ചീറ്റയ്ക്ക് കേരളത്തിൽ വേണ്ട രീതിയിൽ സ്വീകാര്യത കിട്ടിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രൊമോഷനിടെ സിദ്ധാർത്ഥ് പറഞ്ഞിരുന്നു. ആയിരം പേർ ഈ സിനിമ കണ്ടാൽ അത്രയും പേർക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്ന്. അത് ഞങ്ങളുടെ ടീമിന്റെ ആത്മവിശ്വാസമായിരുന്നു. സ്റ്റേറ്റ് അവാർഡ് കിട്ടിയ ബെൻ സിനിമയിലെയും ദൃശ്യം സിനിമയിലെയും പെർഫോമൻസിനുശേഷം അതുപോലെ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും കിട്ടുന്ന മറ്റൊരു സിനിമയാണ് ചീറ്റ. അത്രയേറെ ഫോൺകോളുകളാണ് ഈ സിനിമയുടെ പേരിൽ എന്നെ തേടി വരുന്നത്. പക്ഷേ ഇവിടുത്തെ തീയേറ്ററുകളിൽ വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമായിരുന്നു ഈ സിനിമ കാണാനുണ്ടായിരുന്നതെന്ന് വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. കുറച്ചുകൂടെ ആൾക്കാരിലേക്ക് ഇത് എത്തിപ്പെടണമായിരുന്നു. അത്രയധികം റെലവന്റായ കണ്ടന്റാണ് സിനിമ സംസാരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കേരളത്തിലെ ഇത്രയും ആൾക്കാർ ചീറ്റ കണ്ടത്. ഇനി ഒരുപക്ഷേ ഒ.ടി.ടിയിൽ സിനിമ എത്തുമ്പോൾ ചീറ്റയെ കുറിച്ച് ഒരുപാടുപേർ സംസാരിക്കുമെന്ന വിശ്വാസമുണ്ട്. അഞ്ജലിനായർ മലയാളികൾക്ക് വീട്ടിലൊരാളെ പോലെയാണ്. മലയാളത്തിൽ ഒട്ടേറെ സിനിമകൾ ചെയ്ത അഞ്ജലി തമിഴകത്തും തന്റേതായ സ്‌പേസ് കണ്ടെത്തിയ അഭിനേത്രിയാണ്. ഇപ്പോളിതാ അരുൺകുമാർ സംവിധാനം ചെയ്ത് സിദ്ധാർത്ഥ് നായകനായി എത്തിയ ചീറ്റ എന്ന ചിത്രത്തിൽ സുപ്രധാനവേഷത്തിൽ തിളങ്ങിയിരിക്കുകയാണ് അഞ്ജലി. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും കന്നഡയിലും ചീറ്റ എത്തിയപ്പോൾ മലയാളത്തിന്റെ അഭിമാനമായി മാറിയിക്കുകയാണ് അഞ്ജലി നായർ. തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഞ്ജലി നായർ.
സുന്ദരിയുടെ അമ്മ
സിനിമ കണ്ടവർക്കറിയാം സുന്ദരിയും അവളുടെ ചീറ്റയായി വേഷമിട്ട സിദ്ധാർത്ഥും തമ്മിലുള്ള ബോണ്ട്. അവർക്ക് രണ്ടുപേർക്കുമിടയിലെ മറ്റൊരാൾ അത് സുന്ദരിയുടെ അമ്മയാണ്. ഷൂട്ട് നടക്കുന്ന സമയത്ത് ഞാനൊരു പെൺകുട്ടികളുടെ അമ്മയാണ്. മറ്റൊരു കുട്ടിയെ ഗർഭാവസ്ഥയിൽ കൊണ്ടുനടക്കുകയാണ്. അതുകൊണ്ടുതന്നെ സുന്ദരിയുടെ അമ്മയെന്ന വേഷം കുറേക്കൂടെ എനിക്ക് ഭംഗിയാക്കാൻ കഴിഞ്ഞുവെന്നാണ് തോന്നിയത്. സ്‌നേഹവും വാത്സല്യവും ദേഷ്യവും വേവലാതികളും നിറഞ്ഞ വെറും സാധാരണയായ ഒരു അമ്മ. ഭർത്താവ് മരിക്കുന്നു. ഭർത്താവിന്റെ അനിയനെ സ്വന്തം സഹോദരനെപോലെ കാണുന്നു. സുന്ദരിയും അവളുടെ ചീറ്റയും രാത്രി ഒരുമിച്ച് കിടന്നുറങ്ങുമ്പോൾ അവൾ ഉറങ്ങി കഴിഞ്ഞതിന് ശേഷം അവളെ എടുത്ത് ആ അമ്മ മാറോട് ചേർത്തുപിടിച്ചു ഉറങ്ങുന്ന ഒരു സീനുണ്ട്. അതിൽതന്നെ എല്ലാം പറയാതെ പറയുന്നുണ്ട്. എന്റെ കരിയറിലെ ബെസ്റ്റ് കഥാപാത്രമാണ് സുന്ദരിയുടെ അമ്മയെന്നത് നിസ്സംശയം പറയാം. ഇതിനോടകം തന്നെ ഒരുപാട് പ്രശംസകൾ തേടിയെത്തി. വളരെ കുറച്ച് സ്‌ക്രീൻ സ്‌പേസുള്ള സിനിമകളിൽ വരെ അഭിനയിച്ചിട്ടുണ്ട്. അതുവച്ചുനോക്കുമ്പോൾ നായകനൊപ്പം മുഴുനീള വേഷം ചെയ്യുന്നുവെന്നത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. മറ്റ് ഭാഷകളിലേക്കും, സിനിമാ റീച്ച് ആയപ്പോൾ അവിടെയുള്ളവരും നമ്മുടെ പെർഫോമൻസ് കാണുന്നുവെന്നതും അഭിമാനം നൽകുന്ന മറ്റൊരു കാര്യമാണ്. ഇനിയും ഒരുപാടുപേരിൽ ഇത്രയും സമകാലിക വിഷയം സംസാരിച്ച് ചീറ്റ എത്തണമെന്നതാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ സിനിമയായതുകൊണ്ടല്ല ഇത്ര നല്ല കണ്ടന്റുള്ള ഒരു ചിത്രം ആരും ശ്രദ്ധിക്കാതെ പോവരുത് എന്നുള്ളതുകൊണ്ടാണ്.
ഗർഭിണിയായി അഭിനയിച്ചു
ഇതെനിക്കെന്റെ പ്രിയപ്പെട്ടതെന്ന് പറയുന്നതിലെ മറ്റൊരു കാരണം എന്റെ രണ്ടാമത്തെ മോളെ ഗർഭിണിയായിരിക്കെയാണ് ചീറ്റയിൽ അഭിനയിക്കുന്നതെന്നാണ്. ദൃശ്യം കണ്ടാണ് എനിക്ക് ചീറ്റയിലേക്ക് കാൾ വരുന്നത്. ദൃശ്യത്തിലെ ഫസ്റ്റ് ഹാഫിലെ ഡൾ ലുക്ക് കണ്ടാണ് എന്നെ വിളിക്കുന്നതും. ഇതിലും അത്തരത്തിലുള്ള ഒരു വേഷമായിരുന്നല്ലോ. എന്നാൽ ഷൂട്ട് തുടങ്ങിയാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത.് അറിഞ്ഞപ്പോൾ ഇതെങ്ങനെ പ്രെസന്റ് ചെയ്യുമെന്ന പേടിയുണ്ടായിരുന്നു. എനിക്ക് കിട്ടിയ ഇത്രയും നല്ല വേഷം നഷ്ടപ്പെട്ടുപോവുമോയെന്നൊക്കെ ചിന്തിച്ചു. എന്നാൽ പറഞ്ഞപ്പോൾ അവരൊക്കെ എന്നെക്കാൾ ഹാപ്പിയായി. പിന്നീട് എനിക്ക് അത്രയധികം കെയർ അവർ തന്നു. ഒരു ഗർഭിണിയെന്ന കൺസിഡേറഷനിൽ തന്നു. വയറ് കൂടി വന്നപ്പോൾ അതിൽ ഇടുന്ന കോസ്റ്റ്യൂംസിനൊപ്പം തന്നെ ഫ്രെയിം വയ്ക്കുമ്പോഴെല്ലാം എന്റെ വയറ് കാണാത്ത രീതിയിലെല്ലാം അവർ കാര്യങ്ങൾ സെറ്റ് ചെയ്തു. അങ്ങനെയെല്ലാം നമുക്ക് സ്‌പേസ് കിട്ടുക എന്നത് വലിയ കാര്യമാണ്. പിന്നെ സെറ്റിൽ ഹസ്ബന്റും ഉണ്ടായിരുന്നു. ഹെൽപ് ചെയ്യാൻ. അതുകൊണ്ട് തന്നെ ഏത് കാലത്തും ചീറ്റയിലെ സുന്ദരിയുടെ അമ്മയെ ഓർക്കുമ്പോൾ കുറച്ചു സ്‌പെഷ്യലായിരിക്കും.
ദൃശ്യം തന്ന പകിട്ട്
ദൃശ്യം എന്നെ സംബന്ധിച്ച് ഒരു ഭാഗ്യചിത്രമാണ്. ജീത്തു സാർ, മോഹൻലാൽ സാർ, മുരളിഗോപി സാർ അങ്ങനെ മലയാള സിനിമയിലെ എല്ലാവരും ആരാധനയോടെ നോക്കി ക്കാണുന്ന ഇവർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. ഫസ്റ്റ് ഹാഫിൽ ഒരു ലുക്കും സെക്കന്റ് ഹാഫിൽ പോലീസ്‌വേഷവും, തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. ആദ്യ പകുതിയിലെ ഡൾ മേക്കപ്പ് ലുക്ക് എന്നെ പല സിനിമകളിലും പ്രേക്ഷകർ കണ്ടിട്ടുള്ളതുകൊണ്ട് സെക്കന്റ് ഹാഫിലെ ട്വിസ്റ്റ് എല്ലാവർക്കും ഞെട്ടലായിരുന്നു. ഇന്നും ആര് സംസരിക്കുമ്പോഴും ദൃശ്യത്തിലെ ആ വേഷത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എനിക്കും സംതൃപ്തി നൽകിയ ഒരു കഥാപാത്രമായിരുന്നു. ക്രൈം ഫാമിലി ത്രില്ലർ ഗണത്തിലെ മലയാളത്തിലെ ബെസ്റ്റ് മൂവിയാണ് ദൃശ്യം. അതിന്റെ രണ്ടാം ഭാഗത്തിൽ സുപ്രധാനവേഷം ചെയ്യാൻ കഴിഞ്ഞത് അനുഗൃഹീതമായ കാര്യമാണ്.
കൂടുതൽ സെലക്ടീവായതല്ല
മലയാളത്തിൽ വാതിലാണ് അവസാനമായി റിലീസിനെത്തിയ ചിത്രം. സിനിമയിൽ എപ്പോഴും അതിനകത്തെ സൗഹൃദങ്ങൾ കീപ്പ് ചെയ്തുകൊണ്ടുപോകുന്നവർക്ക് മാത്രമാണ് കൂടുതൽ അവസരം ലഭിക്കാറുള്ളത്. ഞാനാണെങ്കിൽ ആ കാര്യത്തിൽ ഭയങ്കര മോശമാണ്. കൂടുതൽ സമയവും ഫാമിലിക്കൊപ്പം ചെലവഴിക്കുന്ന ആളാണ്.
മകൾ ആവണി എന്നെക്കാൾ തിരക്കിലാണ്
എന്നെക്കാൾ വേഗത്തിൽ നല്ല നല്ല കഥാപാത്രങ്ങളുമായിട്ടാണ് ആവണി ഇൻഡസ്ട്രിയിൽ തിരക്കിലാവുന്നത്. അഞ്ച് സുന്ദരികൾ എന്ന സിനിമയിലൂടെയാണ് അവൾ അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഇപ്പോൾ ഫീനിക്‌സ് സിനിമയിൽ അജുവർഗ്ഗീസിന്റെ മോളോയും, ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പടത്തിൽ ദിലീഷ് പോത്തന്റെ മകളായും അഭിനയിക്കുന്നുണ്ട്. അതിനിടയിൽ പെന്റുലം എന്ന സിനിമയിൽ വിജയ് ബാബുവിന്റെ മകളായി അഭിനയിച്ചു. കൂടാതെ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ നായികയുടെ ചെറുപ്പകാലമായി അഭിനയിച്ചു. ആ നിലയ്ക്ക് എന്നെക്കാൾ സ്‌ക്രീൻ പ്രസൻസും കരിയർ ഗ്രോത്തുമുള്ളത് അവൾക്കാണ്. ലൊക്കേഷനിലെല്ലാം അവളുടെ കൂടെ പോകുന്നത് എന്റെ അമ്മയാണ്. അവൾ വേഗത്തിൽ അഭിനയം പഠിച്ചെടുക്കുന്നുണ്ട്. അതുപോലെതന്നെ എന്റെ ഭർത്താവ് അജിത് ആഡ് ഫിലിം മേക്കറാണ്. ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുവാനായി സ്‌ക്രിപ്‌റ്റെഴുതിക്കൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങളെല്ലാവരും സിനിമാക്കാരാണ്. ഞങ്ങളെല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ചുകൊണ്ടാണ് മുൻപോട്ടുപോകുന്നത്. ആ ഒരു കംഫർട്ട് സോണിലാണ് എല്ലാവരും കരിയർ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇളയമകളുടെ പേര് ആദ്വിക എന്നാണ്.
ബിന്ദു പി.പി