്ടുണ്ട്. നമ്മള്‍ ഷൂട്ട് ചെയ്ത പല നല്ല രംഗങ്ങള്‍ എല്ലാം സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റാതെ വരാറുണ്ട്. അതാണ് ഏറ്റവും വലിയ വിഷമം. സിനിമയുടെ ദൈര്‍ഘ്യം കണക്കാക്കി അത് ചുരുക്കേണ്ടി വരും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴ് റീമേക്ക് കാശിയിലെ കാവ്യമാധവന്‍റെ ഒരു പ്രകടനം ഞെട്ടിച്ചുകളഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള ഒരു സീന്‍ ആണ് ഇത്. കാവ്യയിലെ അഭിനേത്രിയെ ഞാന്‍ അന്നാണ് തിരിച്ചറിയുന്നത്. അതുപോലെ മമ്മൂക്കയുടെ കറുത്ത പക്ഷികള്‍ എന്ന സിനിമയിലെ ഒരു രംഗം. ഒരു അച്ഛന്‍റെ വേദന. അത് അവതരിപ്പിച്ച മമ്മൂക്കയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ലാലേട്ടന്‍റെ ഇങ്ങനെ കുറെ രംഗങ്ങള്‍ ഉണ്ട്.

ഈ പുഴയും കടന്ന് എന്ന സിനിമയില്‍ ദിലീപിന്‍റെയും മഞ്ജുവിന്‍റെയും ഇമോഷണല്‍ സംഭാഷണരംഗങ്ങള്‍ ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍...?

ദിലീപ് മേഘനാഥനെ കൊന്നിട്ട് മഞ്ജുവിനോട് വന്നുപറയുന്ന ഒരു രംഗം ഉണ്ട്. ഒറ്റ ടേക്കില്‍ അത് ഓകെയായി. എന്ത് മനോഹരമായാണ് അവര്‍ രണ്ട് പേരും അഭിനയിച്ചത്. നല്ല മൊമെന്‍റ് ആയിരുന്നു അത്. ഈ സിനിമയിലെ ദിലീപിനെ അറസ്റ്റ്ചെയ്യുന്ന ഒരു രംഗത്തില്‍ മഞ്ജുവിന് കരച്ചില്‍ അടക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ടേക്കിനുശേഷം കുറച്ചുസമയം എടുത്താണ് കരച്ചില്‍ നിര്‍ത്തിയത്. വളരെ ഡെഡിക്കേറ്റഡ് ആണ് അവര്‍.

കേരളസ്റ്റോറി എന്ന സിനിമയ്ക്ക് മികച്ച സിനിമാറ്റോഗ്രാഫിക്ക് ഉള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാവരും വിമര്‍ശിച്ചു. മലയാളത്തിലെ ഒരു മികച്ച സിനിമാറ്റോഗ്രാഫര്‍ എന്ന നിലയില്‍ എന്താണ് താങ്കളുടെ നിലപാട്? ആടുജീവിതം നല്ല വര്‍ക്ക് തന്നെ ആയിരുന്നില്ലേ?

ഇപ്പോള്‍ പ്രഖ്യാപിച്ച അവാര്‍ഡിന്‍റെ മുന്‍പത്തെ ജൂറിയില്‍ ഞാന്‍ മെമ്പര്‍ ആയിരുന്നു. അവിടെ ഇടപെടലുകള്‍ ഉണ്ടാകാം. പല കാര്യങ്ങളും ഇതില്‍ സംഭവിക്കാം. കേരള സ്റ്റോറി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഞാന്‍ അതിനെ ഇപ്പോള്‍ വിലയിരുത്തുന്നില്ല. എന്നാല്‍ ആടുജീവിതം നല്ല വര്‍ക്കാണ്. അതില്‍ തര്‍ക്കം ഒന്നുമില്ല.

 


LATEST VIDEOS

Interviews