NEWS

മലയാളത്തിന്‍റെ ഗതിയില്ലാത്ത ആസ്ഥാന ആങ്ങള -ആനന്ദ് മന്മദന്‍

News

പൊന്മാനിലെ ബ്രൂണോ, എല്‍.യു.സിയിലെ ജിജി കോണ്‍ട്രാക്ടര്‍-  ആനന്ദ് മന്മദന്‍ ഹാപ്പിയാണ്

'ജയ ജയ ജയ ജയ ഹേ'യിലെ ഗതിയില്ലാത്ത ആങ്ങള, ഇപ്പോള്‍ 'പൊന്മാനി'ലെ ബ്രൂണോ.. അതും ഗതിയില്ലാത്ത ആങ്ങള... മലയാളത്തിലെ ഗതിയില്ലാത്ത ആസ്ഥാന ആങ്ങള...  സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളൊക്കെ രസമാണ്. ഞാന്‍ അതെല്ലാം എന്‍ജോയ് ചെയ്യുന്നുണ്ട്. അങ്ങനെയുള്ള ചര്‍ച്ചകളെ വളരെ പോസിറ്റീവായി മാത്രമാണ് എടുക്കാറുള്ളത്. അതിന്‍റെയെല്ലാം താഴെ വരുന്ന കമന്‍റുകള്‍ ഇയാള്‍ നന്നായി ചെയ്യുന്നുണ്ടല്ലോയെന്നൊക്കെയാണ്. പൊന്മാനിലെ ബ്രൂണോ, എല്‍.യു.സിയിലെ ജിജി കോണ്‍ട്രാക്ടര്‍... ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ആനന്ദ് മന്മദന്‍ ഹാപ്പിയാണ്.

ബ്രൂണോ തന്ന വിവരണം

ജ്യോതിഷേട്ടന് കൃത്യമായി അറിയാമായിരുന്നു ബ്രൂണോ എങ്ങനെയുള്ള ആളാണെന്ന്. എപ്പോള്‍ എന്ത് ചോദിച്ചാലും ബ്രൂണോ ഈ സമയത്ത് ഇങ്ങനെയാവും ചെയ്യുക എന്ന കൃത്യമായ മറുപടിയും ഉണ്ടായിരുന്നു. ഞാനും എവിടെയൊക്കെയോ കണ്ട മുഖമാണ് ബ്രൂണയുടേത്. കോളേജ് രാഷ്ട്രീയത്തില്‍ നിന്നെല്ലാം വന്നതുകൊണ്ട് ഇങ്ങനെയുള്ള ആരെയൊക്കെയോ കണ്ടിട്ടുണ്ട്. ബ്രൂണോ എന്തായാലും കോളേജില്‍ പോയിട്ടുണ്ടെങ്കില്‍ രാഷ്ട്രീയം ഉണ്ടായിരിക്കണം. ബ്രൂണോ എവിടെ നിന്നോ തുടങ്ങി, എവിടെയോ അവസാനിക്കുന്ന ഗ്രാഫുള്ള ഒരു കഥാപാത്രമാണ്. ഇതിനിടയില്‍ ഉയര്‍ന്നും താഴ്ന്നുമെല്ലാം പോകുന്ന കഥാപാത്രം. ശാരീരികമായും ഞാന്‍ ബ്രൂണോയുമായി ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ആ സമയത്ത്. ബ്രൂണോയ്ക്ക്  ഒരു പണിക്കും പോവാതെ തടിച്ചുകൊഴുത്തിരിക്കുന്ന ശരീരപ്രകൃതിയാണ്. ഞാന്‍ തടിച്ചിരിക്കുന്നത് കൊണ്ട് ഷര്‍ട്ട് അഴിച്ച് നടക്കാന്‍ ചമ്മലായിരുന്നെങ്കിലും പൊന്മാനില്‍ ആണെങ്കില്‍ കൂടുതല്‍ സമയവും ഷര്‍ട്ട് അഴിച്ചിടുന്നു ബ്രൂണോ.

ബേസില്‍ എന്‍റെ ലക്ക് ഫാക്ടര്‍

ബേസിലിനോടൊപ്പമുള്ള സിനിമകളിലെ എന്‍റെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബേസില്‍ എന്‍റെ ലക്ക് ഫാക്ടര്‍ എന്നുപറയാം.

കോണ്‍ട്രാക്ടര്‍ ജിജി ക്ലിക്കായി

വിഷ്ണു സംവിധാനം ചെയ്ത ലൗ അണ്ടര്‍ കണ്‍സ്ട്രക്ഷനിലെ ജിജി കോണ്‍ട്രാക്ടര്‍ വേഷം ക്ലിക്കായി. എല്‍.യു.സി പഴയ ഒരുപാട് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ഒരു വര്‍ക്കായിരുന്നു. നീരജ് മാധവനെ വളരെ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവര്‍ക്കും പരിചയമുള്ള വിനോദ് എന്ന ക്യാരക്ടറും  ഒരു ബ്രേക്കിനുശേഷം അജുവര്‍ഗീസ് ഹ്യൂമര്‍ റോള്‍ ചെയ്യുന്നുവെന്ന പ്രത്യേകതയും എല്‍.യു.സിയ്ക്കുണ്ടായിരുന്നു. പപ്പേട്ടന്‍ എന്ന ക്യാരക്ടര്‍ തികച്ചും എന്‍ജോയ് ചെയ്യിപ്പിച്ച വേഷമായിരുന്നു. ഒരുപാട് കാലമായി മലയാള സിനിമയില്‍ പണ്ട് ഉണ്ടായിരുന്ന പോലെ ഒരു കോണ്‍ട്രാക്ടര്‍ വേഷമെല്ലാം മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ സാറും ജഗതി സാറും ജഗദീഷ് സാറുമെല്ലാം ചെയ്ത പഴയ വേഷങ്ങള്‍ കൗതുകത്തോടെ നോക്കിക്കാണുന്നൊരാളാണ് ഞാന്‍. ഈ കോണ്‍ട്രാക്ടര്‍ വേഷവും നന്നായി ചെയ്യാന്‍ സാധിച്ചത് ഇത്തരത്തിലുള്ള ലെജന്‍സിനെയെല്ലാം ചെറുപ്പം മുതല്‍ നോക്കി ക്കണ്ടതും അവരുടെ കുഞ്ഞുസാധനങ്ങള്‍ പോലും ചെറുപ്പം മുതല്‍ നിരീക്ഷിച്ചതുകൊണ്ടായിരിക്കണം. ജിജി എന്നത് മുഴുനീള കിട്ടിയ വേഷമാണ്. സന്തോഷം തോന്നി. ജിജി ഉടായിപ്പാണോ അല്ലയോയെന്ന് തോന്നിപ്പിക്കുന്ന പോലെ ഒരാളാണ് അയാള്‍.

ഒടിടിയുടെ സാധ്യതകള്‍

ഒടിടി പ്ലാറ്റ്ഫോമിന്‍റെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നവരാണ് ഞങ്ങള്‍. സിനിമകള്‍ എപ്പോഴും സംഭവിക്കണമെന്നില്ല. ഈയൊരു സമയം കൊണ്ടുതന്നെ കുറച്ചധികം വെബ്സീരീസുകളുടെ ഭാഗമാവാന്‍ കഴിഞ്ഞിട്ടുണ്ട്. എപ്പോഴും വര്‍ക്ക് ഉണ്ടാവുന്ന സ്പേസാണ്. കഴിഞ്ഞവര്‍ഷം ആകെ രണ്ട് സിനിമയാണ് ഞാന്‍ ചെയ്തത്. അതേസമയം ഒരുപാട് വെബ് സീരീസുകള്‍ ചെയ്യാന്‍ കഴിഞ്ഞു. ആക്ടറെ സംബന്ധിച്ചിടത്തോളം ഇങ്ങനെ കുറെ പ്ലാറ്റ്ഫോമുകള്‍ ഉണ്ടാവുന്നത് നല്ലതാണ്.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടിയില്ല

ആങ്ങള വേഷങ്ങള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോയെന്ന പേടിയില്ല. ജയ ജയ ജയ ജയ ഹേയിലെ ജയയുടെ സഹോദരനാണെങ്കിലും പൊന്മാനിലെ സ്റ്റെഫിയുടെ സഹോദരന്‍ ആണെങ്കിലും രണ്ടുതലത്തിലുള്ളവരാണ്. ഏത് വേഷം ആണെങ്കിലും നമുക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസുണ്ടാകണം.

സ്താനാര്‍ത്തി ശ്രീക്കുട്ടന്‍

ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ആദ്യമായി സംഭവിക്കുന്ന ഫീച്ചര്‍ മൂവിയാണ് സ്താര്‍ത്തി ശ്രീക്കുട്ടന്‍ എന്നതില്‍ സന്തോഷമുണ്ട്. തിയേറ്ററില്‍ മൂന്നാഴ്ച കിടന്നെങ്കിലും അധികം ആള്‍ക്കാര്‍ കാണാത്ത സിനിമയാണ്. എന്നാല്‍ കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ്. സംവിധായകന്‍ വിനീഷ് വിശ്വനാഥ് മുതല്‍ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍റെ ഭാഗമായ എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായി ഒരു വീട്ടില്‍ ഒരുമിച്ച് കഴിഞ്ഞവരാണ്. എനിക്കൊപ്പം കൈലാഷും മുരളിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
 


LATEST VIDEOS

Interviews