തമിഴിൽ 2004-ൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് ‘7ജി റെയിൻബോ കോളനി’. തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകനായ സെൽവരാഘവാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവികൃഷണ, സോണിയാ അഗർവാൾ എന്നിവരായിരുന്നു കഥാനായകൻ, കഥാനായകിയായി അഭിനയിച്ചത്. യുവൻ ശങ്കർ രാജയായിരുന്നു സംഗീതം നൽകിയിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കി വരികയാണ് സെൽവരാഘവാൻ. ആദ്യ ഭാഗത്തിൽ അഭിനയിച്ച രവികൃഷ്‌ണ തന്നെയാണ് രണ്ടാം ഭാഗത്തിലും കഥാനായകനായി അഭിനയിക്കുന്നത്. കഥാനായകി കഥാപാത്രം അവതരിപ്പിക്കാൻ ആദ്യം സംവിധായകൻ ശങ്കറിന്റെ മകൾ അഥിതി ശങ്കറുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അഥിതി ശങ്കർ ഈ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതായാണ് അറിയുവാൻ കഴിയുന്നത്. ഇതിനെ തുടർന്ന് മലയാളി താരം അനശ്വര രാജനെയാണത്രെ കഥാനായകിയായി അഭിനയിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ചില മലയാള ചിത്രങ്ങൾക്ക് പുറമെ തൃഷ നായകിയായി വന്ന 'റാങ്കി', നൃത്ത സംവിധായികയായ ബ്രിന്ദാ സംവിധാനം ചെയ്ത 'തങ്സ്' തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് അനശ്വര രാജൻ എന്നുള്ളത് ശ്രദ്ധേയമാണ്. തമിഴിലും, തെലുങ്കിലും പുറത്തുവന്നു സൂപ്പർഹിറ്റായ പ്രണയ ചിത്രമാണ് ‘7ജി റെയിൻബോ കോളനി’. ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി പുറത്തുവന്നിട്ടുള്ള വാർത്തയെ തുടർന്ന് ചിത്രം എപ്പോൾ തിയേറ്ററുകളിൽ എത്തും എന്ന ആകാംക്ഷയിലാണ് സിനിമ ആരാധകർ.