. തമിഴ് സിനിമയിലെ ഇപ്പോഴത്തെ മോസ്റ്റ് വാണ്ടഡ് സംഗീത സംവിധായകനാണ് അനിരുദ്ധ്. സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന നിറയെ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിവരുന്ന അനിരുദ്ധിന്റേതായി അടുത്തടുത്ത്, അതായത് അടുത്ത മൂന്ന് മാസങ്ങളിയായി മൂന്ന് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് റിലീസാകാനിരിക്കുന്നത്. അതിൽ ഒന്നാമത്തെ ചിത്രം രജിനികാന്ത് നായകനാകുന്ന, മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്ന 'ജയിലർ' ആണ്. ഒരുപാട് വിമർശനങ്ങൾ നേരിട്ട 'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് 'ജയിലർ'. 'ബീസ്റ്റി'ന് നേരെയുണ്ടായ വിമർശനങ്ങൾക്ക് മറുപടിയായും, തന്റെ സ്ഥാനം വീണ്ടെടുക്കാൻ ഉപയോഗിക്കുന്ന ഒരു ബ്രഹ്മാസ്ത്രമായുമാണ് നെൽസൺ 'ജയിലർ' ഒരുക്കിയിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്. രജനികാന്ത്, മോഹൻലാൽ, ശിവരാജ്‌കുമാർ, ജാക്കി ഷെറാഫ്, സുനിൽ, തമന്ന തുടങ്ങി വൻ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധിന്റെ സംഗീതത്തിൽ ഈയിടെ പുറത്തുവന്ന 'കാവാലയാ' എന്ന സോങ് ഹിറ്റായിരിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 10-ന് 'ജയിലർ' റിലീസാകാനിരിക്കുകയാണ്.
വിജയ് നായകനായി 2019-ൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'ബിഗിൽ' എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലി
ഹിന്ദിയിൽ സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് 'ജവാൻ'. ഷാരൂഖാൻ, നയൻതാരാ, ദീപികാ പദുകോൺ, വിജയസേതുപതി, യോഗി ബാബു, പ്രിയാമണി തുടങ്ങി ഈ ചിത്രത്തിലും വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യത്തെ ഹിന്ദി ചിത്രംപോലെ തന്നെ അനിരുദ്ധ് സംഗീതം നൽകുന്ന ആദ്യത്തെ ഹിന്ദി ചിത്രമാണ് 'ജവാൻ'. അതുകൊണ്ടു തന്നെ വൻ പ്രതീക്ഷയോടെ ഒരുങ്ങിവരുന്ന ചിത്രമാണ് 'ജവാൻ'. ഈ ചിത്രത്തിന്റെ ടീസർ ഈയിടെ പുറത്തുവന്നു വൻ പ്രതികരണം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ ചിത്രം സെപ്റ്റംബർ 7-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതുപോലെ മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം തമിഴ് സിനിമയിലെ മോസ്റ്റ് വാണ്ടഡ് സംവിധായകനായ ലോഗേഷ് കനകരാജുവും, വിജയ്‍യും വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ലിയോ'. കമൽഹാസ്സനെ നായകനാക്കി 'വിക്രം' എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും, വിജയ്, തൃഷ, മിഷ്കിൻ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം എന്ന നിലയിലും വൻ പ്രതീക്ഷ ഉണ്ടാക്കിയിരിക്കുന്ന 'ലിയോ'ക്കും അനിരുദ്ധ് തന്നെയാണ് സംഗിതം ഒരുക്കിയിരിക്കുന്നത്.
ഈ ചിത്രം ഒക്ടോബർ 19-ന് റിലീസ് ചെയ്യും.
ഇങ്ങനെ മൂന്ന് വമ്പൻ ചിത്രങ്ങളാണ് അനിരുദ്ധ് സംഗീതം നൽകി അടുത്തടുത്ത് റിലീസാകാനിരിക്കുന്നത്. ഇത് കൂടാതെ ശങ്കർ, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ഇന്ത്യൻ-2', അജിത്, മകിഴ് തിരുമേനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വിടാമുയർച്ചി' തുടങ്ങി മറ്റു ചില വമ്പൻ ചിത്രങ്ങൾക്കും അനിരുദ്ധ് സംഗീതം ഒരുക്കി വരുന്നുണ്ട്.