തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ അജിത് 'തുണിവ്' എന്ന ചിത്തത്തിന് ശേഷം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. 'തടയറതാക്ക', 'മീഗാമൺ', 'തടം' തുടങ്ങിയ ചില വ്യത്യസ്‍ത ചിത്രങ്ങൾ സംവിധാനം ചെയ്ത മകിഴ് തിരുമേനിയാണ് ഈ ചിത്രം സംവിധാനം ചെയ്തു വരുന്നത്. ഇതിന്റെ ചിത്രീകരണം ഇപ്പോൾ വിദേശരാജ്യമായ അസർബൈജാനിൽ നടന്നു വരികയാണ്. അവിടെ സംഘട്ടന രംഗങ്ങളാണത്രെ ചിത്രീകരിച്ചു വരുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം നൽകുന്നത് എന്നും ഈ ചിത്രത്തിൽ അജിത്തിനൊപ്പം തൃഷയും, റെജീന കസാൻഡ്രയുമാണ് കഥാനായകികളായി അഭിനയിക്കുന്നത് എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ മൂന്നാമതായി തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത നടിയായ പ്രിയാ ഭവാനി ശങ്കറും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ താരത്തിന് എങ്ങിനെയുള്ള കഥാപാത്രമാണ് നൽകിയിരിക്കുന്നത് എന്നുള്ളത് കുറിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിന് മുൻപ് ഈ ചിത്രത്തിൽ അജിത് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നും ഇതിൽ ഒരു കഥാപാത്രം 50 വയസ്സിനു മുകളിലുള്ളതും, മറ്റേത് ഒരു യുവാവിന്റെ വേഷമാണെന്നുമുള്ള വാർത്തയും നൽകിയിരുന്നു. അജിത്തും, മകിഴ് തിരുമേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ അജിത്തിന്റെ ആരാധകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.