ആൻഡ്രിയയെ ഒരു ബഹുമുഖ പ്രതിഭയെന്നു തന്നെ വിശേഷിപ്പിക്കാം. ഒരു അഭിനേത്രി എന്നതോടൊപ്പം തന്നെ മികച്ച ഗായികയും സംഗീതജ്ഞയും കൂടിയാണ് ആൻഡ്രിയ. അഭിനയത്തോടൊപ്പം ആലാപനപാടവവും തെളിയിച്ച ആൻഡ്രിയയ്ക്ക് പക്ഷേ അഭിനയത്തിൽ തിരക്കോട് തിരക്കാണ്. പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച 'നോ എൻട്രി', ആദവ് കണ്ണദാസനൊപ്പം 'അനൽ മേലെ പനിതുളി' എന്നിവയോടൊപ്പം പുതിയ പ്രോജക്ടുകൾ താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ താരവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...
നായികാകഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വുമൺ സെൻട്രിക്ക് സിനിമകളിലാണല്ലോ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്..?
ഞാൻ മാത്രമല്ല അങ്ങനെ, ഇപ്പോഴത്തെ ട്രെൻഡ് അതാണല്ലോ? ഐശ്വര്യാരാജേഷ്, സമന്ത, സായ്പല്ലവി, നയൻതാര എന്നിങ്ങനെ എല്ലാവരേയും കേന്ദ്രീകരിച്ചുകൊണ്ട് സിനിമകൾ വന്നുകൊണ്ടിരിക്കുന്നില്ലേ? ഇത്തരം സിനിമകളിൽ ഹീറോമാരില്ല. അത് നല്ല കാര്യമാണ്. അതേസമയം ഞാൻ ഹീറോമാർക്ക് എതിരാണെന്നൊന്നും കരുതരുത്. ഹീറോയിസം സിനിമകൾ വരുന്നതോടൊപ്പം തന്നെ ഹീറോയിനിസമുള്ള സിനിമകളും വരട്ടെ എന്നാണ് ഞാൻ പറഞ്ഞതിന്റെ പൊരുൾ. ഇങ്ങനെവരുന്നത് സ്വാഭാവികമാണ് എന്ന ചിന്ത എപ്പോഴുണ്ടാവുന്നോ അപ്പോൾ മാത്രമേ സ്ത്രീസമത്വം ഉണ്ടാവുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം. അതുമാത്രമല്ല, എനിക്കായിട്ടുള്ള കഥകൾ എന്നെത്തേടി വരുമ്പോൾ മാത്രമേ ഞാൻ അഭിനയിക്കുന്നുള്ളൂ. അതാണ് എനിക്ക് സൗകര്യം. എനിക്ക് യോജിക്കാത്ത കഥയിൽ എന്നെ തിരുകി കയറ്റരുതല്ലോ?
അവാർഡുകളെക്കുറിച്ച്...?
തുറന്നു പറയുകയാണെങ്കിൽ ഒരു അവാർഡിനെക്കുറിച്ചും ഞാൻ ചിന്തിക്കാറേയില്ല എന്നതാണ് സത്യം. ഇതുവരെ എന്റെ വീട്ടിൽ ഒരു അവാർഡ് പോലും ഞാൻ വെച്ചിട്ടില്ല. എന്തിനധികം അവാർഡ് വാങ്ങുന്നതുപോലെയുള്ള ഒരു ഫോട്ടോപോലും വീട്ടിലില്ല. അത് എനിക്ക് പ്രധാനമല്ല എന്നാണ് ഞാൻ കരുതുന്നത്. എന്റെ ജോലിയെ ഞാൻ സ്‌നേഹിക്കുന്നു. അത് ഭംഗിയായി ചെയ്യുന്നു. അത്രമാത്രം.
ആൻഡ്രിയ ഇംഗ്ലീഷ് മ്യൂസിക് ആൽബം പുറത്തിറക്കിയല്ലോ. ഇനി തമിഴ് ഉൾപ്പെടെയുള്ള മറ്റുഭാഷകളിൽ എപ്പോഴാണ് ഇറങ്ങുക..?
സത്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്. എനിക്ക് തമിഴും മറ്റുഭാഷകളും എഴുതാനും വായിക്കാനും അറിയുമെന്നല്ലാതെ വാക്കുകൾ ആലോചിച്ച് എഴുതാനുള്ള രചനാസിദ്ധിയൊന്നുമില്ല.
പെൺകുട്ടികളുടെ ഇപ്പോഴത്തെ വസ്ത്രധാരണരീതിയെക്കുറിച്ചുള്ള വിവാദങ്ങൾ ശ്രദ്ധിച്ചിരുന്നുവോ?
ചില നാടുകളിൽ പർദ്ദ അണിയുന്നത് തെറ്റ്, ചില നാടുകളിൽ പർദ്ദ ധരിച്ചില്ലെങ്കിൽ ശിക്ഷ. പർദ്ദയാണോ പ്രധാനം അതോ പർദ്ദയ്ക്കുള്ളിലെ മാനുഷികതയാണോ പ്രധാനം. അടുത്തിടെ ഒരു ടീസർ റിലീസ് ചടങ്ങിൽ ആൻഡ്രിയയ്ക്ക് ധാരാളം ബോയ്ഫ്രണ്ട്‌സുണ്ട്, അവർക്ക് മാനത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് അവകാശം എന്ന് കമന്റുകൾ വന്നിരുന്നു. ഒരു കാര്യം അറിയാമോ? ഇങ്ങനെ നല്ലവരെപ്പോലെ കമന്റു ചെയ്യുന്നവരാണ് സെക്‌സ് സംബന്ധിച്ച വീഡിയോ പലതവണ കാണുന്നത്. മാനം എന്നുപറയുന്നത് ഞാൻ ധരിക്കുന്ന ഡ്രസ്സിലല്ല. എന്റെ ജീവിതരീതിയെ ആശ്രയിച്ചാണ്.
സിനിമയിൽ സ്ത്രീകൾക്കുവേണ്ടി വാദിക്കുന്ന പുരുഷന്മാർ സമൂഹത്തിൽ ശബ്ദിക്കുന്നുണ്ടോ?
പുരുഷന്മാരും ശബ്ദിക്കണം. ഒപ്പം തന്നെ ഓരോ ആണും തെറ്റും ശരിയും ഏതാണെന്ന് ചിന്തിക്കണം. എങ്കിലേ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് അറുതിയുണ്ടാവുകയുള്ളൂ. അതുവരെ സ്ത്രീകൾ തലകീഴായി നിന്നാലും അതിക്രമങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം ഉണ്ടാവില്ല.
ആൻഡ്രിയയെ ലേഡി ജെയിംസ് ബോണ്ട് എന്ന് വിശേഷിപ്പിക്കുന്നുണ്ടല്ലോ?
ആ വിശേഷണത്തെ എനിക്കും ഇഷ്ടമാണ്. അതുകൊണ്ട് ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനായ കഥകളും കേൾക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ആക്ഷൻ സിനിമ എന്റേതായി ഈ വർഷം ഉണ്ടാവും എന്ന് ഞാൻ കരുതുന്നു.
ഇന്ന് എല്ലാ മേഖലയിലും പെൺകുട്ടികൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ സിനിമയിലെ പെണ്ണുങ്ങളെക്കുറിച്ചാണല്ലോ തെറ്റായ കാഴ്ചപ്പാടുള്ളത്?
അത് സിനിമയുടെ തുടക്കകാലം തൊട്ടേ ഉള്ള കാര്യമാണ്. അതിനെ ഞാൻ വകവയ്ക്കാറില്ല. അതൊക്കെ താണ്ടി വന്നതുകൊണ്ട് അതിനെക്കുറിച്ച് ആലോചിക്കാറുമില്ല. ആരും എന്തും പറഞ്ഞുകൊള്ളട്ടെ.
ആൻഡ്രിയ യഥാർത്ഥത്തിൽ ധൈര്യവതിയാണോ?
മനസ്സിൽ ഭയം വെച്ചിട്ട് പുറത്ത് ധൈര്യം കാണിക്കാൻ മാത്രം ഞാൻ അത്ര വലിയ നടിയൊന്നുമല്ല. യഥാർത്ഥ ജീവിതത്തിൽ എനിക്ക് അഭിനയിക്കാൻ അറിഞ്ഞുകൂടാ. എനിക്ക് എന്ത് ശരി എന്ന് തോന്നുന്നോ അങ്ങനെ ജീവിക്കുന്നു. അങ്ങനയെ ജീവിക്കൂ..
അജയ്കുമാർ