ഹാസ്യ-നർമ്മ സംഭാഷണത്തിലൂടെയും, ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചും മലയാള സിനിമാ ആസ്വാദകരെ വേണ്ടുവോളം രസിപ്പിച്ച പ്രിയനടൻ ശ്രീ. ഇന്നസെന്റ് ചേട്ടന്റെ ആകസ്മികമായ വേർപാട് മലയാളികൾക്ക് ഒരു തീരാനഷ്ടം തന്നെയാണ്. സംഭാഷണ ശൈലിയിലും ശരീരഭാഷയിലുമുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ അഭിനയശൈലി മലയാള സിനിമാ മേഖലയ്ക്ക് തന്നെ അഭിമാനമായിരുന്നു.
ഹാസ്യ അഭിനയരീതി, സ്വാഭാവിക അനുഭവത്തിലേക്ക് ഉയർത്തിയ കലാകാരന്മാരിൽ ഒരാളായിരുന്നു ഇന്നസെന്റ്. അദ്ദേഹത്തിന്റെ നർമ്മ കഥകൾ നാം ധാരാളമായി കേൾക്കുകയും വായിച്ചറിയുകയും ചെയ്തിട്ടുണ്ട്. മാരകമായ സ്വന്തം രോഗത്തെപ്പോലും ചങ്ങാതിയായി കാണുകയും, അതും നർമ്മത്തിലൂടെ പ്രേക്ഷകരിൽ സരസമായി അവതരിപ്പിച്ചു ശ്രോതാക്കളെ ചിരിപ്പിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു നടനായിരുന്നു അദ്ദേഹം.
ശ്രീ. ഇന്നസെന്റുമായി ബന്ധപ്പെട്ട ഒരു രാത്രിയിലെ അനുഭവം ഇവിടെ ഞാൻ രേഖപ്പെടുത്തുകയാണ്.
കാലം 1997. ഏകദേശം 26 വർഷങ്ങൾക്ക് മുൻപ്. കൃത്യമായി പറഞ്ഞാൽ 1997 ആഗസ്റ്റ് 17(ചിങ്ങം ഒന്ന്). കരുനാഗപ്പള്ളി താലൂക്കിൽപ്പെട്ട ഓച്ചിറയിലെ ഒരു പ്രമുഖ സ്വർണ്ണവ്യാപാരശാലയുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടകനായി എത്തിയത് ഇന്നസെന്റായിരുന്നു. ശ്രീ . സലാമിന്റെ ഉടമസ്ഥതയിലുള്ള അയിഷാ-ഗോൾഡ് പാലസ്സിന്റെ ഉദ്ഘാടനം. തലേദിവസം തന്നെ ഇന്നസെന്റ് സ്ഥലത്തെത്തി. അന്ന് അദ്ദേഹത്തെപ്പോലെ ഒരു പ്രമുഖനെ താമസിപ്പിക്കാൻ പറ്റുന്ന ലോഡ്ജ് ഒന്നുംതന്നെ ഓച്ചിറയിൽ ഇല്ലായിരുന്നു. സലാമും രണ്ട് സുഹൃത്തുക്കളുമായി എന്നെ സമീപിച്ചു. അങ്ങനെ കരുനാഗപ്പള്ളിയിൽ ഒരു താമസസ്ഥലം കണ്ടെത്തി. എക്‌സലൻസി ബാർ ഹോട്ടലിന്റെ മുകളിലത്തെ നിലയിലുള്ള എ.സി. മുറി തരപ്പെടുത്തി. ഉടമ അനന്തൻ മുതലാളിയുമായി എനിക്കുണ്ടായിരുന്ന ബന്ധം വെച്ചാണ് ആ കാര്യം ഏർപ്പാടാക്കാൻ കഴിഞ്ഞത്.
സലാം സുഹൃത്തുക്കളുമായി വന്നു അദ്ദേഹത്തിനാവശ്യമായ ഭക്ഷണവിഭവങ്ങൾ ഏർപ്പാടാക്കി കൊടുത്തു. അഡീഷണലായി കൊഞ്ചും ഞണ്ടും വേണമെന്നുമുള്ള നിർദ്ദേശപ്രകാരം സമീപത്തുള്ള സിബി ഹോട്ടലിലെ ബാബു വഴി തരപ്പെടുത്തിക്കൊടുത്തു. ഏകദേശം രാത്രി 10 മണിയോടുകൂടി സലാമും സുഹൃത്തുക്കളും നാളെ രാവിലെ എത്താമെന്നു പറഞ്ഞ് വീടുകളിലേക്ക് പോയി. ഞാനും അനന്തൻ ചേട്ടനും കൂടി ഏകദേശം രാത്രി 11 മണി വരെ അവിടെയുണ്ടായിരുന്നു. തമാശകൾ പറഞ്ഞുരസിച്ചു. ഇതിനിടയിൽ വിഭവങ്ങൾ അദ്ദേഹം സ്വാദോടുകൂടി ഭക്ഷിക്കുന്നുണ്ടായിരുന്നു. 11 മണി കഴിഞ്ഞതോടുകൂടി ഞങ്ങളുമിറങ്ങി. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ എന്റെ ഫോൺ നമ്പരും കൊടുത്തു. കാരണം പ്രസ്തുത ഹോട്ടലിന്റെ തൊട്ടുകിഴക്ക് വശമായിരുന്നു അന്ന് ഞാൻ താമസിച്ചിരുന്നത്. മൊബൈൽ ഇല്ലാത്തതിനാൽ എന്റെ ലാൻഡ് ഫോൺ നമ്പരാണ് കൊടുത്തത്.
ഞാൻ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു ഉറക്കമായി. ഏകദേശം രാത്രി 12 മണിയായപ്പോൾ ഫോൺ അടിക്കുന്നു. എന്റെ മകൾ വീണയ്ക്ക് അന്ന് 9 വയസ്സ് പ്രായം. ഫോൺ നിരന്തരമായി അടിച്ചപ്പോൾ മോൾ ഫോണെടുത്തു. അവൾ ചോദിച്ചു: ആരാ? എന്തുവേണം ? മറുതലയ്ക്കൽ നിന്ന് ഞാൻ ഇന്നസെന്റാണ്. അച്ഛനെ ഒന്ന് വിളിക്കുമോളെ എന്നുപറഞ്ഞു. അച്ഛൻ ഉറക്കത്തിലാെണന്ന് മോൾ പറഞ്ഞപ്പോൾ അത്യാവശ്യമാണെന്നുപറ, ഒന്ന് വിളിച്ചു നോക്ക് മോളെ. അത്യാവശ്യമാണെന്ന് പറയണം എന്നു പറഞ്ഞു. മകൾ എന്നെ വിളിച്ചുണർത്തി. ഇന്നസെന്റ് എന്നയാൾ അച്ഛനെ വിളിക്കുന്നു. അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ ഞാൻ എത്തി ഫോൺ വാങ്ങി എന്തുപറ്റി സാറെ എന്നു ചോദിച്ചു. ഉടനെ ഇവിടെ വരണം, ഞാൻ മാത്രമേയുള്ളൂ. എനിക്ക് ഒരാവശ്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അങ്കലാപ്പിലായ ഞാൻ ഉടൻതന്നെ ഓടി അവിടെയെത്തി. എന്താ സാർ എന്ത് പറ്റി ?
എടാ- മോനെ എനിക്ക് ഞണ്ടുകറി വേണം. ഉള്ളതെല്ലാം തീർന്നു. ഞണ്ടുകൊള്ളാം. നല്ല രുചിയുണ്ട്.
ഞാനാകെ കുഴപ്പത്തിലായി. അപ്പോഴേക്കും രാത്രി പന്ത്രണ്ടര കഴിഞ്ഞു. എന്ത് ചെയ്യും? ഉടൻതന്നെ ഞാൻ പുറത്തിറങ്ങി. സിബി ഹോട്ടലിൽ എത്തി. ബാബു കടയുടെ നിരയൊക്കെ ഇട്ടു തീരാറായി. ബാബു തിരക്കി എന്തുപറ്റി ചേട്ടാ?
ബാബു എന്നെ ഒന്നു രക്ഷിക്കണം. ഇന്നസെന്റ് ചേട്ടന് വീണ്ടും ഞണ്ടുകറിവേണം. വളരെ നിർബന്ധത്തിലാണ്.
ജോലിക്കാരെല്ലാം പോയല്ലോ.
അത് പറഞ്ഞാൽ പറ്റില്ല. ബാബു തന്നെ കയറി ശരിയാക്കി തരണം. അദ്ദേഹം നമ്മുടെ അതിഥിയല്ലേ.
പാവം ബാബു കടയിൽ തിരിച്ചു കയറി. ഫ്രീസർ തുറന്ന് ഞണ്ടുതോടുകളെല്ലാം കളഞ്ഞു. മാംസം എടുത്ത് തോരൻപോലെയാക്കി. ഞങ്ങൾ രണ്ടാളും കൂടി മുറിയിൽ എത്തി. ഇന്നസെന്റിന് ഞണ്ടുകറി കൊടുത്തു. അപ്പോൾ എലി പുന്നെല്ലുകണ്ടപോലെ ഒരു പൊട്ടിച്ചിരി. മോനെ നിന്നെ ഞാൻ സമ്മതിച്ചുതന്നിരിക്കുന്നു.
ഇന്നസെന്റിന്റെ ആ സന്തോഷം, കണ്ണുകളിൽ കണ്ട പുഞ്ചിരി ഇന്നവയെല്ലാം എന്റെ ഓർമ്മയിൽ തെളിഞ്ഞുവരുന്നു.
അടുത്തദിവസം ഓച്ചിറയിലെത്തി കട ഉദ്ഘാടനവും മറ്റും ഭംഗിയായി നിർവ്വഹിച്ചു. കാറിൽ കയറിയ അദ്ദേഹം ഗ്ലാസ് താഴ്ത്തി എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞു: മറക്കില്ല ഞാൻ ഞണ്ടിന്റെ കാര്യം. നല്ല സ്വാദായിരുന്നു.
ടാറ്റാ പറഞ്ഞു അദ്ദേഹം പിരിഞ്ഞു.
സിബി ഹോട്ടലിലെ ഞണ്ടുകറി അന്നും ഇന്നും പ്രസിദ്ധമാണ്. സ്വാദിഷ്ടമായ സിബി ഹോട്ടലിലെ ഭക്ഷണം കഴിക്കാൻ രാഷ്ട്രീയ സാമൂഹ്യ- സിനിമാമേഖലയിലെ പ്രമുഖരെല്ലാം എത്തിയിരുന്ന ഒരു കാലം ഞാൻ ഓർക്കുന്നു. ബാബു ഇന്നില്ല. ആ നല്ല സ്‌നേഹിതന്റെ ഓർമ്മയുടെ മുൻപിൽ ബാഷ്പാഞ്ജലികൾ. തിരുവനന്തപുരം വഴുതക്കാട്ട് ബാബുവിന്റെ അനുജൻ രണ്ട് കടകൾ ഇതുപോലെ ഇപ്പോഴും നടത്തിവരുന്നു.