ഹോളിവുഡ്ഡില്‍ എഞ്ചിനീയറിംഗ് കോഴ്സിന് ചേര്‍ന്നുപഠിക്കുമ്പോഴും വിഷ്ണുവിന്‍റെ മനസ്സ് നിറയെ സിനിമയായിരുന്നു. പഠനം പൂര്‍ത്തിയാക്കി തിരിച്ചുവരുമ്പോള്‍ അച്ഛന്‍ വിനയനോടൊപ്പം കൂടി. അച്ഛന്‍റെയൊപ്പം അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. പിന്നെ പ്രൊഡക്ഷന്‍റെ കാര്യങ്ങള്‍.. ഡിസ്ട്രിബ്യൂഷന്‍റെ കാര്യങ്ങള്‍... ഇങ്ങനെ സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും അച്ഛനെ സഹായിക്കുകയും ഒപ്പം സിനിമ പഠിക്കുകയും ചെയ്തുവന്നയാളാണ് വിഷ്ണു.
ഇതിനിടയില്‍ ഒരു സിനിമയില്‍ വിഷ്ണു നായകനായി അഭിനയിക്കുകയും ചെയ്തു. അച്ഛന്‍ സംവിധാനം ചെയ്ത 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചു.
പക്ഷേ, വിഷ്ണുവിന് അഭിനയമായിരുന്നില്ല ലക്ഷ്യം. അച്ഛനെപ്പോലെ ഒരു സംവിധായകനാകുക എന്നതായിരുന്നു ലക്ഷ്യവും ആഗ്രഹവും. അതിപ്പോള്‍ വിഷ്ണുവിന്‍റെ അരികിലേക്ക് വന്നുചേരുകയായിരുന്നു. 19-ാം നൂറ്റാണ്ടില്‍ അച്ഛനോടൊപ്പം അസിസ്റ്റന്‍റ് ഡയറക്ടറായി നിന്നതുമൊക്കെ നിര്‍മ്മാതാവ് ആന്‍റോ ജോസഫിന് അറിയാമായിരുന്നതുകൊണ്ട് അദ്ദേഹം ഒരിക്കല്‍ അഭിലാഷ് പിള്ളയുടെ കയ്യില്‍ രണ്ടുമൂന്ന് സബ്ജക്ടുണ്ട്, അതൊന്നുകേട്ടിട്ട് ഇഷ്ടപ്പെടുകയാണെങ്കില്‍ നമുക്ക് ചെയ്യാമെന്ന് പറഞ്ഞിരുന്നു.
ഇപ്പോള്‍ 'ആനന്ദ്- ശ്രീബാല' എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന വിഷ്ണു സംവിധായകനായി അരങ്ങേറ്റം കുറിച്ച സാഹചര്യത്തെക്കുറിച്ചും ആ നിമിഷങ്ങളെക്കുറിച്ചും പ്രതിപാദിക്കുകയായിരുന്ന വിഷ്ണു തുടര്‍ന്നു.
അര്‍ജ്ജുന്‍ അശോകനാണ് ആനന്ദ് ശ്രീബാലയായി അഭിനയിക്കുന്നത്. ആനന്ദ് ഒരു പോലീസുകാരനാകാന്‍ ആഗ്രഹിച്ചുനടക്കുന്ന ഒരു ചെറുപ്പക്കാരനാണ്. പക്ഷേ, പോലീസല്ല, അയാള്‍ക്ക് വേറെ ജോലിയുണ്ട്. എന്നാല്‍, പോലീസുകാര്‍ ഊര്‍ജ്ജസ്വലതയോടെയും സൂക്ഷ്മനിരീക്ഷണങ്ങളുമായും ചെയ്യുന്ന അതേ ആര്‍ജ്ജവത്തോടെയും ആവേശത്തോടെയുമാണ് ആനന്ദിന്‍റെ പ്രവര്‍ത്തനങ്ങള്‍.
അച്ഛനും അമ്മയും ഇല്ലാത്ത ആനന്ദ് പല പല ജോലികളാണ് ചെയ്യുന്നത്. കുറെ സുഹൃത്തുക്കളുമൊക്കെയുണ്ട്. പക്ഷേ, പുറമെ നിന്നൊന്ന് നോക്കിയാല്‍ അയാള്‍ക്കത്ര ബലമൊന്നുമില്ല. എന്നാല്‍, അയാളുടെ ചില ബുദ്ധിയും കഴിവും ഒക്കെ വച്ചുനോക്കിയാല്‍ അയാളുടെ ജീവിതമിങ്ങനെ മുന്നോട്ടുപോകുന്നുണ്ട്.
ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്. സസ്പെന്‍സുണ്ട്, പ്രണയമുണ്ട്. ഒരു ചാനലില്‍ റിപ്പോര്‍ട്ടറായി വര്‍ക്ക് ചെയ്യുന്ന പെണ്‍കുട്ടിയായ അപര്‍ണ്ണാദാസ് ഈ വേഷം ചെയ്യുന്നു.
സിദ്ധിഖ്, സൈജുക്കുറുപ്പ്, അര്‍ജ്ജുന്‍ അശോകന്‍, അപര്‍ണ്ണദാസ് എന്നിവരാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളെ നയിക്കുന്ന പ്രധാനികളെങ്കിലും കുറെ അഭിനേതാക്കള്‍ വേറെയുമുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ ഒരതിഥി വേഷം ചെയ്യുന്നു എന്നുള്ളതാണ് ഒരു വിശേഷത. ഇന്ദ്രന്‍സ്, അജുവര്‍ഗ്ഗീസ്, നന്ദു, മനോജ് കെ.യു, സലിം ഹസ്സന്‍, കൃഷ്ണ, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, ശിവദ, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിവരും അഭിനയിക്കുന്നു. 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ ശ്രദ്ധേയയായ നടി സംഗീത ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വിശേഷതയും ഈ സിനിമയ്ക്കുണ്ട്.
മാളികപ്പുറത്തിന് ശേഷം
'മാളികപ്പുറം' എന്ന സിനിമയ്ക്കുശേഷം അഭിലാഷ് പിള്ള തിരക്കഥയെഴുതുന്ന സിനിമയാണിത്. മാളികപ്പുറത്തിന്‍റേതായ ഫ്ളേവേഴ്സ് വരാതെ ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സിനിമയാണിത്. എങ്കിലും ഫാമിലി ഓഡിയന്‍സിന് പ്രാധാന്യം നല്‍കുന്ന സിനിമയുമാണ് ആനന്ദ് ശ്രീബാല.
ഒരുപാട് മനുഷ്യരുടെ ലൈഫിലൂടെ കയറിയിറങ്ങിപ്പോകുന്ന ഒരു കഥയാണിത്. അതില്‍ വരുന്ന പല കഥാപാത്രങ്ങളെയും കണക്ട് ചെയ്തുകൊണ്ടുപോകുന്ന ഒരു സിനിമ.- അഭിലാഷ് പിള്ള പറഞ്ഞു.
നിര്‍മ്മാതാക്കളായ ആന്‍റോജോസഫ്, വേണു കുന്നപ്പള്ളി എന്നിവരുമായി ചേര്‍ന്നുള്ള എന്‍റെ മൂന്നാമത്തെ സിനിമയാണിതെന്നും അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നുവെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.
22 വര്‍ഷങ്ങള്‍ക്കുശേഷം ഗുരുവും ശിഷ്യനും
ഈ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ്. 22 വര്‍ഷങ്ങള്‍ക്കുശേഷം ഞാനും ആന്‍റോജോസഫും കൂടി ഒരുമിക്കുന്ന സിനിമയാണിതെന്ന് ഷാജി പട്ടിക്കര കളമശ്ശേരിയില്‍ ലൊക്കേഷനില്‍ വച്ച് പറയുകയുണ്ടായി. ആന്‍റോ ജോസഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുമ്പോള്‍ കുറെ സിനിമകളില്‍ ഞാന്‍ ശിഷ്യനായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
നീലാകാശം നിറയെ, ഇന്ത്യാഗേറ്റ്, സി.എ. മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ശാന്തം, മൂന്ന് വിക്കറ്റും മുന്നൂറ് റണ്‍സും, ഈ നാട് ഇന്നലെ വരെ തുടങ്ങിയ സിനിമകളായിരുന്നു ഞങ്ങള്‍ ഒന്നിച്ചുചെയ്തിരുന്നത്. പിന്നീട് ടി.വി. ചന്ദ്രന്‍ സാറിന്‍റെ 'പാഠം ഒന്ന് ഒരു വിലാപം' എന്ന സിനിമയിലൂടെ ഷാജി ഇന്‍ഡിപെന്‍റന്‍റായതോടെ ആന്‍റോ ജോസഫ് കൂട്ടുകെട്ടില്‍ നിന്നും ഒരിടവേളയായി. പില്‍ക്കാലത്ത് അദ്ദേഹം നിര്‍മ്മാതാവായെങ്കിലും ഈ സിനിമയിലാണ് പിന്നെ ഞങ്ങളൊന്നിക്കുന്നതെന്നും ഷാജി പറയുകയുണ്ടായി.
ഗുരു നിര്‍മ്മാതാവാകുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുകയാണ്. ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്യുന്ന 104-ാമത്തെ സിനിമയാണിത്- ഷാജി പട്ടിക്കര അഭിപ്രായപ്പെട്ടു.
അണിയറയിലൂടെ...
ക്യാമറ വിഷ്ണു, സംഗീതം രഞ്ജിന്‍ രാജ്, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, കലാസംവിധാനം സാബുറാം, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, എഡിറ്റിംഗ് കിരണ്‍ദാസ്, സ്റ്റില്‍സ് ലിബിസണ്‍.എറണാകുളത്തും നാഗര്‍കോവിലുമായി ചിത്രം പൂര്‍ത്തിയാകുന്നു.
ജി. കൃഷ്ണന്‍
ഫോട്ടോ: സിനു കാക്കൂര്‍