ധനുഷിന്റെതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ക്യാപ്റ്റൻ മില്ലർ' ആണ്. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രത്തിന്റെ ടീസർ ഈയിടെ പുറത്തുവരികയും അത് വൈറലാകുകയും ചെയ്തിരുന്നു. അടുത്ത് തന്നെ ഈ ചിത്രം റിലീസാകാനിരിക്കുകയാണ്. ഇതിനെ തുടർന്ന് ധനുഷ് ഇപ്പോൾ തന്റെ 50-ാമത്തെ ചിത്രത്തിന്റെ ജോലിത്തിരക്കിലാണ്. ധനുഷ് തന്നെ സംവിധാനം, ചെയ്തു, ഒരു പ്രധാന കഥാപാത്രത്തിലും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നടന്നു വരികയാണ്. ധനുഷിനൊപ്പം വിഷ്ണു വിഷാൽ, സെൽവരാഘവൻ, അപർണാ ബാലമുരളി, തുഷാര വിജയൻ, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ ഇപ്പോൾ മറ്റൊരു മലയാളി താരമായ അനികാ സുരേന്ദ്രനും ജോയിൻ ചെയ്തിട്ടുണ്ട് എന്നുള്ള ഒരു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ പ്രശസ്ത ബാനറായ 'സൺ പിക്‌ചേഴ്‌സ്' നിർമ്മിക്കുന്ന ഈ ചിത്രം വടക്കൻ ചെന്നൈ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ഇതിൽ വടക്കൻ ചെന്നൈക്കാരിയായ സ്ത്രീയായിട്ടാണത്രെ അനികാ സുരേന്ദ്രൻ അഭിനയിക്കുന്നത്. അജിത്തിനൊപ്പം 'എന്നൈ അറിന്താൽ', 'വിശ്വാസം' തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച അനിക സുരേന്ദ്രന് ഈയിടെ തെലുങ്കിലും, മലയാളത്തിലും നായികയാകാൻ അവസരം ലഭിച്ചെങ്കിലും ഈ ചിത്രങ്ങൾ മൂലം അത്ര തിളങ്ങാൻ സാധിച്ചില്ല. പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മൂലം അടിക്കടി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള അനികാ സുരേന്ദ്രൻ കുറച്ചു നയൻതാരയുടെ മുഖച്ഛായയിൽ ഉള്ളതിനാൽ കോളിവുഡിൽ ഇവർക്ക് 'ചിന്ന നയൻതാര' എന്ന ഒരു വിളിപ്പേരും ഉണ്ട്. അനികാ സുരേന്ദ്രൻ ധനുഷിനൊപ്പം അഭിനയിക്കുന്നത് ഇത് ആദ്യമാണ്.